1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 30, 2021

സ്വന്തം ലേഖകൻ: കോവിഡിന്റെ ഏറ്റവും പുതിയ വകഭേദമായ ഒമിക്രോൺ ആശങ്കയിലാണ് ലോകം മുഴുവനും. അതേസമയം, ഇതിന് പരിഭ്രാന്തിയുടെ ആവശ്യമില്ലെന്ന് അറിയിച്ചിരിക്കുകയാണ് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ. പുതിയ വകഭേദം യുഎസിൽ ഒരു ലോക്ക് ഡൗണിലേക്ക് കൊണ്ടെത്തിക്കുമെന്ന് കരുതുന്നില്ലെന്നും പ്രസിഡന്റ് ബൈഡൻ പ്രതികരിച്ചു. ഡോ ഫൗച്ചിയുടെ നേതൃത്വത്തിലുള്ള ആരോഗ്യപ്രവര്‍ത്തകരുടെ യോഗത്തില്‍ പങ്കെടുത്തതിന് ശേഷമാണ് പ്രസിഡന്റിന്റെ പ്രസ്താവന വന്നത്.

അതിനൊപ്പം എല്ലാവരും ജാഗ്രത തിരികെ കൊണ്ടുവരണമെന്നും അദ്ദേഹം പറഞ്ഞു. എല്ലാം അമേരിക്കക്കാരും വാക്സിന്‍ ഡോസുകള്‍ പൂര്‍ണമായും സ്വീകരിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. ബൂസ്റ്റര്‍ ഡോസുകളും എടുക്കണമെന്നും അദ്ദേഹം പറഞ്ഞു. അതിനൊപ്പം, പൊതുഇടങ്ങളില്‍ മാസ്കുകളുടെ ഉപയോഗം വീണ്ടും പഴയതുപോലെയാക്കണമെന്നും അദ്ദേഹം നിർദ്ദേശിച്ചിട്ടുണ്ട്.

ദക്ഷിണാഫ്രിക്കയിൽ സ്ഥിരീകരിച്ച പുതിയ വകഭേദം നോര്‍ത്ത് അമേരിക്കയിലും കണ്ടെത്തിയതോടെയാണ് പ്രതികരണവുമായി ബൈഡൻ രംഗത്തുവന്നത്. ഒമിക്രോൺ അമേരിക്കയിൽ എത്തുന്ന പക്ഷം നമ്മള്‍ നേരത്തെ നേരിട്ടത് പോലെ തന്നെ ഇതിനേയും നേരിടുമെന്നും അദ്ദേഹം പറഞ്ഞു. ഒമിക്രോണ്‍ ഭീഷണിയുടെ പശ്ചാത്തലത്തില്‍ ഉന്നത ആരോഗ്യ ഉദ്യോഗസ്ഥര്‍ വാക്‌സിന്‍ നിര്‍മാതാക്കളുമായി കൂടിയാലോചനകള്‍ നടത്തിവരുന്നുണ്ടെന്നും ബൈഡന്‍ അറിയിച്ചു.

രാജ്യത്ത് ഇപ്പോഴും അഞ്ച് വയസിന് മുകളിൽ പ്രായമുള്ള 80 ദശലക്ഷം ആളുകള്‍ വാക്സിൻ എടുക്കാത്തതായുണ്ട്. മറ്റുള്ളവര്‍ രണ്ടാം ഡോസിന് ശേഷമുള്ള ബൂസ്റ്റ‍ർ ഡോസ് എടുക്കുകയും ചെയ്തുവെന്നും അറിയിച്ചു. വാക്സിന്‍ എടുക്കാത്തവര്‍ അതിന് തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്. അതിനൊപ്പം എല്ലാവരും തിരികെ മാസ്ക് ധരിക്കുന്ന ശീലത്തിലേക്ക് മടങ്ങിപ്പോകണമെന്നും അദ്ദേഹം നിര്‍ദ്ദേശിക്കുന്നു.

യുഎസിൽ ഒമിക്രോൺ വകഭേദം സ്ഥിരീകരിച്ചതിന് പിന്നാലെ അയല്‍രാജ്യമായ കാനഡയിലും കണ്ടെത്തിയിരുന്നു. ഇവിടെ രണ്ടു പേര്‍ക്കാണ് ഒമിക്രോണ്‍ വകഭേദം സ്ഥിരീകരിച്ചിട്ടുള്ളത്. അടുത്തിടെ നൈജീരിയയില്‍ നിന്നെത്തിയവരാണ് ഇവര്‍. ഇതിനിടെ, ദക്ഷിണാഫ്രിക്കയ്ക്കും മറ്റ് ഏഴ് രാജ്യങ്ങള്‍ക്കും യുഎസ് ഏര്‍പ്പെടുത്തിയ യാത്രാ വിലക്ക് തിങ്കളാഴ്ച മുതല്‍ പ്രാബല്യത്തില്‍ വന്നു. ആളുകള്‍ക്ക് വാക്‌സിനേഷനുള്ള സമയം അനുവദിക്കുക എന്നതാണ് യാത്രാ നിയന്ത്രണത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് ബൈഡന്‍ വ്യക്തമാക്കി.

പുതിയ വകഭേദം റിപ്പോര്‍ട്ട് ചെയ്തെങ്കിലും ഒമിക്രോണുമായി ബന്ധപ്പെട്ട മരണങ്ങളൊന്നും ഇതുവരെ ഒരിടത്തും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കി. ഒമിക്രോണ്‍ മുന്‍കാല വകഭേദങ്ങളേക്കാള്‍ ഗുരുതരമാണോ എന്നകാര്യത്തിലും വാക്സിനുകളുടെ ഫലപ്രാപ്തി സംബന്ധിച്ചും കൂടുതല്‍ ഗവേഷണം ആവശ്യമാണെന്നും ഡബ്ല്യു എച്ച് ഒ കൂട്ടിച്ചേര്‍ത്തിട്ടുണ്ട്. ഇന്ത്യയിൽ ഇത് ആര്‍ക്കും സ്ഥിരീകരിച്ചിട്ടില്ല.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.