
സ്വന്തം ലേഖകൻ: എല്ലാ യുഎസ് സംസ്ഥാനങ്ങളിലെയും പ്രായപൂര്‍ത്തിയായവര്‍ക്കു കോവിഡ് വാക്‌സീനേഷന്‍ നല്‍കാന്‍ തീരുമാനം. പ്രസിഡന്റ് ബൈഡന്‍ രണ്ടാഴ്ച മുമ്പ് നിശ്ചയിച്ച ഏപ്രില്‍ 19 സമയപരിധി നിലനിര്‍ത്തി കൊണ്ടാണ് തീരുമാനം. അമേരിക്കന്‍ ഐക്യനാടുകള്‍ ഒരു ദിവസം ശരാശരി 3.2 ദശലക്ഷം ഡോസുകള്‍ നല്‍കുന്നു. ഇത് ഒരു മാസം മുമ്പു വരെ ഏകദേശം 2.5 ദശലക്ഷമായിരുന്നു. സെന്റര്‍സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ പ്രകാരം 131 ദശലക്ഷത്തിലധികം ആളുകള്‍ക്ക്, അല്ലെങ്കില്‍ എല്ലാ അമേരിക്കന്‍ മുതിര്‍ന്നവരില്‍ പകുതി പേര്‍ക്കും ഞായറാഴ്ച വരെ ഒരു ഷോട്ടെങ്കിലും ലഭിച്ചിട്ടുണ്ടെന്നും ഏകദേശം 84.3 ദശലക്ഷം ആളുകള്‍ക്കു പൂര്‍ണ്ണമായി പ്രതിരോധ കുത്തിവയ്പ് നല്‍കിയിട്ടുണ്ടെന്നുമാണു കണക്ക്.
ഹവായ്, മസാച്യുസെറ്റ്‌സ്, ന്യൂജഴ്‌സി, ഒറിഗോണ്‍, റോഡ് ഐലന്‍ഡ്, വെര്‍മോണ്ട് എന്നിവയാണു യോഗ്യത വിപുലീകരിച്ച അവസാന സംസ്ഥാനങ്ങള്‍. തിങ്കളാഴ്ച എല്ലാ മുതിര്‍ന്നവര്‍ക്കും പ്രതിരോധ കുത്തിവയ്പ്പുകള്‍ നല്‍കി തുടങ്ങും.പ്രസിഡന്റായി അധികാരമേറ്റെടുത്തതിന്റെ നൂറാം ദിവസം 200 ദശലക്ഷം ഡോസുകള്‍ നല്‍കുകയെന്ന ലക്ഷ്യവും ബൈഡന്‍ പ്രഖ്യാപിച്ചിരുന്നു.
അഭയാർഥി പ്രവാഹം അമേരിക്കൻ അതിർത്തി പ്രദേശങ്ങളെ അസ്വസ്ഥമാക്കുന്ന അവസരത്തിൽ, കൂടുതൽ അഭയാർഥികളെ സ്വീകരിക്കുന്നതിന് യുഎസ് ഒരുങ്ങുന്നതായി ബൈഡൻ ഭരണകൂടം വെളിപ്പെടുത്തി. മുൻ പ്രസിഡന്റ് ട്രംപ് ഈ മാസത്തേക്ക് അനുവദിച്ച അഭയാർഥികളുടെ എണ്ണം 15,000 എന്നത് നിലനിർത്തുമെന്നാണ് പ്രസിഡന്റ് ബൈഡൻ വെള്ളിയാഴ്ച പ്രഖ്യാപിച്ചത്. ഇത് ഡമോക്രാറ്റിക് പാർട്ടിയിലെ അംഗങ്ങളെ പ്രകോപിപ്പിച്ചിരുന്നു. ട്രംപിന്റെ അഭയാർഥി വിരുദ്ധനയം ബൈഡൻ പിന്തുടരുന്നത് അംഗീകരിക്കാനാവില്ലെന്നും ഇവർ ചൂണ്ടികാട്ടി.
ഇതിനെ തുടർന്നാണ് ബൈഡൻ തന്റെ തീരുമാനം മാറ്റി മേയ് മാസത്തിൽ കൂടുതൽ അഭയാർഥികളെ സ്വീകരിക്കുമെന്ന് ആവർത്തിച്ചു പ്രഖ്യാപനം നടത്തിയത്. അമേരിക്ക മാത്രമല്ല, മറ്റു രാജ്യങ്ങളും അഭയാർഥികളെ സ്വീകരിക്കുന്നുണ്ടെന്നും, എന്നാൽ അമേരിക്ക അഭയാർഥികളുടെ എണ്ണത്തിൽ വർധനവ് വരുത്തുമെന്ന് നാഷനൽ സെക്യൂരിറ്റി അഡ്‍വൈസർ ജേക്ക് സുള്ളിവാൻ ഞായറാഴ്ച മാധ്യമങ്ങൾക്ക് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി.
സെൻട്രൽ അമേരിക്ക, ആഫ്രിക്ക, മിഡിൽ ഈസ്റ്റ് തുടങ്ങിയ രാജ്യങ്ങളിൽ നിന്നും കൂടുതൽ അഭയാർഥികളെ സ്വീകരിക്കുന്നതിനുള്ള എമർജൻസി ഡിക്ലറേഷൻ പ്രസിഡന്റ് ബൈഡൻ വെള്ളിയാഴ്ച ഒപ്പുവെച്ചിരുന്നു. ഒക്ടോബർ 1നു മുമ്പ് 62,000 അഭയാർഥികളെ സ്വീകരിക്കുക എന്നതാണ് ലക്ഷ്യമെങ്കിലും, അതു വളരെ പ്രശ്നങ്ങൾ സൃഷ്ടിക്കുമെന്നും സുള്ളിവാൻ പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല