1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 24, 2018

സ്വന്തം ലേഖകന്‍: ‘ഈ ദ്വീപ് സാത്താന്റെ അവസാനത്തെ ശക്തികേന്ദ്രമാണോ?’ ഏഷ്യയിലെ ഏറ്റവും അപകടകാരികളായ സെന്റിനല്‍ ഗോത്ര വിഭാഗം കൊലപ്പെടുത്തിയ ജോണിന്റെ അവസാനത്തെ ഡയറിക്കുറിപ്പ്; ആന്‍ഡമാന്‍ ദ്വീപുകള്‍ സന്ദര്‍ശിക്കാന്‍ വിദേശികള്‍ക്ക് പ്രത്യേക അനുമതി വേണമെന്ന നിയന്ത്രണം പിന്‍വലിച്ച കേന്ദ്രനടപടി വിവാദത്തില്‍. ആന്‍ഡമാന്‍: ആന്‍ഡമാനിലെ ഉത്തര സെന്റിനല്‍ ദ്വീപില്‍ ഗോത്രവര്‍ഗക്കാരുടെ അമ്പേറ്റ് കൊല്ലപ്പെട്ട 26 കാരനായ യുഎസ് പൗരന്‍ ജോണ്‍ അലന്‍ ചൗന്റെ ഡയറി കുറിപ്പുകള്‍ കണ്ടുകിട്ടി.

ഈ മാസം 17 നാണ് ജോണ്‍ കൊല്ലപ്പെട്ടത്. 16 നു ദ്വീപിലെത്തിയ ജോണിനെ സെന്റിനല്‍ ഗോത്രവര്‍ഗക്കാര്‍ ആക്രമിച്ചിരുന്നു. തിരികെയെത്തിയ ജോണിന്റെ ഡയറിയില്‍ അതിന്റെ ഭയം നിറഞ്ഞ വിവരണമുണ്ട്. ‘ഞാന്‍ ഭയന്നുപോയി. അവിടെനിന്നു സൂര്യാസ്തമയം കണ്ടു. മനോഹരം. എനിക്കു കരച്ചില്‍വന്നു. ഞാന്‍ കാണുന്ന അവസാനത്തെ അസ്തമയമാണോ അതെന്നു തോന്നി’.

അയാള്‍ പല തവണ ദ്വീപിലേക്കു പോയിട്ടുണ്ടെന്നാണ് സൂചന. പക്ഷേ അവരുമായി അടുക്കാനുള്ള ശ്രമം പാളിയിരുന്നു. 14 ന് ദ്വീപിലേക്കു പോയെങ്കിലും അന്ന് കരയ്ക്കിറങ്ങാനായില്ല. പിന്നെ 16 നാണു പോയത്. അന്നു ചെറുവള്ളത്തില്‍ തീരത്തിറങ്ങിയ ജോണിനെ അവര്‍ അമ്പും വില്ലുമായി ആക്രമിച്ചു. ഒരു കൗമാരക്കാരന്റെ അമ്പ് ജോണിന്റെ വാട്ടര്‍പ്രൂഫ് ബൈബിളില്‍ തുളച്ചുകയറി. വേട്ടക്കാരായ സെന്റിനല്‍ ഗോത്രവുമായി ബന്ധം സ്ഥാപിക്കാനായിരുന്നു ജോണിന്റെ ശ്രമം.

തനിക്കു നേരേ അമ്പുകള്‍ വന്നിട്ടും ജോണ്‍ നടന്നുവെന്ന് കടലില്‍ ബോട്ടിലിരുന്നു സംഭവത്തിനു ദൃക്‌സാക്ഷികളായ മല്‍സ്യത്തൊഴിലാളികള്‍ പിന്നീടു പൊലീസിനോടു പറഞ്ഞിരുന്നു. അന്നു മടങ്ങിയ ജോണ്‍ പിറ്റേന്നു വീണ്ടും ദ്വീപിലേക്കു പോകുകയായിരുന്നു. അടുത്ത ദിവസം ജോണിന്റേതെന്നു തോന്നിക്കുന്ന ഒരു ശരീരം ഗോത്രവര്‍ഗക്കാര്‍ കെട്ടിവലിക്കുന്നുണ്ടായിരുന്നെന്നും അത് മണലില്‍ പകുതി പൂഴ്ത്തിയ നിലയില്‍ കണ്ടുവെന്നും മല്‍സ്യത്തൊഴിലാളികള്‍ പൊലീസിനോടു പറഞ്ഞിരുന്നു.

‘ദൈവമേ, ഒരാള്‍ പോലും നിന്റെ പേരു കേള്‍ക്കാത്ത, അതിനു സാധ്യത പോലുമില്ലാത്ത ഈ ദ്വീപ് സാത്താന്റെ അവസാനത്തെ ശക്തികേന്ദ്രമാണോ’ ഡയറിയിലെ ജോണിന്റെ കുറിപ്പ് തുടരുന്നു. മതപരിവര്‍ത്തനം ലക്ഷ്യമിട്ടാണ് ജോണ്‍ ദ്വീപിലേക്കു പോയതെന്ന് അയാള്‍ അവസാന നാളുകളില്‍ ബന്ധപ്പെട്ടിരുന്ന ഒരു സുവിശേഷപ്രവര്‍ത്തകന്‍ പൊലീസിനോടു പറഞ്ഞിരുന്നു. തന്റെ ദൗത്യത്തെപ്പറ്റിയും അതിനോടുള്ള അഭിനിവേശത്തെപ്പറ്റിയും ജോണ്‍ ചൗ ഡയറിക്കുറിപ്പുകളില്‍ വ്യക്തമാക്കുന്നുണ്ട്. അതേസമയം, ജോണിനെ കൊലപ്പെടുത്തിയ ഗോത്രവര്‍ഗക്കാര്‍ക്കു മാപ്പു നല്‍കുന്നെന്ന് കുടുംബം അറിയിച്ചു.

തീരസംരക്ഷണ സേനയുടെയും മറ്റും കണ്ണുവെട്ടിച്ചാണ് അലന്‍ ദ്വീപില്‍ പ്രവേശിച്ചതെന്നാണ് കരുതപ്പെടുന്നത്. ദ്വീപിലെ താമസക്കാരായ സെന്റിനല്‍ ഗോത്രവിഭാഗം വംശനാശ ഭീഷണി നേരിടുന്നവരായതിനാല്‍ അവരുടെ സ്വകാര്യതയും സുരക്ഷയും പരിഗണിച്ച് ദ്വീപിനു മൂന്നു കിലോമീറ്റര്‍ ചുറ്റളവ് മുന്‍പു നിരോധിതമേഖലയായിരുന്നു. അടുത്തകാലത്താണ് ഇതില്‍ ഇളവു വരുത്തിയത്. ഇപ്പോള്‍ സെന്റിനല്‍ അടക്കമുള്ള ദ്വീപുകളില്‍ വിദേശികള്‍ക്ക് മുന്‍കൂര്‍ അനുമതിയില്ലാതെ പ്രവേശിക്കാം.

പുറംലോകവുമായി ഒരു ബന്ധവുമില്ലാതെ സെന്റിനലി ഗോത്രത്തില്‍ 40 പേരുണ്ടെന്നാണ് 2011ലെ സെന്‍സസ് അനുസരിച്ചുള്ള വിവരം. ഏഷ്യയിലെ തന്നെ ഏറ്റവും അപകടകാരികളായ വിഭാഗമായിട്ടാണ് ഇവര്‍ കരുതപ്പെടുന്നത്. ദ്വീപിലേക്ക് ആരെങ്കിലും പ്രവേശിച്ചാല്‍ അവര്‍ അമ്പും വില്ലുമായി ആക്രമിക്കും. 2004 ലെ സുനാമി സമയത്ത് രക്ഷാപ്രവര്‍ത്തനത്തിനായി ദ്വീപിനു മുകളില്‍ കൂടി പറന്ന ഹെലികോപ്റ്ററിനു നേരേയും ഇവര്‍ അമ്പെയ്തിരുന്നു.

അതിനിടെ വിദേശികള്‍ക്ക് ആന്‍ഡമാനിലെ 29 ദ്വീപുകള്‍ സന്ദര്‍ശിക്കാന്‍ പ്രത്യേക അനുമതി വേണമെന്ന നിയന്ത്രണം പിന്‍വലിച്ച കേന്ദ്രനടപടി വിവാദത്തിലേക്ക്. മേഖലയിലെ ഒറ്റപ്പെട്ട 29 ദ്വീപുകള്‍ സന്ദര്‍ശിക്കാന്‍ വിദേശികള്‍ക്ക് പ്രത്യേക അനുമതി (റെസ്ട്രിക്‌റ്റെഡ് ഏരിയാ പെര്‍മിറ്റ്/ ആര്‍ എ പി)ആവശ്യമാണെന്ന നിബന്ധന പിന്‍വലിച്ചു കൊണ്ടുള്ള വിജ്ഞാപനം ജൂണ്‍ 29നാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറപ്പെടുവിച്ചതെന്ന് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു. സന്ദര്‍ശനത്തിന് ആര്‍എപി ആവശ്യമായ 29 ദ്വീപുകളിലെ 17ാമത്തേതാണ് നോര്‍ത്ത് സെന്റിനാല്‍.

അതേസമയം നിയന്ത്രണങ്ങള്‍ ഇപ്പോഴും നിലവിലുണ്ടെന്ന് അഡ്മിനിസ്‌ട്രേറ്റീവ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. എന്നാല്‍ ജോണിന്റെ കൊലപാതകത്തിനു പിന്നാലെ ആര്‍എപി പിന്‍വലിച്ച തീരുമാനം മന്ത്രാലയം പുനഃപരിശോധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ആഭ്യന്തര മന്ത്രാലയ വൃത്തങ്ങള്‍ പ്രതികരിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.