1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 9, 2022

സ്വന്തം ലേഖകൻ: യു.എസ്. ഇടക്കാല തിരഞ്ഞെടുപ്പില്‍ മിസോറി സിറ്റി മേയറായി മലയാളിയായ റോബിന്‍ ഇലക്കാട്ട് രണ്ടാമതും തിരഞ്ഞെടുക്കപ്പെട്ടു. യോലാന്‍ഡാ ഫോര്‍ഡിനെ പരാജയപ്പെടുത്തിയാണ് കോട്ടയം കുറുമുള്ളൂര്‍ ഗ്രാമത്തില്‍ ജനിച്ച റോബിന്‍ വീണ്ടും മേയറാവുന്നത്. കഴിഞ്ഞ രണ്ടുവര്‍ഷം മേയറെന്ന നിലയില്‍ നടത്തിയ പ്രവര്‍ത്തനങ്ങളാണ് റോബിനെ വീണ്ടും മേയര്‍ സ്ഥാനത്ത് എത്തിച്ചത്.

കോട്ടയം ജില്ലയിലെ കുറുമുള്ളൂര്‍ ഗ്രാമത്തിലാണ് റോബിന്‍ ജനനം. അഞ്ചാം ക്ലാസില്‍ പഠിക്കുമ്പോഴാണ് യു.എസിലേക്ക് കുടിയേറിയത്. വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ശേഷം ആരോഗ്യമേഖലയില്‍ ജോലി നോക്കി. പിന്നീട് 2009ലും 2011ലും 2013ലും കൗണ്‍സില്‍ മെമ്പറായി തിരഞ്ഞെടുക്കപ്പെട്ടു. 2015 മുതല്‍ 2020വരെ രാഷ്ട്രീയത്തില്‍ നിന്നും മാറി നിന്ന റോബിന്‍ 2020ല്‍ ആദ്യമായി മിസോറി മേയറായി. ഷിക്കാഗോ ക്‌നാനായ കത്തോലിക് യൂത്ത് ലീഗ് പ്രസിഡന്റായും നോര്‍ത്ത് അമേരിക്കന്‍ ക്‌നാനായ കത്തോലിക് യൂത്ത് ലീഗ് പ്രസിഡന്റായും പ്രവര്‍ത്തിച്ചിട്ടുണ്ട്. 2005 മുതല്‍ ഹൂസ്റ്റനിലാണ് താമസം.

അതേസമയം, മെറിലാന്‍ഡിന്റെ പ്രഥമ ഇന്തോ- അമേരിക്കന്‍ ലഫ്റ്റനന്റ് ഗവര്‍ണറായി അരുണ മില്ലര്‍ തിരഞ്ഞെടുക്കപ്പെട്ടു. വെസ് മൂറിനൊപ്പമാണ് 58-കാരിയായ അരുണ മില്ലര്‍ ലഫ്റ്റനന്റ് ഗവര്‍ണറായത്. റിപ്പബ്ലിക്കന്‍ പാര്‍ട്ടിയിലെ സ്ഥാനാര്‍ഥികളെ പരാജയപ്പെടുത്തിയാണ് ഡെമോക്രാറ്റുകളായ ഇരുവരും തിരഞ്ഞെടുക്കപ്പെട്ടത്. നേരത്തെ, മെറിലാന്‍ഡ് ഹൗസിലെ പ്രതിനിധിയായിരുന്നു അരുണ.

ഇന്ത്യന്‍ വംശജയായ വൈസ് പ്രസിഡന്റ് കമലാ ഹാരിസും, പ്രസിഡന്റ് ജോ ബൈഡനും അരുണയുടേയും മൂറിന്റേയും പ്രചാരണങ്ങള്‍ക്കായി എത്തിയിരുന്നു. ഹിന്ദുത്വ ആശങ്ങളോട് അടുപ്പം കാണിക്കുന്നുവെന്ന് അരുണയ്‌ക്കെതിരെ ആരോപണമുണ്ടായിരുന്നു. ട്രംപിനെ അനുകൂലിക്കുന്ന റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കാരും അരുണയ്ക്ക് പരസ്യപിന്തുണയുമായി എത്തിയിരുന്നു. പ്രമുഖ റിപ്പബ്ലിക്കനായ ജസ്ദീപ് സിങ് ജസ്സീയടക്കം അരുണയ്ക്ക് തിരഞ്ഞെടുപ്പ് ഫണ്ട് ശേഖരിക്കാന്‍ മുന്നിട്ടിറങ്ങിയിരുന്നു. ആന്ധ്രാ പ്രദേശില്‍ ജനിച്ച അരുണ മില്ലര്‍ മാതാപിതാക്കള്‍ക്കൊപ്പം അമേരിക്കയിലേക്ക് കുടിയേറുകയായിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.