നേപ്പാളില്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നതിനിടെ കാണാതായ യുഎസ് ഹെലികോപ്റ്ററിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയതായി സൈന്യം. ചൈനീസ് അതിര്‍ത്തിയിലാണ് കോപ്റ്ററിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. യുഎസിന്റെ ആറു സൈനികരും, നേപ്പാളിലെ രണ്ട് സൈനികരുമാണ് കോപ്റ്ററില്‍ ഉണ്ടായിരുന്നത്. ഇവരെക്കുറിച്ചുള്ള വിവരം ലഭ്യമായിട്ടില്ല.
ആരെങ്കിലും രക്ഷപെട്ടിട്ടുണ്ടോ എന്നതിനെ കുറിച്ചുള്ള വിവരവും ലഭ്യമായിട്ടില്ലെന്ന് ജനറല്‍ ബിനോജ് ബാസ്നെറ്റ് അറിയിച്ചു. തിരച്ചില്‍ സംഘം ആകാശത്ത് നിന്നാണ് കോപ്റ്ററിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. എന്നാല്‍ സംഘത്തിന് അവിടെ ഇറങ്ങാന്‍ സാധിച്ചില്ല. ആകാശത്ത് നിന്ന് നോക്കുമ്പോള്‍ ജീവന്റെ ഒരു തുടിപ്പുപോലും അറിയാനില്ലെന്നും അദ്ദേഹം പറഞ്ഞു.
മറൈന്‍ കോര്‍പ് യു എച്ച് 1വൈ എന്ന യു എസ് ഹെലികോപ്റ്ററാണ് കഴിഞ്ഞ ദിവസം കാണാതായത്. ഇന്ധനം കുറയുന്നുവെന്നാണ് അവസാനമായി കോപ്റ്ററില്‍ നിന്നും ലഭിച്ച റേഡിയോ സന്ദേശം.
നേരത്തെ ഈ ഹെലികോപ്റ്റര്‍ തകര്‍ന്ന് വീണിട്ടുണ്ടോ അതോ ഇന്ധനം തീര്‍ന്നതിനെ തുടര്‍ന്ന് എവിടെയെങ്കിലും ലാന്‍ഡ് ചെയ്തിട്ടുണ്ടോ എന്ന കാര്യത്തില്‍ പോലും സ്ഥിരീകരണം ലഭിച്ചിരുന്നില്ല. ഒരു ദിവസത്തോളം നീണ്ട തെരച്ചിലിനൊടുവിലാണ് ഇപ്പോള്‍ ഹെലികോപ്റ്ററിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയിരിക്കുന്നത്. നേപ്പാളില്‍ രണ്ടാം തവണയും ശക്തമായ ഭൂചനലനം ഉണ്ടായപ്പോളാണ് യുഎസ് ഹെലികോപ്റ്ററില്‍ ഒരു സംഘം ആളുകള്‍ രക്ഷാപ്രവര്‍ത്തനത്തിന് ഇറങ്ങിയത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല