
സ്വന്തം ലേഖകൻ: അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും വലിയ വാക്സിനേഷൻ ദൗത്യത്തിനു തുടക്കം. ആരോഗ്യ പ്രവർത്തകർക്കാണ് ആദ്യ ഘട്ടത്തിൽ നൽകുക. ന്യൂയോർക്കിലെ ലോങ് ഐലന്റിൽ തീവ്രപരിചരണവിഭാഗത്തിലെ നഴ്സ് സാന്ദ്ര ലിൻഡ്സെ ആദ്യം വാക്സീൻ സ്വീകരിച്ചു.
വെള്ളിയാഴ്ചയാണു ഫൈസർ- ബയോൺടെക് വാക്സീന്റെ അടിയന്തര ഉപയോഗത്തിനുള്ള അനുമതി യുഎസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷനും യുഎസ് സെന്റർ ഫോർ ഡിസീസ് കൺട്രോളും നൽകിയത്. 16 വയസ്സിനു മുകളിലുള്ളവർക്കാണ് അനുമതി.
636 കേന്ദ്രങ്ങളിൽ വിതരണം ചെയ്യാനുള്ള വാക്സീനുമായി മിഷിഗനിലെ ഫൈസർ നിർമാണ കേന്ദ്രത്തിൽനിന്ന് ഞായറാഴ്ച ആദ്യ ട്രക്ക് പുറപ്പെട്ടു. ഇന്നലെ 150 ആശുപത്രികളിൽ കുത്തിവയ്പ് ആരംഭിച്ചു. ആദ്യ ഘട്ടത്തിൽ 30 ലക്ഷം ഡോസാണ് വിതരണം ചെയ്യുക. ഏപ്രിലോടെ 10 കോടി പേർക്കു നൽകുകയാണു ലക്ഷ്യം. ഫൈസർ സിഇഒ ആൽബർട്ട് ബുർലയും ആദ്യഘട്ടത്തിൽതന്നെ വാക്സീൻ സ്വീകരിക്കും.
കാനഡയിലും ഫൈസർ വാക്സീൻ കുത്തിവയ്പ് ആരംഭിച്ചു. മെക്സിക്കോ ഒരാഴ്ചയ്ക്കകം കുത്തിവയ്പ് ആരംഭിക്കും. സിംഗപ്പുരിലും ഫൈസർ വാക്സീന് അനുമതി നൽകി. ഡിസംബർ അവസാനത്തോടെ വിതരണം തുടങ്ങും. ജർമൻ കമ്പനിയായ ബയോൺടെക്കുമായി ചേർന്നാണ് യുഎസിലെ ഫൈസർ വാക്സീൻ വികസിപ്പിച്ചത്.
ടെക്സസ് സംസ്ഥാനത്തെ ആദ്യ കൊവിഡ് വാക്സീൻ മെത്തഡിസ്റ്റ് ഡാലസ് മെഡിക്കൽ സെന്ററിലെ എമർജൻസി റൂം ക്ലീൻ ചെയ്യുന്ന 51 വയസ്സുള്ള തെരേസ്സ മാറ്റക്ക് നൽകിയതായി മെത്തഡിസ്റ്റ് ഹെൽത്ത് സിസ്റ്റം സിഇഒ ജിം സ്ക്കോജിൻ അറിയിച്ചു. നാലു മക്കളുടെ മാതാവാണ് തെരേസ്സ. തിങ്കളാഴ്ചയാണ് കൊവിഡ് വാക്സീൻ യുപിഎസ് ട്രക്ക് വഴി രാവിലെ 8.50ന് ആശുപത്രിയിൽ എത്തിച്ചേർന്നത്.
പത്തുമണിയോടെ വാക്സീൻ സ്വീകരിച്ച തെരേസ്സയെ സഹപ്രവർത്തകർ മുൻവശത്തെ ഓഡിറ്റോറിയത്തിൽ ഒത്തുചേർന്ന് അഭിനന്ദിച്ചു. 5850 വാക്സീനാണ് ഇവിടെ എത്തിചേർന്നത്. നൂറോളം ജീവനക്കാർ ആദ്യ ദിവസം തന്നെ വാക്സീൻ സ്വീകരിച്ചു. അടുത്ത ദിവസം ഇരുനൂറിനും മുന്നൂറിനും ഇടയിൽ ജീവനക്കാർക്ക് വാക്സീൻ നൽകും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല