
സ്വന്തം ലേഖകൻ: യുഎസിനെതിരെ നടന്നത് ചരിത്രത്തിലെ ഏറ്റവും വലിയ സൈബർ ആക്രമണമെന്ന് അമേരിക്കന്‍ സെനറ്റ് ഇന്റലിജന്‍സ് കമ്മറ്റിയുടെ മേധാവി മാര്‍ക്കോ റൂബിയോ. കുറഞ്ഞത് 200 സർക്കാർ ഓഫിസുകളും, സ്വകാര്യ കമ്പനികളും അടക്കമുള്ള സ്ഥാപനങ്ങള്‍ക്കു നേരെ റഷ്യക്കാരുടേത് എന്നു സംശയിക്കപ്പെടുന്ന സൈബര്‍ ആക്രമണം ഉണ്ടായി എന്നാണ് കരുതുന്നത്.
ധാരാളമായി ഉപയോഗിച്ചിരുന്ന സോളാര്‍വിന്‍ഡ്‌സ് എന്ന സോഫ്‌റ്‌വെയറില്‍ മാല്‍വെയര്‍ പ്രവേശിപ്പിച്ചായിരുന്നു ആക്രണം. സോളാര്‍വിന്‍ഡ്‌സിന്റെ 18,000 ഉപയോക്താക്കള്‍ക്കെങ്കിലും ആക്രമണോദ്ദേശമുള്ള അപ്‌ഡേറ്റ് നല്‍കിയെന്നാണ് കരുതുന്നത്. റെക്കോഡഡ് ഫ്യൂച്ചര്‍ എന്ന് അറിയപ്പെടുന്ന സൈബര്‍ സുരക്ഷാ കമ്പനി ഇതില്‍ 198 ഇരകളെ തിരിച്ചറിഞ്ഞു. എന്നാല്‍, തുടര്‍ന്നുള്ള അന്വേഷണത്തില്‍ സംഖ്യ 200 ആയി ഉയര്‍ന്നുവെന്നും റിപ്പോർട്ടുകളുണ്ട്.
അന്വേഷണം നടത്തിയവര്‍ ആരും ഇരകളെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. എന്തിനാണ് ഈ ഹാക്കിങ് നടത്തിയത് എന്ന കാര്യവും ഇപ്പോഴും വ്യക്തമല്ല. പ്രശ്‌നം ബാധിച്ച തങ്ങളുടെ കക്ഷികളുമായി സഹകരിച്ചു പ്രവര്‍ത്തിക്കുമെന്ന് സോളാര്‍വിന്‍ഡ്‌സ് അറിയിച്ചു.
എന്തായാലും അമേരിക്കന്‍ ട്രഷറി ഡിപ്പാര്‍ട്ട്‌മെന്റിലെ നിരവധി ഇമെയിലുകള്‍ ആക്രമിക്കപ്പെട്ടു എന്നാണ് സെനറ്റര്‍ റോണ്‍ വൈഡന്റെ ഓഫിസ് സ്ഥിരീകരിച്ചിരിക്കുന്നത്. പല സുപ്രധാന അമേരിക്കന്‍ ഗവണ്‍മെന്റ് ഏജന്‍സികള്‍ക്കു നേരെയും ആക്രമണം ഉണ്ടായതായി സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്. ട്രഷറിക്കു നേരെ നടന്നിരിക്കുന്ന ആക്രണം വളരെ പ്രാധാന്യമര്‍ഹിക്കുന്ന ഒന്നാണ് എന്നാണ് റോണിന്റെ ഓഫിസ് പറയുന്നത്.
ഏറ്റവും മുതിര്‍ന്ന ഡെമോക്രാറ്റിക് സെനറ്ററായ റോണ്‍ പറയുന്നത് മൈക്രോസോഫ്റ്റ് കമ്പനിയാണ് തങ്ങള്‍ക്ക് ഈ വിവരം നല്‍കിയത് എന്നാണ്. അമേരിക്കയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ ഉപയോഗിക്കുന്ന ട്രഷറിയുടെ, ഡിപ്പാര്‍ട്ട്‌മെന്റല്‍ ഓഫിസസ് വിഭാഗത്തിനു നേരെയും ആക്രമണം ഉണ്ടായി.
അതേസമയം, ഈ ആക്രമണങ്ങള്‍ നടത്തിയത് റഷ്യയല്ല ചൈനയാണെന്നു പറഞ്ഞ് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും രംഗത്തെത്തി. അതില്‍ വലിയ കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു. സംഭവത്തെക്കുറിച്ച് റഷ്യയോ ചൈനയോ ഇതുവരെ പ്രതികരിച്ചിട്ടില്ല.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല