
സ്വന്തം ലേഖകൻ: യുഎസിൽ വാക്സിൻ എടുത്തവർക്ക് ഇനി മാസ്ക് വേണ്ട. രാജ്യത്തെ സെൻറർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവേൻറഷൻ്റെ ശുപാർശ അനുസരിച്ചാണ് തീരുമാനം. തുറസ്സായ സ്ഥലങ്ങളിൽ മാസ്ക് പൂർണമായും ഒഴിവാക്കാം. അടച്ചിട്ട മുറികളിലും മാസ്ക് ഉപയോഗിക്കുന്നതിൽ ഇളവുകളുണ്ട്. സാമൂഹിക അകലം പാലിക്കുന്നതിലും ഇളവുകൾ അനുവദിച്ചിട്ടുണ്ട്.
രാജ്യത്തിന് ഇത് മഹത്തായ ദിനമാണെന്ന് ടെലിവിഷൻ പ്രഭാഷണത്തിൽ പ്രസിഡൻറ് ജോ ബൈഡൻ പറഞ്ഞു. മാസ്ക് ഉപേക്ഷിച്ചാണ് അദ്ദേഹം പ്രസംഗത്തിനെത്തിയത്. വാക്സിെൻറ രണ്ട് ഡോസും സ്വീകരിക്കാത്തവർ മാസ്ക് ധരിക്കണം. വാക്സിനേഷൻ പൂർണമാകുന്നത് വരെ സുരക്ഷാ നിർദേശങ്ങൾ പിന്തുടരണമെന്നും ബൈഡൻ വ്യക്തമാക്കി.
നിങ്ങളാണ് ഇതെല്ലാം ചെയ്തത്. രാജ്യം ആവശ്യപ്പെട്ടപ്പോൾ നിങ്ങൾ വാക്സിനെടുത്തു. വാക്സിനേഷൻ രാജ്യത്തിന് വേണ്ടി നിർവഹിക്കാനുള്ള കടമയാണെന്ന് നിങ്ങൾ വിചാരിച്ചു. ഇതിൽ എനിക്ക് സന്തോഷമുണ്ട്. പക്ഷേ അതിശയമില്ലെന്നും ജോ ബൈഡൻ പറഞ്ഞു. 50ൽ 49 സംസ്ഥാനങ്ങളിലും കോവിഡ് രോഗികളുടെ എണ്ണം കുറയുകയാണ്. മരണനിരക്ക് 2020 ഏപ്രിലിന് ശേഷമുള്ള ഏറ്റവും കുറഞ്ഞ നിരക്കിലേക്ക് എത്തിയെന്നും യു.എസ് പ്രസിഡൻറ് വ്യക്തമാക്കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല