1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 14, 2021

സ്വന്തം ലേഖകൻ: കോവിഡ് പ്രതിരോധ വാക്സിന്‍റെ പ്രാധാന്യം ജനങ്ങളെ ബോധ്യപ്പെടുത്താന്‍ രംഗത്തെത്തിയിരിക്കുകയാണ് അമേരിക്കയിലെ ഒരു സംസ്ഥാനം. വാക്സിനെടുത്തവരില്‍ നിന്നും നറുക്കെടുത്ത് 1 മില്യണ്‍ ഡോളര്‍ സമ്മാനമായി നല്‍കുന്നതാണ് പദ്ധതി. ഒഹിയോ ഗവര്‍ണര്‍ മൈക്ക് ഡിവൈനാണ് കുത്തിവെപ്പെടുത്തവരില്‍നിന്ന് ഓരോ ആഴ്ചയും തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പത്ത് ലക്ഷം ഡോളര്‍ സമ്മാനം പ്രഖ്യാപിച്ചത്.

അഞ്ച് ആഴ്ച ലോട്ടറി തുടരും. 18 വയസ്സിനു മുകളില്‍ ഒരു ഡോസ് വാക്‌സിനെങ്കിലും സ്വീകരിച്ചവര്‍ക്കാണ് സമ്മാനത്തിന് അര്‍ഹത. പത്ത് ലക്ഷം ഡോളര്‍ ലോട്ടറി പണം വെറുത കളയുകയാണെന്ന് ചിലര്‍ക്ക് തോന്നാം. എന്നാല്‍ ഇപ്പോള്‍ യഥാര്‍ഥത്തിലുള്ള നഷ്ടം കോവിഡിനിരയായി ജീവന്‍ നഷ്ടപ്പെടുന്നതാണെന്ന് റിപ്പബ്ലിക്കന്‍ ഗവര്‍ണര്‍ കൂട്ടിച്ചേര്‍ത്തു. ലോട്ടറിയില്‍ ആദ്യ വിജയിയെ മെയ് 26-ന് പ്രഖ്യാപിക്കും.

അതിനു ശേഷം അഞ്ചാഴ്ച എല്ലാ ബുധനാഴ്ചയും ജേതാവിനെ പ്രഖ്യാപിക്കും-ഗവര്‍ണര്‍ പറഞ്ഞു. 17 വയസ്സിനു താഴെയുള്ളവര്‍ക്കും സമ്മാനമുണ്ട്. പത്ത് ലക്ഷം ഡോളറല്ല, ഒഹിയോ സ്‌റ്റേറ്റ് യൂനിവേഴ്‌സിറ്റികളില്‍ നാല് വര്‍ഷം മുഴുവന്‍ സ്‌കോളര്‍ഷിപ്പോടെ പഠനത്തിനുള്ള അവസരമാണ് ലഭിക്കുക. ഉന്നത വിദ്യാഭ്യാസത്തിന് ചെലവേറുന്ന രാജ്യത്ത് ഇത് വിലയേറിയ സമ്മാനമാണ്. 12 മുതല്‍ 15 വയസ്സ് വരെ പ്രായക്കാര്‍ക്ക് ഫൈസര്‍ വാക്‌സിന്‍ കുത്തിവെക്കുന്നതിന് യു.എസ് ഫുഡ് ആന്റ് ഡ്രംഗ് അഡ്മിനിസ്‌ട്രേഷന്‍ (എഫ്.ഡി.എ) തിങ്കളാഴ്ച അനുമതി നല്‍കിയിരുന്നു.

തുടക്കത്തില്‍ അമേരിക്കയില്‍ വാക്സിനെടുക്കാന്‍ വലിയ തിരക്കനുഭവപ്പെട്ടിരുന്നു. മുതിര്‍ന്നവരില്‍ 58.7 ശതമാനം പേര്‍ക്ക് ആദ്യ ഡോസ് ലഭിച്ചിരുന്നു. എന്നാല്‍ തുടര്‍ന്നുള്ള ഓരോ ദിവസവും വാക്സിനെടുക്കുന്നവരുടെ എണ്ണം കുറഞ്ഞുവന്നു. ഇതുവരെ വാക്സിനെടുക്കാത്തവരും മടി കാണിക്കുന്ന കാഴ്ചയാണ് കണ്ടത്.

പൊതുജനങ്ങളെ വാക്സിനെടുക്കാന്‍ പ്രേരിപ്പിക്കാന്‍ വ്യത്യസ്തമായ പദ്ധതികളും രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നടപ്പാക്കിയിരുന്നു. ബിയര്‍, ഡോനട്ടുകള്‍, കായിക മത്സരങ്ങളിലേക്കുള്ള ടിക്കറ്റുകള്‍ എന്നിവ ഇതിലുള്‍പ്പെടും. വാക്സിനെടുത്ത ജീവനക്കാര്‍ക്ക് 100 ഡോളറാണ് മെരിലാന്‍ഡ് പ്രഖ്യാപിച്ചത്. വെസ്റ്റ് വിർജീനിയയിൽ, ഇതേ തുക 16-35 വയസ് പ്രായമുള്ള കുട്ടികൾക്ക് സേവിംഗ്സ് ബോണസായി വാഗ്ദാനം ചെയ്യുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.