1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 1, 2018

സ്വന്തം ലേഖകന്‍: അമേരിക്കയുടെ പസഫിക് സൈനിക കമാന്‍ഡ് ഇനിമുതല്‍ ഇന്തോ പസഫിക് കമാന്‍ഡ്; പേരുമാറ്റം ചൈനയ്ക്കുള്ള താക്കീത്. ഈ മേഖലയില്‍ സൈനികവിന്യാസം ശക്തമാക്കുന്ന ചൈനയെ ലക്ഷ്യമിട്ടാണു പേരുമാറ്റമെന്നു കരുതുന്നു. അമേരിക്കയുടെ ഏറ്റവും പഴയ സൈനിക കമാന്‍ഡാണിത്. ഗ്രേറ്റര്‍ പസഫിക് മേഖലയിലെ സൈനികകാര്യങ്ങളാണ് ഇതിനു കീഴില്‍ വരുന്നത്.

പട്ടാളക്കാരും സിവിലിയന്മാരുമായി ഏകദേശം 3,75,000 പേര്‍ കമാന്‍ഡിന്റെ ഭാഗമാണ്. ചൈനയ്ക്കപ്പുറത്തേക്ക് ഇന്ത്യന്‍ മഹാസമുദ്രം വരെ തങ്ങളുടെ സൈനിക കരങ്ങള്‍ നീളുമെന്ന മുന്നറിയിപ്പാണ് യുഎസ് പേരുമാറ്റത്തിലൂടെ നല്കുന്നത്. പസഫിക്, ഇന്ത്യന്‍ മഹാസമുദ്രങ്ങളിലെ സുഹൃദ് രാജ്യങ്ങളുമായുള്ള ബന്ധം വളരെ പ്രധാനപ്പെട്ടതാണെന്ന് പേരുമാറ്റം അറിയിച്ച് യുഎസ് പ്രതിരോധ സെക്രട്ടറി ജിം മാറ്റിസ് പറഞ്ഞു.

ഇന്ത്യയുടെ സൈനിക പ്രാധാന്യവും ഇതിലൂടെ യുഎസ് അംഗീകരിക്കുന്നതായി കരുതുന്നു. അറ്റകുറ്റപ്പണിയടക്കമുള്ള ആവശ്യങ്ങള്‍ക്ക് സൈനികതാവളങ്ങള്‍ പരസ്പരം ഉപയോഗിക്കാനുള്ള കരാര്‍ ഇന്ത്യക്കും യുഎസിനും ഇടയിലുണ്ട്. അഡ്മിറല്‍ ഹാരി ഹാരീസില്‍നിന്ന് കമാന്‍ഡിന്റെ ചുമതല അഡ്മിറല്‍ ഫിലിപ്പ് ഡേവിഡ്‌സണ്‍ ഏറ്റെടുത്തു. അഡ്മിറല്‍ ഹാരീസിനെ ദക്ഷിണകൊറിയയിലെ യുഎസ് സ്ഥാനപതിയായി നിയമിച്ചേക്കുമെന്നും സൂചനയുണ്ട്.

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.