
സ്വന്തം ലേഖകൻ: യുഎസ് സാമ്പത്തിക രംഗം തിരിച്ചുവരവിൻ്റെ പാതയിലെന്ന് സൂചന; വാക്‌സിനേഷന്റെ വരവോടെ തൊഴിലില്ലായ്മ നിരക്കിലും കാര്യമായി കുറവുണ്ടായതായാണ് കണക്കുകൾ. സര്‍ക്കാര്‍ ഉത്തേജക പാക്കേജിന്റെ പിന്‍ബലത്തില്‍ ഉപഭോക്തൃ ചെലവ് വർധിച്ചതോടെ എയര്‍ബസ്, ഫെയ്സ്ബുക്ക്, ആപ്പിള്‍ തുടങ്ങിയ കമ്പനികളുടെ ഓഹരിയില്‍ കാര്യമായ വ്യത്യാസം കണ്ടു തുടങ്ങി.
കൂടാതെ രാജ്യത്തിന്റെ പല ഭാഗങ്ങളിലും നിയന്ത്രണങ്ങള്‍ ലഘൂകരിക്കുന്നത് കഴിഞ്ഞ പാദത്തില്‍ സമ്പദ്‌വ്യവസ്ഥയ്ക്ക് ഉണർവ് നൽകി. 2021 ന്റെ ആദ്യ മൂന്ന് മാസങ്ങളില്‍ സമ്പദ്‌വ്യവസ്ഥ 1.6 ശതമാനം വളര്‍ച്ച കൈവരിച്ചതായി വാണിജ്യ വകുപ്പ് വ്യാഴാഴ്ച റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ വര്‍ഷത്തെ അവസാന പാദത്തില്‍ ഇത് 1.1 ശതമാനമായിരുന്നു. വാര്‍ഷികാടിസ്ഥാനത്തില്‍, ആദ്യ പാദ വളര്‍ച്ചാ നിരക്ക് 6.4 ശതമാനമായിരുന്നു.
“ആളുകള്‍ പുറത്തുകടന്ന് സാധാരണ ജീവിതത്തിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്നു, ഒപ്പം ആവശ്യക്കാര്‍ ഏറെയാണ്. ഓഹരിവിപണി റെക്കോര്‍ഡ് ഉയരത്തിലാണ്. തന്നെയുമല്ല, വിപണിയെ നിയന്ത്രിക്കുന്നതില്‍ മുഖ്യ പങ്ക് വഹിക്കുന്ന ഭവന വിപണി ശക്തമാണ്,“ സാന്‍ ഫ്രാന്‍സിസ്‌കോയിലെ ബാങ്ക് ഓഫ് വെസ്റ്റിലെ ചീഫ് ഇക്കണോമിസ്റ്റ് സ്‌കോട്ട് ആന്‍ഡേഴ്‌സണ്‍ പറഞ്ഞു.
കഴിഞ്ഞ മാസം തൊഴിലുടമകള്‍ 916,000 ജോലികള്‍ രാജ്യമെങ്ങും കൂട്ടിച്ചേര്‍ത്തതായാണ് റിപ്പോർട്ട്. ഇതോടെ തൊഴിലില്ലായ്മാ നിരക്ക് 6 ശതമാനമായി കുറഞ്ഞു. ജൂനിയര്‍ മുതല്‍ മിഡ്‌ലെവല്‍ സ്ഥാനങ്ങള്‍ വരെ നിയമനങ്ങൾ സജീവമാണെന്ന് കമ്പനികൾ പറയുന്നു. അക്കൗണ്ടിങ്, ഫിനാന്‍സിങ്, മാര്‍ക്കറ്റിങ്, സെയില്‍സ് തുടങ്ങിയ മേഖലകളില്‍ പ്രെഫഷണലുകള്‍ക്ക് ആവശ്യക്കാർ ഏറെയാണ്.
കഴിഞ്ഞയാഴ്ച 575,000 പേര്‍ സംസ്ഥാന തൊഴിലില്ലായ്മ ആനുകൂല്യങ്ങള്‍ക്കായി ആദ്യമായി ക്ലെയിം ഫയല്‍ ചെയ്തതായി തൊഴില്‍ വകുപ്പ് വ്യാഴാഴ്ച അറിയിച്ചു. അതിനു മുമ്പുള്ള കണക്കില്‍ നിന്ന് 9,000 കുറവാണിത്. തുടര്‍ച്ചയായ മൂന്നാമത്തെ ആഴ്ചയാണ് തൊഴിലില്ലായ്മ ക്ലെയിമുകള്‍ കുറഞ്ഞത്. കൂടാതെ, പാന്‍ഡെമിക് തൊഴിലില്ലായ്മ സഹായത്തിനായി 122,000 പുതിയ ക്ലെയിമുകള്‍ ഫയല്‍ ചെയ്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല