
സ്വന്തം ലേഖകൻ: യുഎസ് പ്രസിഡന്‍ഷ്യല്‍ തിരഞ്ഞെടുപ്പില്‍ വിവിധ അഭിപ്രായസര്‍വ്വേകള്‍ പുറത്തുവന്നു. മിക്കതിന്റെയും ഇതുവരെയുള്ള പ്രവചനങ്ങള്‍ ഏതാണ്ട് തുല്യത പാലിക്കുമ്പോള്‍ അവസാനദിവസത്തെ അത്ഭുതങ്ങള്‍ക്കായാണ് ഇരുപാര്‍ട്ടികളും കണ്ണും കാതും തുറന്നിരിക്കുന്നത്. ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുമ്പോള്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനേക്കാള്‍ അഭിപ്രായ സര്‍വ്വേയില്‍ ഇപ്പോഴും ഡെമോക്രാറ്റിക് പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ജോ ബൈഡന്‍ ആണ് മുന്നില്‍.
എന്നാല്‍ വലിയൊരു ട്വിസ്റ്റ് എന്നത് പ്രസിഡന്റ് ട്രംപ് ഇരുവരും തമ്മിലുള്ള മാര്‍ജിന്‍ ഒക്ടോബര്‍ ആദ്യം ഉണ്ടായിരുന്ന 10 പോയിന്റ് നേട്ടത്തില്‍ നിന്ന് 8 പോയിന്റിലേക്ക് ചുരുങ്ങിയെന്നതാണ്. ഇന്നു പുറത്തിറങ്ങിയ വോട്ടര്‍മാരെക്കുറിച്ചുള്ള ഫോക്‌സ് ന്യൂസിന്റെ ഏറ്റവും പുതിയ ദേശീയ സര്‍വേയിലാണ് ഈ കണക്കുകൾ.
52-44 ശതമാനം മാര്‍ജിനിലാണ് ബൈഡന്‍ മുന്നില്‍. മൂന്നാഴ്ച മുമ്പ് ഇത് 53-43 ശതമാനമായിരുന്നു. അദ്ദേഹത്തിന്റെ ലീഡ് വോട്ടെടുപ്പിന്റെ അവസാന ദിവസത്തേക്ക് അടുക്കുമ്പോള്‍ വർധിക്കേണ്ടതിനു പകരം കുറയുന്നത് വലിയൊരു പ്രതിസന്ധി ഡെമോക്രാറ്റുകള്‍ക്കിടയില്‍ സൃഷ്ടിച്ചിച്ചുണ്ട്. പല സംസ്ഥാനങ്ങളിലും ഇതു പ്രകടമായി തെളിഞ്ഞു നില്‍ക്കുന്നു.
ഒട്ടുമിക്ക സംസ്ഥാനങ്ങളിലും നീലപ്പാര്‍ട്ടിയുടെ പരസ്യങ്ങള്‍ക്ക് പഞ്ഞമില്ലെങ്കിലും ഇത് വോട്ടര്‍മാര്‍ക്കിടയില്‍ കാര്യമായ സ്വാധീനം ചെലുത്താന്‍ കഴിയുന്നില്ലെന്നത് വലിയൊരു തിരിച്ചടിയാണ്. മെയ്ല്‍ വോട്ടിങ്, ഏര്‍ലി വോട്ടിങ് എന്നിവയില്‍ നേട്ടമുണ്ടാക്കിയിട്ടുണ്ടെങ്കില്‍ കൂടി ഇനി വരാനിരിക്കുന്ന അവസാന വട്ട വോട്ടിങ്ങില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ വോട്ടര്‍മാർക്കായിരിക്കും മുൻതൂക്കമെന്നാണ് ചരിത്രം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല