
സ്വന്തം ലേഖകൻ: യുഎസിൽ മുതിർന്ന 50% പേർക്കും കോവിഡ് വാക്സീൻ നൽകി കഴിഞ്ഞതായി മേയ് 25 ചൊവ്വാഴ്ച പുറത്തിറക്കിയ പ്രസ്താവനയിൽ വൈറ്റ് ഹൗസ് വെളിപ്പെടുത്തി. മേയ് 25 ന് ലഭ്യമായ ഔദ്യോഗിക കണക്കനുസരിച്ചു 130.6 മില്യൺ അമേരിക്കക്കാർക്ക് പൂർണ്ണമായും വാക്സീൻ നൽകി കഴിഞ്ഞു. ജൂലൈമ4 നു മുമ്പു 160 മില്യൺ പേർക്ക് വാക്സിൻ നൽകുന്നതിനുള്ള നടപടികളാണു സ്വീകരിച്ചിരിക്കുന്നതെന്നു പ്രസിഡന്റ് ബൈഡൻ പറഞ്ഞു.
എത്രയും വേഗം എല്ലാവരും വാക്സിൻ സ്വീകരിക്കണമെന്നും പ്രസിഡന്റ് കൂട്ടിച്ചേർത്തു.അമേരിക്കൻ ജനസംഖ്യയിൽ 49.4 ശതമാനം 12നും മുകളിലുള്ളവരാണ്.ഫൈസർ വാക്സീൻ മാത്രമാണ് ഇതുവരെ യുവജനങ്ങൾക്കു നൽകുന്നതിനുള്ള അംഗീകാരം നൽകിയിരിക്കുന്നത്. മൊഡേണ ഇതുവരെ 18 വയസ്സിനു താഴെയുള്ളവർക്കു നൽകുന്നതിന് അനുമതി ലഭിച്ചിട്ടില്ല.
വാക്സിനെ കുറിച്ചു ചെറിയ ആശങ്കകൾ പല ഭാഗത്തു നിന്നും ഉയരുന്നുവെങ്കിലും അതു അത്ര ഗൗരവമായി എടുക്കേണ്ടതില്ലെന്നും, വാക്സിനേഷൻ സ്വീകരിക്കുന്നതിന് അതൊരു തടസ്സമാകരുതെന്നു സിഡിസി അധികൃതർ അറിയിച്ചു. വൈറസിനെ പ്രതിരോധിക്കുന്നതിന് അമേരിക്കയിലെ 70–85% പേരെങ്കിലും വാക്സീൻ സ്വീകരിക്കണമെന്നും ബൈഡൻ പറഞ്ഞു.
വാക്സിൻ സ്വീകരിക്കേണ്ടതിനെ കുറിച്ചു ബോധവൽക്കരണ സെമിനാറുകളും സംഘടിപ്പിക്കണമെന്നും പ്രസിഡൻ്റ് കൂട്ടിച്ചേർത്തു. ബൈഡൻ അധികാരമേൽക്കുമ്പോൾ ഒരുശതമാനത്തിന് പോലും വാക്സീൻ ലഭിച്ചിരുന്നില്ല. ലോകത്ത് കോവിഡ് ഏറ്റവും രൂക്ഷമായി ബാധിച്ച രാജ്യങ്ങളിലൊന്നാണ് അമേരിക്ക. 3.39 കോടി പേർക്കാണ് യു.എസിൽ രോഗം ബാധിച്ചത്. ആറ് ലക്ഷത്തിലേറെയാണ് ആകെ മരണം. നിലവിൽ 57 ലക്ഷത്തിലേറെ പേരാണ് ചികിത്സയിൽ തുടരുന്നത്.
യുഎസിൽ പൊലീസ് അതിക്രമത്തിൽ കറുത്തവർഗക്കാരൻ ജോർജ് ഫ്ലോയ്ഡ് കൊല്ലപ്പെട്ടതിന്റെ ഒന്നാം വാർഷിക ദിനത്തിൽ കുടുംബം, പ്രസിഡന്റ് ജോ ബൈഡനുമായി കൂടിക്കാഴ്ചയ്ക്കു വൈറ്റ് ഹൗസിലെത്തി. ഫ്ലോയ്ഡിന്റെ ചരമവാർഷികത്തോടനുബന്ധിച്ച് കുടുംബത്തെ ബൈഡൻ വൈറ്റ് ഹൗസിലേക്കു ക്ഷണിച്ചിരുന്നു. യുഎസ് ജനപ്രതിനിധിസഭാ സ്പീക്കർ നാൻസി പെലോസിയുമായും കുടുംബം കൂടിക്കാഴ്ച നടത്തി.
കഴിഞ്ഞ വർഷം മേയ് 25നാണു ഫ്ലോയ്ഡ് കൊല്ലപ്പെട്ടത്. പൊലീസ് ഓഫിസർ ഡെറെക് ഷോവിൻ തെരുവിൽവച്ചു കഴുത്തിൽ 9 മിനിറ്റിലേറെ കാൽമുട്ട് അമർത്തിയതിനെത്തുടർന്നു ശ്വാസം മുട്ടിയാണു ഫ്ലോയ്ഡ് മരിച്ചത്. യുഎസിലെങ്ങും മാസങ്ങൾ നീണ്ട വംശീയവിരുദ്ധ പ്രക്ഷോഭം നടന്നു. ഷോവിനെ കഴിഞ്ഞ മാസം കോടതി ശിക്ഷിച്ചിരുന്നു.
മിനിയപ്പലിസിൽ ഫ്ലോയ്ഡ് കൊല്ലപ്പെട്ടിടത്ത് ഇന്നലെ വെടിവയ്പുണ്ടായി. ആളുകൾ ഒത്തുകൂടാനിരിക്കെയാണ് ‘ജോർജ് ഫ്ലോയ്ഡ് സ്ക്വയറി’ൽ വെടിവയ്പുണ്ടായത്. ഒരാൾക്കു പരുക്കേറ്റു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല