1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 16, 2022

സ്വന്തം ലേഖകൻ: അമേരിക്കൻ കേന്ദ്രബാങ്കായ ഫെഡറൽ റിസർവ് അടിസ്ഥാന പലിശ നിരക്ക് 0.75 ഉയർത്തി. വിലക്കയറ്റം നേരിടാൻ പ്രഖ്യാപിച്ച പുതിയ അടിസ്ഥാന പലിശ നിരക്ക് കഴിഞ്ഞ 30 വർഷത്തിനിടിയിലെ ഏറ്റവും ഉയർന്നതാണ്.സാധാരണ .50 ശതമാനം വരെയാണ് ഉയർത്താറുള്ളത്.വിപണിയിലെ പണലഭ്യത കുറയ്ക്കാനുള്ള നീക്കം വഴി വായ്പ,ക്രെഡിറ്റ് കാർഡ് ഭാരമെല്ലാം കൂടും. ലോകമെമ്പാടുമുള്ള ഓഹരി വിപണികൾ കാത്തിരിക്കുന്നതാണ് ഫെഡറൽ റിസർവ് പ്രഖ്യാപനം.

വിലക്കയറ്റം നേരിടാൻ യുഎസ് പ്രഖ്യാപിച്ച പുതിയ അടിസ്ഥാന പലിശ നിരക്ക് പക്ഷേ ഇന്ത്യയേയും ബാധിച്ചേക്കുമെന്നാണ് വിലയിരുത്തൽ. ഇന്ത്യ പോലുള്ള വികസ്വര വിപണികളുടെ ആകർഷണീയത വിദേശ നിക്ഷേപകരുടെ ഇടയിൽ വീണ്ടും ഇടിയാൻ ഇത് കാരണമാകും. വിദേശ നിക്ഷേപകർ ഇന്ത്യ അടക്കമുള്ള രാജ്യങ്ങളുടെ ഓഹരി വിപണികളിൽനിന്ന് നിക്ഷേപം പിൻവലിക്കുന്നതു തുടരുകയും ചെയ്യും. നിക്ഷേപം തിരികെ എത്തുന്നതിന് അനുസരിച്ച് ഡോളർ വീണ്ടും കരുത്താർജിക്കും. ഇത് ഇന്ത്യൻ രൂപയെ കൂടുതൽ തളർത്തും. രൂപയുടെ തളർച്ച ഇന്ത്യയുടെ ഇറക്കുമതി ചെലവു വലിയതോതിൽ കൂട്ടും.

നിലവിൽ 120 ഡോളറിനു മുകളിലാണ് രാജ്യാന്തര വിപണിയിൽ അസംസ്കൃത എണ്ണയുടെ വില. ആവശ്യമായ എണ്ണയുടെ 85 ശതമാനത്തോളവും ഇന്ത്യ ഇറക്കുമതി ചെയ്യുകയാണ്. അതും പണം ഡോളറിൽ നൽകി. ഡോളറിനെതിരെ ഇന്ത്യൻ രൂപ ഇടിയുന്നതിനനുസരിച്ച് എണ്ണ വാങ്ങാൻ കൂടുതൽ പണം രാജ്യം ചെലവാക്കേണ്ടിവരും.

ഇന്ത്യയുൾപ്പെടെയുള്ളാ വിപണികളിൽ നിന്ന് വിദേശ നിക്ഷേപകരുടെ പിൻവലിക്കൽ ഡോളറിലായതിനാൽ ഡോളർ ഡിമാൻഡ് ഉയരും. ഓഹരികൾ വിറ്റ് നിക്ഷേപം മടക്കിക്കൊണ്ടുപോകുന്നത് രാജ്യത്തെ ആഭ്യന്തര നിക്ഷേപകർക്ക് ഭീമമായ നഷ്ടം വരുത്തും. ഡോളർ ക്ഷാമവുമുണ്ടാക്കും.

റഷ്യ–യുക്രെയ്ൻ യുദ്ധം മൂലം ക്രൂഡ് ഓയിൽ വില കുതിച്ചു കയറുമ്പോഴാണ് രൂപ ഡോളറിനെതിരെ തളരുന്നത്. ഇന്ധനത്തിന്റെ ഇറക്കുമതിച്ചെലവേറുന്നത് രാജ്യത്തിന്റെ കറന്റ് അക്കൗണ്ട് കമ്മി കൂട്ടും. ഇത് രാജ്യത്തിന്റെ ജിഡിപി വളർച്ചാ നിരക്കിനെയും പിന്നോട്ടടിക്കും. ഇന്ധന നികുതി ഇനിയും കൂട്ടാൻ ഒരുപക്ഷേ, സർക്കാർ നിർബന്ധിതരായേക്കും.

നിരക്കുയർത്താനുള്ള അമേരിക്കയുടെ തീരുമാനത്തോടു ഇന്ത്യൻ വിപണിയും നെഗറ്റീവായിത്തന്നെയാവും പ്രതികരിക്കുക. പലിശ നിരക്കു ഉയർത്തുന്നത് ഓഹരി വിപണികളിലെ നിക്ഷേപങ്ങളുടെ ആകർഷണീയത കുറയ്ക്കുക മാത്രമല്ല ചെയ്യുന്നത്, മറിച്ച് പണലഭ്യത കുറയുന്നതു മൂലമുള്ള ഡിമാൻഡ് ഇടിവ് കമ്പനികളെ ബാധിക്കുകയും ചെയ്യും. ഡിമാൻഡ് കുറയുന്നത് കമ്പനികളുടെ വരുമാനം കുറയ്ക്കും. ഇതും ഓഹരികളുടെ വിലയെ സ്വാധീനിക്കും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.