1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 4, 2018

സ്വന്തം ലേഖകന്‍: കൊലപ്പെടുത്തിയ ശേഷം മുളയില്‍ കുത്തിനിര്‍ത്തുക പതിവ്; ആന്‍ഡമാനില്‍ കൊല്ലപ്പെട്ട യുഎസ് പൗരന്റെ കാര്യത്തില്‍ പതിവ് തെറ്റിച്ച് സെന്റിനലുകാര്‍. പുറത്തുനിന്നു വരുന്നവരോട് ശത്രുതാ സമീപനം കാണിക്കുന്ന സെന്റിനലുകാര്‍ അപൂര്‍വം സന്ദര്‍ഭങ്ങളില്‍ മാത്രമാണ് സൗഹൃദം കാണിച്ചിട്ടുള്ളത്.

മുന്‍പു കടന്നുകയറിയ മല്‍സ്യത്തൊഴിലാളികളോടും ഇപ്പോള്‍ കൊല്ലപ്പെട്ട യുഎസ് പൗരന്‍ ജോണ്‍ അലന്‍ ചൗവിനോടും രണ്ടു തരത്തിലാണോ സെന്റിനലുകാര്‍ പെരുമാറിയതെന്ന സംശയമാണ് ഉയര്‍ന്നിരിക്കുന്നത്.  2006ല്‍ ആണ് മുന്‍പു സമാന സംഭവമുണ്ടായത്. ദ്വീപിലേക്ക് അനുവാദമില്ലാതെ പ്രവേശിച്ച രണ്ട് മല്‍സ്യത്തൊഴിലാളികളെ സെന്റിനലുകാര്‍ അമ്പെയ്തു കൊന്നു.

ആചാരത്തിന്റെ ഭാഗമെന്നോണം മൃതദേഹങ്ങള്‍ മുളയില്‍ കോര്‍ത്ത്, കടലിന് അഭിമുഖമായി കുത്തിനിര്‍ത്തി. പുറംലോകത്തിനോടുള്ള മുന്നറിയിപ്പു പോലെയായിരുന്നു ഇത്. എന്നാല്‍, 12 വര്‍ഷം കഴിഞ്ഞ് ജോണ്‍ ചൗ ദ്വീപിലേക്കു കടന്നപ്പോള്‍ എതിരേറ്റ രീതിയില്‍ വ്യത്യാസമുണ്ടായി. മല്‍സ്യത്തൊഴിലാളികളോടെന്ന പോലെയല്ല ചൗവിനോടു പെരുമാറിയതെന്നതു നരവംശ ശാസ്ത്രജ്ഞരെ അദ്ഭുതപ്പെടുത്തുന്നു.

മുളയില്‍ കോര്‍ത്തുനിര്‍ത്തുന്നതിനു പകരം ജോണ്‍ ചൗവിന്റെ മൃതദേഹം മണ്ണില്‍ മറവു ചെയ്യുകയാണുണ്ടായത്. അടിസ്ഥാന സ്വഭാവങ്ങള്‍ തുടരുമ്പോഴും ചില പെരുമാറ്റ രീതികളില്‍ സെന്റിനലുകാര്‍ക്കു മാറ്റമുണ്ടായിയെന്നാണ് ഇക്കാര്യം സൂചിപ്പിക്കുന്നതെന്നു വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

അതേസമയം, ഗോത്രവിഭാഗക്കാരെ മതം മാറ്റുന്നതിനായി ജോണ്‍ അലന്‍ ചൗവിനെ ദ്വീപിലേക്ക് എത്തിക്കാന്‍ 2 യുഎസ് മതപ്രചാരകര്‍ പ്രോല്‍സാഹിപ്പിച്ചിരുന്നതായി പൊലീസ് കണ്ടെത്തി. ചൗവിന്റെ മൃതദേഹത്തെക്കുറിച്ച് ഇപ്പോഴും യാതൊരു വിവരവുമില്ല.

കേസന്വേഷണത്തിന്റെ ഭാഗമായി പൊലീസ് 3 പ്രാവശ്യം ദ്വീപിന് സമീപമെത്തി. കൂടുതല്‍ വിവര ശേഖരണത്തിനായി വീണ്ടും പരിശോധനയ്‌ക്കൊരുങ്ങാനാണു പൊലീസ് തീരുമാനം. ദ്വീപുവാസികള്‍ക്കു ശല്യമാകുമെന്നതിനാല്‍ മൃതശരീരം കണ്ടെടുക്കാന്‍ ശ്രമിക്കേണ്ടതില്ലെന്നാണു നരവംശ ശാസ്ത്രജ്ഞരുടെ നിലപാട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.