1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 8, 2017

സ്വന്തം ലേഖകന്‍: അമേരിക്കയുടെ സിറിയന്‍ ആക്രമണം, പുടിനും ട്രംപും ഉരസുന്നു, ലോക രാജ്യങ്ങള്‍ രണ്ടു തട്ടില്‍, സിറിയയുടെ ഭാവി വീണ്ടും അനിശ്ചിതത്വത്തില്‍. സിറിയയില്‍ സൈനിക ക്യാമ്പിന് നേരെ അമേരിക്ക വ്യോമാക്രമണം നടത്തിയതിനെതിരെ റഷ്യ രംഗത്തെത്തി. അമേരിക്കറഷ്യ ബന്ധത്തിന് ഉലച്ചില്‍ തട്ടുന്ന നടപടിയാണിതെന്നും അമേരിക്കയുടേത് അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്നും റഷ്യന്‍ പ്രസിഡന്റ് വ്‌ലാദമിര്‍ പുടിന്‍ പറഞ്ഞതായി അദ്ദേഹത്തിന്റെ ഓഫീസിനെ ഉദ്ധരിച്ച് റഷ്യന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

സിറിയന്‍ പ്രസിഡന്റ് ബശ്ശാര്‍ അല്‍ അസദിന്റെ സഖ്യകക്ഷിയാണ് റഷ്യ. അമേരിക്കന്‍ പ്രസിഡന്റായി ഡൊണാള്‍ഡ് ട്രംപ് സ്ഥാനമേറ്റെടുത്തതിന് ശേഷം മെച്ചപ്പെട്ട യു.എസ്‌റഷ്യ ബന്ധം ഇതോടെ ഉലയുകയും ചെയ്തു. യു.എന്‍ സുരക്ഷാ സമിതിയുടെ അടിയന്തര യോഗം വിളിക്കാന്‍ റഷ്യ ആവശ്യപ്പെട്ടിട്ടുണ്ട്. അടുത്തയാഴ്ച യു.എസ് സെക്രട്ടറി റെക്‌സ് ടില്ലേഴ്‌സണ്‍ റഷ്യ സന്ദര്‍ശിക്കാനിരിക്കെയാണ് ആക്രമണം.

സിറിയയില്‍ കഴിഞ്ഞദിവസത്തെ ആക്രമണത്തിന് തുടര്‍ച്ചയുണ്ടാകുമോ എന്നതിനനുസരിച്ചാവും റഷ്യയു.എസ് ബന്ധത്തിന്റെ ഭാവിയെന്നാണ് രാഷ്ട്രീയ വിദഗ്ധര്‍ വിലയിരുത്തുന്നത്. അതേസമയം, റഷ്യ സിറിയയില്‍ സജ്ജീകരിച്ചെന്ന് പറയപ്പെടുന്ന മിസൈല്‍ പ്രതിരോധ സംവിധാനങ്ങളെക്കുറിച്ചും ആക്രമണം ചോദ്യങ്ങളുയര്‍ത്തുന്നുണ്ട്. ഈ സജ്ജീകരണങ്ങള്‍ക്ക് യു.എസ് മിസൈലുകളെ തടയാനായിട്ടില്ല.

അമേരിക്ക സിറിയയില്‍ ആക്രമണം തുടര്‍ന്നാല്‍ അത് യുഎസും റഷ്യയും തമ്മിലുള്ള ഒരു നേര്‍ക്കുനേര്‍ പോരാട്ടമായി മാറാനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല. സിറിയന്‍ സൈന്യത്തിന്റെ വ്യോമപ്രതിരോധ സംവിധാനങ്ങള്‍ ശക്തിപ്പെടുത്തുമെന്ന് റഷ്യന്‍സേന കഴിഞ്ഞ ദിവസം വ്യക്തമാക്കിയിട്ടുണ്ട്.

സിറിയന്‍ സര്‍ക്കാറിന്റെ രാസായുധ പ്രയോഗത്തിന് മറുപടിയായാണ് അമേരിക്ക സിറിയന്‍ വ്യോമ താവളത്തില്‍ മിസൈല്‍ ആക്രമണം നടത്തിയത്. ഹോംസിലെ ശെയ്‌റാത്തിലുള്ള വ്യോമ താവളത്തില്‍ അമേരിക്ക നടത്തിയ ആക്രമണത്തില്‍ അറുപതോളം ക്രൂയിസ് മിസൈലുകള്‍ വര്‍ഷിച്ചതായി യു.എസ് ഔദ്യോഗിക വൃത്തങ്ങള്‍ വ്യക്തമാക്കി. കഴിഞ്ഞ ചൊവ്വാഴ്ചയാണ് വിമതരുടെ നിയന്ത്രണലുള്ള ഇദ്‌ലിബ് പ്രവിശ്യയിലെ ഖാന്‍ ശൈഖൂനില്‍ പ്രസിഡന്റ് ബശ്ശാര്‍ അല്‍ അസദിന്റെ സൈന്യം രാസായുധ പ്രയോഗം നടത്തിയത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.