1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 21, 2021

സ്വന്തം ലേഖകൻ: അമേരിക്കയില്‍ വീണ്ടും കേസുകള്‍ കുത്തനെ ഉയരുന്നു. കഴിഞ്ഞ ഒരാഴ്ചയായി പ്രതിദിന കോവിഡ് കേസുകളില്‍ ഭയാനകമായ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. പല ദിവസങ്ങളിലും ഒരു ലക്ഷത്തിന് മുകളിലാണ് കോവിഡ് ബാധിതരുടെ എണ്ണം. കഴിഞ്ഞ ഏഴു ദിവസത്തെ ശരാശരി പ്രതിദിന രോഗബാധിതരുടെ എണ്ണം 95,000 ആണ്.

കഴിഞ്ഞ മാസത്തെ അപേക്ഷിച്ച് 50% വര്‍ധന രോഗികളുടെ എണ്ണത്തില്‍ ഉണ്ടായിട്ടുണ്ട്. അവധി ആഘോഷിക്കാനായി ജനങ്ങള്‍ നിയന്ത്രണങ്ങളെല്ലാം ലംഘിച്ച് പുറത്തിറങ്ങിയതാണ് സ്ഥിതി രൂക്ഷമാക്കിയതെന്നാണ് ആരോഗ്യ വകുപ്പിന്റെ നിഗമനം.

മഞ്ഞുകാലത്ത് കോവിഡ് രൂക്ഷമാകാതിരിക്കാ‍ൻ വാക്സീൻ ബൂസ്റ്റർ ഡോസ് യോഗ്യത 18 വയസ്സിനു മുകളിലുളള എല്ലാവർക്കുമായി വിപുലപ്പെടുത്തി ബൈഡൻ സർക്കാർ പുതിയ ഉത്തരവിറക്കി. 50 വയസ്സിനു മുകളിലുള്ളവരെ വിശേഷിച്ചും ബൂസ്റ്ററിനു പ്രോത്സാഹിപ്പിക്കണമെന്നും സെന്റേഴ്സ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ (സിഡിസി) നിർദേശമുണ്ട്.

അതേസമയം, കോവിഡ് വ്യാപിച്ചതോടെ പടിഞ്ഞാറന്‍ യൂറോപ്യന്‍ രാജ്യമായ ഓസ്ട്രിയയില്‍ വീണ്ടും ലോക്ഡൗണ്‍ ഏര്‍പ്പെടുത്തുന്നു. അയല്‍രാജ്യമായ ജര്‍മനിയും ഉടന്‍ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തിയേക്കുമെന്നാണ് റിപ്പോര്‍ട്ട്. കോവിഡിന്റെ നാലാം തരംഗം വ്യാപിച്ചതോടെ വീണ്ടും ലോക്ഡൗണ്‍ ഏര്‍പ്പെടുത്തേണ്ടി വരുമെന്ന് ജര്‍മന്‍ ആരോഗ്യമന്ത്രി ജെന്‍സ് സ്പാന്‍ പറഞ്ഞു. സാമൂഹ്യ സമ്പര്‍ക്കം കുറക്കണമെന്നും വാക്സിനേഷന്‍ സ്വീകരിച്ചതുകൊണ്ട് മാത്രം കോവിഡിനെ തടഞ്ഞുനിര്‍ത്താനാവില്ലെന്നും അദ്ദേഹം പറഞ്ഞു.

ഓസ്ട്രിയന്‍ ജനതയുടെ മൂന്നില്‍ രണ്ടുപേരാണ് ഇതുവരെ വാക്സിനേഷന്‍ സ്വീകരിച്ചത്. പടിഞ്ഞാറന്‍ യൂറോപ്പിലെ ഏറ്റവും കുറഞ്ഞ നിരക്കാണിത്. യൂറോപ്പില്‍ ഇപ്പോള്‍ ഏറ്റവും കൂടുതല്‍ കോവിഡ് ബാധിതര്‍ ഓസ്ട്രിയയിലാണെന്നാണ് റിപ്പോര്‍ട്ട്. ഏഴ് ദിവസത്തിനിടെ 100,000 പേരില്‍ 991 പേര്‍ എന്നതാണ് ഇവിടെ കോവിഡ് പോസിറ്റീവാകുന്നവരുടെ എണ്ണം.

വാക്സിനേഷന്റെ പ്രധാന്യം ജനങ്ങളെ ബോധ്യപ്പെടുത്തുന്നതില്‍ തങ്ങള്‍ വിജയിച്ചില്ലെന്ന് ഓസ്ട്രിയന്‍ ചാന്‍സലര്‍ അലക്സാണ്ടര്‍ ഷാലെന്‍ബര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. തിങ്കളാഴ്ച മുതലാണ് ലോക്ഡൗണ്‍ നിലവില്‍ വരിക. ഫെബ്രുവരി ഒന്നിനകം സമ്പൂര്‍ണ വാക്സിനേഷന്‍ പൂര്‍ത്തിയാക്കുമെന്നും അദ്ദേഹം പറഞ്ഞു.

യൂറോപ്പിലാകമാനം കോവിഡ് കേസുകള്‍ ഉയര്‍ന്നതോടെ വിവിധ രാജ്യങ്ങള്‍ നിയന്ത്രണങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. നെതര്‍ലന്‍ഡ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഭാഗിക ലോക്ഡൗണ്‍ ഏര്‍പ്പെടുത്തി. ജര്‍മനി, ചെക് റിപ്പബ്ലിക്, സ്ലൊവേക്യ തുടങ്ങിയ രാജ്യങ്ങള്‍ വാക്സിനെടുക്കാത്തവര്‍ക്ക് പ്രത്യേക നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.