
സ്വന്തം ലേഖകൻ: ബാങ്കിങ് മേഖലയിലെ പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ യുഎസ് കേന്ദ്ര ബാങ്കായ ഫെഡറല്‍ റിസര്‍വ് ഇത്തവണ നിരക്കുവര്‍ധന കാല്‍ ശതമാനത്തിലൊതുക്കി. ഇതോടെ അടിസ്ഥാന നിരക്ക് 4.75-5 ശതമാനമായി. തുടര്‍ച്ചയായി ഒമ്പതാമത്തെ തവണയാണ് നിരക്ക് വര്‍ധന പ്രഖ്യാപിക്കുന്നത്. ഈ വര്‍ഷം അവസാനത്തോടെ കാല്‍ ശതമാനംകൂടി നിരക്ക് വര്‍ധനയുണ്ടാകുമെന്നാണ് വിലയിരുത്തല്‍.
ദീര്‍ഘകാലാടിസ്ഥാനത്തില്‍ പണപ്പെരുപ്പം രണ്ടു ശതമാനത്തില്‍ നിലനിര്‍ത്താനാണ് ശ്രമമെന്ന് ഫെഡറല്‍ ഓപ്പണ്‍ മാര്‍ക്കറ്റ് സമതി അറിയിച്ചു. പരമാവധി തൊഴിലവസരം സൃഷ്ടിക്കാനാണ് ലക്ഷ്യമിടുന്നത്. പണപ്പെരുപ്പം രണ്ടു ശതമാനമെന്ന ലക്ഷ്യത്തിലേയ്ക്ക് തിരികെ കൊണ്ടുവരുമെന്ന പ്രഖ്യാപനം നിരക്ക് വര്‍ധനവുമായി മുന്നോട്ടുപോകുമെന്നതിന്റെ സൂചനയായി. ട്രഷറി സെക്യൂരിറ്റികള്‍ ഉള്‍പ്പടെയുള്ളവ കൈവശംവെയ്ക്കുന്നത് കുറയ്ക്കുന്നത് തുടരനാണ് തീരുമാനം.
പ്രതീക്ഷിച്ചതുപോലെ നിരക്കുവര്‍ധനവിന്റെ വേഗം കുറച്ചത് വിപണി നേട്ടമാക്കി. ഡൗ ജോണ്‍സ് 0.14ശതമാനവും എസ്ആന്‍ഡ്പി 500 സൂചിക 0.37ശതമാനവും നാസ്ദാക്ക് 0.71ശതമാനവും നേട്ടത്തിലാണ് ക്ലോസ് ചെയ്തത്. നിരക്ക് വര്‍ധന പ്രഖ്യാപിച്ചതോടെ ട്രഷറി ആദായത്തില്‍ കുറവുണ്ടായി. ഡോളര്‍ സൂചികയും താഴന്നു.
കാലിഫോര്‍ണിയ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സിലിക്കണ്‍ വാലി ബാങ്കിന്റെ തകര്‍ച്ചയാണ് ഫെഡ് റിസര്‍വിനെ നിരക്ക് വര്‍ധനവിന്റെ വേഗം കുറയ്ക്കാന്‍ പ്രേരിപ്പിച്ചത്. പിന്നാലെ സിഗ്നേച്ചര്‍ ബാങ്കുള്‍പ്പടെയുള്ളവ പ്രതിസന്ധി നേരിട്ടത് ബാങ്കിങ് മേഖലയില്‍ ആശങ്കയുണ്ടാക്കി.
അതിനിടെ കുതിച്ചുയരുന്ന വിലകളിലെ അപ്രതീക്ഷിത കുതിപ്പിനെ തുടര്‍ന്ന് ബാങ്ക് ഓഫ് ഇംഗ്ലണ്ട് തുടര്‍ച്ചയായി 11-ാം തവണയും പലിശ നിരക്ക് വര്‍ദ്ധിപ്പിക്കുമെന്ന് സൂചന.ബാങ്ക് പലിശ നിരക്ക് 4% ല്‍ നിന്ന് 4.25% ആയി ഉയര്‍ത്താനാണ് വ്യാഴാഴ്ചത്തെ മോണിറ്ററി പോളിസി കമ്മിറ്റി യോഗത്തിന്റെ ഏറ്റവും സാധ്യതയുള്ള ഫലമെന്ന് വിശകലന വിദഗ്ധര്‍ കരുതുന്നു.
പണപ്പെരുപ്പം നിയന്ത്രിക്കുന്നതിനും സാമ്പത്തിക സുസ്ഥിരത ഉറപ്പാക്കുന്നതിനും ഇടയില്‍ ഒരു സന്തുലിതാവസ്ഥ നയ നിര്‍മ്മാതാക്കള്‍ അഭിമുഖീകരിക്കുന്നു. കടം വാങ്ങുന്നവരിലും സമ്പാദിക്കുന്നവരിലും ഒരു മാറ്റം ഉടനടി സ്വാധീനം ചെലുത്തും. മോര്‍ട്ട്ഗേജുകളുടെ വില മറ്റ് വായ്പകളുടെ പലിശ പോലെ ഉയരും, എന്നാല്‍ സേവര്‍മാരുടെ റിട്ടേണ്‍ നിരക്ക് മെച്ചപ്പെട്ടേക്കാം.
കുതിച്ചുയരുന്ന ജീവിതച്ചെലവിന് പ്രതികരണമായി ബാങ്ക് നിരക്ക് 14 വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിലയിലാണ്. ജനുവരിയിലെ 10.1 ശതമാനവുമായി താരതമ്യം ചെയ്യുമ്പോള്‍ ഫെബ്രുവരി വരെയുള്ള നിരക്ക് 10.4% ആയി ഉയര്‍ന്നു. 2008-ന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന പലിശ നിരക്ക് മോര്‍ട്ട്‌ഗേജ് തിരിച്ചടവുകാരെ സംബന്ധിച്ച് കനത്ത ആഘാതമാണ്. പണപ്പെരുപ്പത്തെ പിടിച്ചുകെട്ടാന്‍ ബാങ്ക് ബുദ്ധിമുട്ടുന്നതിനിടെയാണ് ഈ നീക്കം.
മോര്‍ട്ട്‌ഗേജ് അടവുകളില്‍ ശരാശരി 50 പൗണ്ട് വീതം കൂട്ടിച്ചേര്‍ക്കാന്‍ പ്രഖ്യാപനം വഴിയൊരുക്കും. എന്നിരുന്നാലും കാര്യങ്ങള്‍ കടുപ്പമാക്കുന്ന ഇത്തരം തീരുമാനങ്ങള്‍ക്ക് അവസാനമാകുന്നു എന്നാണ് പ്രതീക്ഷ. സമ്പദ് വ്യവസ്ഥയുടെ വളര്‍ച്ച കുറയുന്നതും, കൈവിട്ട് കുതിക്കുന്ന വിലക്കയറ്റവും ബാലന്‍സ് ചെയ്യാനുള്ള ശ്രമങ്ങളാണ് മോണിറ്ററി പോളിസി കമ്മിറ്റി നടത്തുന്നത്.
പണപ്പെരുപ്പം ‘വഴിത്തിരിവില്‍’ എത്തിയെന്നാണ് ബാങ്ക് ഓഫ് ഇംഗ്ലണ്ട് ഗവര്‍ണര്‍ ആന്‍ഡ്രൂ ബെയ്‌ലി മുമ്പ് പറഞ്ഞത്. എന്നാല്‍ വിജയം പ്രഖ്യാപിക്കാന്‍ ഇപ്പോഴും സമയമായിട്ടില്ലെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഈ ഘട്ടത്തില്‍ സമ്പദ് വ്യവസ്ഥ പ്രതിസന്ധിയിലേക്ക് പോകുമെന്ന മുന്‍ പ്രവചനങ്ങളുടെ കടുപ്പം കുറയ്ക്കാനും ബാങ്ക് തയ്യാറായിട്ടുണ്ട്.
ബാങ്കിന്റെ തീരുമാനത്തെ പിന്തുണച്ച ചാന്‍സലര്‍ ജെറമി ഹണ്ട് നികുതി വെട്ടിക്കുറയ്ക്കാന്‍ ആവശ്യപ്പെടുന്ന ടോറി എംപിമാരുടെ ആവശ്യം തള്ളി. ബാങ്കിന്റെ തീരുമാനങ്ങള്‍ക്കൊപ്പം നീങ്ങുന്ന നിലപാടുകളാകും ഗവണ്‍മെന്റിന്റെ ഭാഗത്ത് നിന്നും വരിക, നികുതി വെട്ടിക്കുറയ്ക്കുന്നത് പണപ്പെരുപ്പത്തിന് കത്തിക്കും, അദ്ദേഹം വ്യക്തമാക്കി.
കഴിഞ്ഞ ഒരു വര്‍ഷത്തിലേറെയായി ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശ നിരക്ക് തുടര്‍ച്ചയായി വര്‍ദ്ധിപ്പിച്ചുകൊണ്ടിരിക്കുകയാണ് 2021 ഡിസംബറില്‍ അടിസ്ഥാന നിരക്ക് വെറും 0.1 ശതമാനമായിരുന്നു. കോവിഡ് 19 സമ്പദ്ഘടനയെ മന്ദഗതിയില്‍ ആക്കിയപ്പോള്‍, പൊതുജനങ്ങളെ ധാരാളമായി ചെലവ് ചെയ്യാന്‍ പ്രേരിപ്പിക്കുകയായിരുന്നു ഭരണകൂടം.
ഇത് പണപ്പെരുപ്പത്തില്‍ എത്തിയപ്പോള്‍ അതിന് തടയിടാന്‍ പലിശ നിരക്ക് 2 ശതമാനം വരെ ഉയര്‍ത്തിയിരുന്നു. അതാണ് ഇപ്പോള്‍ 4 ശതമാനവും കടന്നു പോകുന്നത്. ഏതായാലും പണപ്പെരുപ്പം കുറഞ്ഞു വരുന്നുണ്ട്. ഒക്ടോബറില്‍ 11.1 ശതമാനത്തിലെത്തിയ പണപ്പെരുപ്പം നവംബറില്‍ 10.7 ആയും ഡിസംബറില്‍ 10.5 ആയും കുറഞ്ഞു. ഈ വര്‍ഷം അവസാനമാകുമ്പോഴേക്കും അത് 7.3 ശതമാനമാകുമെന്ന് സാമ്പത്തിക വിദഗ്ധര്‍ പറയുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല