
സ്വന്തം ലേഖകൻ: യുഎസ് പ്രസിഡണ്ട് തെരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥി ജോ ബൈഡന് ജയം. 273 ഇലക്ട്രല്‍ വോട്ട് നേടിയാണ് ബൈഡന്‍ നിലവിലെ പ്രസിഡണ്ടും റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥിയുമായ ഡൊണാള്‍ഡ് ട്രംപിനെ പരാജയപ്പെടുത്തിയത്. പെന്‍സില്‍വാനിയയില്‍ 49.7 ശതമാനം വോട്ട് നേടിയാണ് ബൈഡന്‍ ജയിച്ചത്. ട്രംപിന് ഇവിടെ 49.2 ശതമാനം വോട്ടേ ലഭിച്ചുള്ളൂ. അമേരിക്കയുടെ 46-ാം പ്രസിഡണ്ടാണ് ബൈഡൻ.
ഐക്യത്തിന്റെ സന്ദേശവുമായി അമേരിക്കന്‍ ജനതയെ അഭിസംബോധന ചെയ്ത് നിയുക്ത പ്രസിഡന്റ് പറഞ്ഞു. ഐക്യം കാത്തു സൂക്ഷിക്കുന്ന പ്രസിഡന്റായിരിക്കും എക്കാലത്തും താനെന്ന് ബൈഡന്‍ വില്‍മിങ്ടണില്‍ നിന്ന് രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവെ ഉറപ്പ് നൽകി.
“ഒരിക്കലും വിഭജക്കുന്ന പ്രസിഡന്റായല്ല, എല്ലാവരുടെയും ഐക്യം കാത്ത് സൂക്ഷിക്കുന്ന നേതാവായിട്ടായിരിക്കും ഞാന്‍ സത്യപ്രതിജ്ഞ ചെയ്യുക,” ബൈഡന്‍ പറഞ്ഞു.
തനിക്ക് ചുവപ്പെന്നോ നീലയെന്നോ വ്യത്യാസമില്ലെന്നും അമേരിക്കയെന്നാല്‍ ഐക്യനാടുകളാണ്. അമേരിക്കന്‍ ജനതയുടെ വിശ്വാസം നേടിയെടുക്കുന്ന പ്രവര്‍ത്തനം നടത്തുമെന്നും അമേരിക്കയുടെ ലോക നേതൃപദവി തിരിച്ച് പടിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കുടിയേറ്റക്കാരുടെ മകള്‍ അമേരിക്കയുടെ വൈ സ്പ്രസിഡന്റായിരിക്കുന്നുവെന്നും അദ്ദേഹം കമലാ ഹാരിസിനെ അഭിന്ദിച്ച് കൊണ്ട് പറഞ്ഞു.
തെരഞ്ഞെടുപ്പില്‍ എല്ലാ വിഭാഗം ജനങ്ങളുടെയും, ആഫ്രിക്കന്‍ അമേരിക്കന്‍ സമൂഹത്തിന്റെയും പിന്തുണ ലഭിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇനി പരസ്പരം സ്‌നേഹത്തോടെയും സമാധാനത്തോടെയും മുന്നോട്ട് പോകണം. ആക്രോശങ്ങള്‍ മാറ്റിവെക്കണമെന്നും അദ്ദേഹം പറഞ്ഞു. കൃത്യമായ ഒരു വിജയമാണ് തനിക്ക് ലഭിച്ചിരിക്കുന്നതെന്നും അമേരിക്കന്‍ ജനത തുറന്നടിച്ചിരിക്കുന്നുവെന്നും ഇത് ജനങ്ങളുടെ വിജയമാണെന്നും പറയാനും ബൈഡൻ മറന്നില്ല.
വൈസ് പ്രസിഡണ്ട് സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ട ഇന്ത്യന്‍ വംശജയായ കമല ഹാരിസ് ചരിത്രം തിരുത്തിയെഴുതി. അമേരിക്കന്‍ ചരിത്രത്തിലെ ആദ്യ വനിത വൈസ് പ്രസിഡന്‍റായതിന് പുറമെ യുഎസ് വൈസ് പ്രസിഡന്‍റ് പദവിയിലെത്തുന്ന ആദ്യ ഇന്ത്യന്‍ വംശജയും വൈസ് പ്രസിഡന്‍റ് ആകുന്ന ആദ്യ കറുത്ത വര്‍ഗക്കാരിയും കമലയാണ്.
അമ്മ വഴിയാണ് കമലയ്ക്ക് ഇന്ത്യയുമായുള്ള ബന്ധം. 1964 ഒക്ടോബര്‍ 20ന് കാലിഫോര്‍ണിയയിലെ ഓക്ക്ലന്‍ഡിലാണ് കമല ജനിച്ചത്. ചെന്നൈക്കാരിയും സ്തനാര്‍ബുദ സ്പെഷലിസ്റ്റുമായ ഡോ. ശ്യാമള ഗോപാലന്റെയും ജമൈക്കക്കാരന്‍ സ്റ്റാന്‍ഫഡ് സര്‍വകലാശാലയിലെ സാമ്പത്തിക വിദഗ്ധന്‍ ഡൊണാള്‍ഡ് ഹാരിസിന്റെയും മകളായാണ് ജനനം.
വാഷിങ്ടണിലെ ഹോവാര്‍ഡ് സര്‍വകലാശാലയിലും കാലിഫോര്‍ണിയ സര്‍വകലാശാലയിലെ ഹേസ്റ്റിങ്സ് ലോ കോളേജിലുമായി പഠനം പൂര്‍ത്തിയാക്കിയ കമല, കാലിഫോര്‍ണിയയിലെ അലമേഡ കൗണ്ടിയില്‍ ഡെപ്യൂട്ടി ഡിസ്ട്രിക്ട് അറ്റോര്‍ണിയായാണ് കരിയറിന് തുടക്കമിട്ടത്. പിന്നീട് സാന്‍ഫ്രാന്‍സിസ്‌കോ ഡിസ്ട്രിക്ട് അറ്റോര്‍ണി ഓഫീസിലെ കരിയര്‍ ക്രിമിനല്‍ യൂണിറ്റില്‍ മാനേജ്മെന്റ് അറ്റോര്‍ണിയായി ചുമതലയേറ്റു
ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ വനിതാമുഖങ്ങളില്‍ ശ്രദ്ധേയയായിരുന്നു കമല. ഡഗ്ലസ് എംഹോഫാണ് കമലയുടെ ഭര്‍ത്താവ്. അഭിഭാഷക എന്നനിലയില്‍ തിളങ്ങിയ കമലാ ഹാരിസ് വധശിക്ഷ, സ്വവര്‍ഗവിവാഹം ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ സ്വീകരിച്ച നിലപാടുകളുടെ പേരില്‍ ശ്രദ്ധേയയായി. യു.എസില്‍ കറുത്ത വര്‍ഗക്കാര്‍ക്കുനേരെ നടക്കുന്ന അതിക്രമങ്ങളില്‍ പോലീസിനെതിരേ ശക്തമായ നിലപാട് സ്വീകരിച്ചു.
തിരഞ്ഞെടുപ്പില്‍ എതിരാളി മൈക് പെന്‍സുമായുള്ള സംവാദത്തിലടക്കം തിളങ്ങിയ ഹാരിസ് ബൈഡന്റെ വിജയത്തിന് നിര്‍ണായക പങ്കുവഹിച്ചു. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പലപ്പോഴും ബൈഡനെക്കാളേറെ കമലാ ഹാരിസിനെ രൂക്ഷമായി വിമര്‍ശിക്കുകയുംചെയ്തു. ബൈഡന്‍ പ്രസിഡന്റായാല്‍ ഭരിക്കുക കമലാ ഹാരിസാകുമെന്ന് ട്രംപ് പ്രസ്താവന വരെ നടത്തുകയും ചെയ്തിരുന്നു.
വൈസ് പ്രസിഡന്റ് പദത്തിലെത്തിയതോടെ അമേരിക്കയുടെ പ്രസിഡന്റ് പദത്തിലെത്താനുള്ള സാധ്യത കൂടിയാണ് കമല സ്വന്തമാക്കിയിരിക്കുന്നത്. വിജയം നേടിയ ബൈഡനെ ഫോണില്‍ അഭിനന്ദിക്കുന്ന വീഡിയോ കമല ട്വിറ്ററില്‍ പങ്കുവെച്ചിട്ടുമുണ്ട്.
അമേരിക്കന്‍ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ഡെമോക്രാറ്റ് നേതാവ് ജോ ബൈഡന്‍ സത്യപ്രതിജ്ഞയ്ക്ക് പിന്നാലെ അമേരിക്കയില്‍ സമ്പൂര്‍ണ മാറ്റത്തിന് ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. ഡൊണാള്‍ഡ് ട്രംപ് മുന്‍ഗണന നല്‍കിയ വിഷയങ്ങളില്‍ നിന്ന് തീര്‍ത്തും വ്യത്യസ്തമായിരിക്കും ബൈഡന്റേത്.
പാരിസ് കാലാവസ്ഥാ ഉടമ്പടിയില്‍ അമേരിക്ക വീണ്ടും ചേരുമെന്നും ലോകാരോഗ്യ സംഘടനയില്‍ നിന്ന് പിന്മാറാലുള്ള ഡൊണാള്‍ഡ് ട്രംപിന്റെ തീരുമാനം റദ്ദ് ചെയ്യുമെന്നുമാണ് റിപ്പോര്‍ട്ടുകള്‍. പല മുസ്‌ലിം ഭൂരിപക്ഷ രാജ്യങ്ങളിലുള്ളവരെയും അമേരിക്കയിലേക്ക് കുടിയേറ്റം ചെയ്യുന്നതില്‍ നിന്നും വിലക്കേര്‍പ്പെടുത്തിയ ട്രംപിന്റെ നടപടിയും ബൈഡന്‍ ഉടന്‍ റദ്ദ് ചെയ്യുമെന്നാണ് സൂചന.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല