1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 22, 2022

സ്വന്തം ലേഖകൻ: പണപ്പെരുപ്പം നിയന്ത്രിക്കാന്‍ യുഎസ് ഫെഡറല്‍ റിസര്‍വ് കര്‍ശന നടപടികളുമായി മൂന്നോട്ടുപോകുമെന്ന് വ്യക്തമായതോടെ രൂപയുടെ മൂല്യം റെക്കോഡ് ഇടിവ് നേരിട്ടു. യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം 80.85 നിലവാരത്തിലേയ്ക്കാണ് താഴ്ന്നത്. 79.97 ആയിരുന്നു കഴിഞ്ഞ ദിവസത്തെ ക്ലോസിങ്.

തുടര്‍ച്ചയായി മൂന്നാമതും യുഎസ് കേന്ദ്ര ബാങ്ക് മുക്കാല്‍ ശതമാനം നിരക്ക് ഉയര്‍ത്തിയതും ഭാവിയിലും പലിശ വര്‍ധന തുടരുമെന്ന് വ്യക്തമാക്കിയതുമാണ് രൂപയെ ബാധിച്ചത്. നിരക്ക് വര്‍ധിപ്പിച്ചതിനു പിന്നാലെ ഡോളര്‍ സൂചിക ഒരു ശതമാനം ഉയര്‍ന്ന് രണ്ട് പതിറ്റാണ്ടിനിടയിലെ ഉയര്‍ന്ന നിലവാരമായ 111.60ലെത്തി. 2024 വരെ നിരക്ക് കുറയ്ക്കില്ലെന്നും 4.6ശതമാനംവരെ നിരക്ക് വര്‍ധന തുടരുമെന്നുമാണ് വിലയിരുത്തല്‍.

അതേസമയം, രൂപയുടെ മൂല്യമുയര്‍ത്താന്‍ ആര്‍ബിഐ നടത്തുന്ന ശ്രമങ്ങള്‍ വിജയിക്കുമോയെന്ന് കണ്ടറിയേണ്ടിയിരിക്കുന്നു. ആഭ്യന്തര സാമ്പത്തിക സാധ്യതകള്‍ മെച്ചപ്പെട്ടിട്ടുണ്ടെങ്കിലും ബാങ്കിങ് സംവിധാനത്തില്‍ പണ ദൗര്‍ലബ്യമുണ്ടായത് രൂപയുടെ മൂല്യമുയര്‍ത്താനുള്ള ആര്‍ബിഐയുടെ ശ്രമങ്ങള്‍ക്ക് തടസ്സമാകും.

ഒരിടവേളയ്ക്കു ശേഷമാണ് ഇന്ത്യന്‍ രൂപയുടെ വിനിമയ മൂല്യത്തില്‍ പുതിയ സര്‍വകാല റെക്കോഡ് താഴ്ന്ന നിലവാരം രേഖപ്പെടുത്തുന്നത്. അതേസമയം 2022 വര്‍ഷാരംഭത്തില്‍ ഡോളറിനെതിരായ വിനിമയ നിരക്ക് 74 രൂപ നിലവാരത്തിലായിരുന്നു. യുഎസ് ഡോളറിനെതിരേ ദുര്‍ബലമാകുന്ന രൂപയുടെ മൂല്യം ആഭ്യന്തര ഓഹരി വിപണിയ്ക്കും കടപ്പത്ര വിപണിയ്ക്കും അനുകൂല ഘടകമല്ല.

യുഎസ് ഡോളര്‍ കരുത്താര്‍ജിക്കുമ്പോള്‍ വിദേശ നിക്ഷേപകര്‍ (FII) ഇന്ത്യന്‍ ധന ആസ്തികളിലെ വിഹിതം കുറയ്ക്കാനുള്ള പ്രവണത വര്‍ധിക്കാം. ഇത് വിപണിക്ക് തിരിച്ചടിയാകും. അതായത്, രൂപ ദുര്‍ബലമായി തുടര്‍ന്നാല്‍ നീണ്ട ഇടവേളയ്ക്ക് ശേഷം ഓഹരി വിപണിയില്‍ വാങ്ങിത്തുടങ്ങിയ വിദേശ നിക്ഷേപകരുടെ നിലപാടിലും മാറ്റം വന്നേക്കാം.

അതുപോലെ ക്രൂഡ് ഓയിലിന്റെ 85 ശതമാനവും ഇറക്കുമതി ചെയ്യുന്നതിനാല്‍ ഡോളര്‍ ശക്തിപ്പെടുന്നത് രാജ്യത്തിന്റെ ഇറക്കുമതി ചെലവ് വര്‍ധിപ്പിക്കും. ഇത് വിദേശനാണ്യ ശേഖരത്തില്‍ ചോര്‍ച്ചയുണ്ടാക്കും. കൂടാതെ അസംസ്‌കൃത വസ്തുക്കള്‍ ഇറക്കുമതിയിലൂടെ കണ്ടെത്തുന്ന ഓയില്‍, ഗ്യാസ്, എഫ്എംസിജി, ഇന്ത്യയില്‍ വിദേശ ബ്രാന്‍ഡുകളുടെ ഫ്രാഞ്ചൈസി നടത്തുന്നതിന് റോയല്‍റ്റി പണം നല്‍കേണ്ടവര്‍ക്കും രൂപ ദുര്‍ബലമാകുന്നത് തിരിച്ചടിയാകും. സമാനമായി കെമിക്കല്‍, മെറ്റല്‍, ഓട്ടോമൊബൈല്‍ വിഭാഗം ഓഹരികള്‍ക്കും ഡോളര്‍ കരുത്താര്‍ജിക്കുന്നത് തലവേദന സൃഷ്ടിക്കും.

ഡോളറിനെതിരേ ദുര്‍ബലമാകുന്ന രൂപ ചില മേഖലകളില്‍ അവസരങ്ങളും തുറന്നിടുന്നു. പ്രധാനമായും കയറ്റുമതി അധിഷ്ഠിത മേഖലകള്‍ക്ക് രൂപയുടെ മൂല്യശോഷണം അനുകൂല ഘടകമാണ്. കാരണം കയറ്റുമതിക്കുള്ള പ്രതിഫലം ഡോളറില്‍ ലഭിക്കുന്നതു കൊണ്ട് കയറ്റുമതിക്കാരുടെ വരുമാനവും ആനുപാതികമായി വര്‍ധിക്കും.

അതുപോലെ രൂപയുടെ മൂല്യശോഷണം പ്രവാസികള്‍ നാട്ടിലേക്ക് അയക്കുന്ന പണത്തില്‍ വര്‍ധനവുണ്ടാകും. അതേസമയം, കയറ്റുമതി അധിഷ്ഠിത വ്യവസായ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികളുടെ ഓഹരികള്‍ വാങ്ങുകയും ഇറക്കുമതിയില്‍ ഊന്നി പ്രവര്‍ത്തിക്കുന്ന കമ്പനികളുടെ ഓഹരികളിലെ സാന്നിധ്യം കുറയ്ക്കുകയും ചെയ്യുന്നത് ഗുണകരമാകും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.