1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 26, 2021

സ്വന്തം ലേഖകൻ: പോസിറ്റീവ് കേസുകളുടെ എണ്ണം 52,000 കവിഞ്ഞതോടെ കൊവിഡ് 19 മഹാമാരി യുഎസിൽ വീണ്ടും ശക്തമാക്കുന്നു. കൊവിഡ് കേസുകളുടെ എണ്ണത്തിൽ ഇന്നലെ യുഎസ് ഇന്ത്യയെയും കടത്തി വെട്ടി. കൊവിഡ് 19 വാക്സിനെതിരെയുള്ള പ്രചാരണങ്ങളും വാക്സിൻ എടുക്കാൻ ആളുകള്‍ മടിക്കുന്നതുമാണ് നിലവിലെ പ്രതിസന്ധിയ്ക്ക് കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍.

കഴിഞ്ഞ രണ്ടാഴ്ചത്തെ അപേക്ഷിച്ച് രാജ്യത്ത് പുതിയ കേസുകളുടെ എണ്ണത്തിൽ 170 ശതമാനം വര്‍ധനവാണ് ഉണ്ടായിട്ടുള്ളത്. ഇതിനെ ‘വാക്സിനെടുക്കാത്തവരുടെ മഹാമാരി’ എന്നാണ് യുഎസ് മാധ്യമങ്ങള്‍ വിളിക്കുന്നത്. കൊവിഡ് 19 വന്നു മരിക്കാനുള്ള സാധ്യത ഒരു ശതമാനത്തിൽ താഴെ മാത്രമാണെന്നും താൻ വാക്സിൻ സ്വീകരിക്കില്ലെന്നും പ്രഖ്യാപിച്ച പ്രശസ്ത റേഡിയോ ജോക്കി നിലവിൽ കൊവിഡ് 19 ബാധിച്ചു ഗുരുതരാവസ്ഥയിലാണ്. വെൻ്റിലേറ്റര്‍ സഹായത്തോടെയാണ് ടെന്നസിയിലെ റേഡിയോ ജോക്കിയായ ഫിൽ വാലൻ്റൈൻ ജീവൻ നിലനിര്‍ത്തുന്നത്.

അലബാമയിൽ വാക്സിനെടുക്കാൻ വിസമ്മതിച്ച 28കാരൻ്റെ മരണത്തെപ്പറ്റി അമ്മയുടെ പ്രതികരണവും ഏറെ ചര്‍ച്ചയായിട്ടുണ്ട്. വാക്സിനെടുക്കാൻ ലഭിച്ച അവസരം നഷ്ടപ്പെടുത്തിയെന്നും ഇതിൽ ഏറെ ദുഃഖമുണ്ടെന്നുമായിരുന്നു മരിച്ച കര്‍ട്ട് കാര്‍പ്പെൻ്ററുടെ അമ്മ ക്രിസ്റ്റി മാധ്യമങ്ങളോടു പറഞ്ഞത്. രണ്ട് മാസത്തോളം ചികിത്സയിൽ കഴിഞ്ഞ ശേഷമായിരുന്നു യുവാവിൻ്റെ അന്ത്യം. കര്‍ട്ട് ജീവിച്ചിരുന്നെങ്കിൽ വാക്സിൻ എടുക്കാനുള്ള പ്രചാരണം മുന്നിൽ നിന്നു നയിക്കുമായിരുന്നുവെന്ന് അമ്മ വ്യക്തമാക്കി.

അതേസമയം, കൊവിഡ് മഹാമാരിയുടെ സാഹചര്യത്തിൽ ചൈനയ്ക്കെതിരെ ആരോപണവുമായി ലൂസിയാനയിൽ നിന്നുള്ള കോൺഗ്രസ് അംഗം ക്ലേ ഹിഗിൻസും രംഗത്തെത്തി. തനിക്കും ഭാര്യയ്ക്കും രണ്ടാമതും കൊവിഡ് ബാധിച്ചെന്നായിരുന്നു ഇദ്ദേഹം പറഞ്ഞത്. ലോകം കൊവിഡിനെക്കുറിച്ച് അറിയുന്നതിനു മുൻപ് 2020 ജനുവരിയിലാണ് ആദ്യതവണ കൊവിഡ് ബാധിച്ചതെന്നും നിലവിൽ കുടുംബത്തിൽ എല്ലാവര്‍ക്കും വീണ്ടും വൈറസ് ബാധയുണ്ടായെന്നും അദ്ദേഹം വ്യക്തമാക്കി.

കൊവിഡ് രോഗബാധയെ ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ജൈവായുധ ആക്രമണം എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. എന്നാൽ ഇദ്ദേഹം കൊവിഡ് വാക്സിൻ എടുത്തിട്ടുണ്ടോയെന്ന കാര്യത്തിൽ വ്യക്തതയില്ല. നിലവിൽ യുഎസ് ജനസംഖ്യയുടെ പകുതിയോളം പേര്‍ മാത്രമാണ് രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചിട്ടുള്ളത്. 57 ശതമാനം പേര്‍ക്ക് ഒറ്റ ഡോസ് വാക്സിൻ കിട്ടി. പരമാവധി പേരിലേയ്ക്ക് വാക്സിൻ എത്തിക്കാനായി വൻ പ്രചാരണമാണ് യുഎസ് ഫെഡറൽ സര്‍ക്കാര്‍ നടത്തുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.