
സ്വന്തം ലേഖകൻ: യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിന് ഇനി മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ ഇരു സ്ഥാനാർഥികളും തങ്ങൾക്ക് ഭൂരിപക്ഷം കുറഞ്ഞ സംസ്ഥാനങ്ങളിലെ വോട്ടുകൾ നേടാനായി അവസാന ശ്രമം തുടരുന്നു. പല പ്രമുഖ തിരഞ്ഞെടുപ്പ് പോളുകളിലും ബൈഡന് മുൻ തൂക്കമുണ്ടെങ്കിലും അവസാന ദിവസങ്ങളിൽ ട്രംപ് വീറും വാശിയും വീണ്ടെടുക്കുന്നതായാണ് സൂചനകൾ.
ട്രംപ് ഞായറാഴ്ച അമേരിയ്ക്കയിലെ 5 ബാറ്റിൽ ഗ്രൗണ്ട് സേറ്റുകളിൽ റാലി നടത്തി. മിക്‌ഷിഗൺ, അയോവ, നോർത്ത് കാരലൈന, ജോർജിയ, ഫ്ലോറിഡ സംസ്ഥാനങ്ങളിൽ തനിക്ക് ഭൂരിപക്ഷം ലഭിക്കാൻ ട്രംപിന്റെ അവസാന തന്ത്രങ്ങളും പയറ്റിക്കഴിഞ്ഞിരിക്കുന്നു. കൊവിഡ് നിയന്ത്രണങ്ങളൊന്നും ട്രംപിന്റെ റാലികളിൽ നിർബന്ധമല്ലാത്തതിനാൽ റാലികളിൽ വൻ ജനക്കൂട്ടം കാണാം. എന്നാൽ സാമൂഹിക അകലവും കൊവിഡ് നിയന്ത്രണങ്ങളും പാലിച്ച് മാത്രം തിരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്ന ബൈഡന്റെ റാലികളിൽ ജനകൂട്ടമില്ല എന്നതും ശ്രദ്ധേയം.
ബൈഡന്റെ പിന്തുണയ്ക്കായി ഒബാമ രംഗത്തിറങ്ങിയത് പല സംസ്ഥാനങ്ങളിലും നിർണായകമാകും. 77 കാരനായ ബൈഡനും ഏറെ പരിപാടികളിൽ പങ്കെടുക്കുകയും ജനങ്ങളെ സ്വാധീനിയ്ക്കുകയും ചെയ്യുന്നുണ്ട്. ഇരുസ്ഥാനാർഥികളും ഫ്ലോറിഡയിൽ ജയിയ്ക്കാൻ പരമാവധി ശ്രമിക്കുന്നു. 29 ഇലക്ടറൽ വോട്ടുകളാണ് ഫ്ലോറിഡയ്ക്കുള്ളത്. ഏറ്റവും ഒടുവിലത്തെ സർവെഫലങ്ങളിൽ ഫ്ലോറിഡയിൽ 47.6 ശതമാനം ബൈഡനും, 48 ശതമാനം ട്രംപിനും ലഭ്യമാവുമെന്നാണ് കണക്കുകൾ. അവസാനഘട്ടത്തിൽ ക്യൂബൻ അമേരിക്കൻ വോട്ടുകൾ ഭൂരിപക്ഷത്തെ ബാധിക്കുമെന്നും സൂചനയുണ്ട്.
അമേരിക്കയുടെ ചരിത്രം മാറ്റിക്കുറിച്ച് തിരഞ്ഞെടുപ്പിനു മുമ്പ് വോട്ടു രേഖപ്പെടുത്തിയവരുടെ എണ്ണം 930 ലക്ഷം കവിഞ്ഞു. 2016 ലെ തിരഞ്ഞെടുപ്പിൽ മൊത്തം വോട്ട് രേഖപ്പെടുത്തിയത് 1365 ലക്ഷം പേരാണ്. അതായത് മൂന്നിൽ രണ്ടു പേർ ഇതിനകം വോട്ടു രേഖപ്പെടുത്തി കഴിഞ്ഞിരിയ്ക്കുന്നു. ഇത്രയധികം മെയിൽ വോട്ടുകൾ ഉള്ളതിനാൽ ഇലക്ഷൻ ദിനത്തിൽ തന്നെ എണ്ണൽ പൂർത്തിയാക്കാൻ കഴിയില്ല. ഏത് സ്ഥാനാർഥിക്കാണോ 270 ഇലക്ടറൽ ,വോട്ടുകൾ ലഭ്യമാകുന്നത്, ആ സ്ഥാനാർഥിയായിരിയ്ക്കും പ്രസിഡന്റായി സ്ഥാനമേൽക്കുക.
രാജ്യം മുഴുവൻ തിരഞ്ഞെടുപ്പിലേക്ക് കണ്ണും നട്ടിരിക്കുമ്പോൾ കൊവിഡ് ബാധിച്ച് അമേരിയ്ക്കയിൽ ഒരോ രണ്ടു മിനിറ്റിലും ഒരാൾ എന്ന തോതിൽ മരണം സംഭവിച്ചുകൊണ്ടിരിക്കുന്നതായി റിപ്പോർട്ട്. ഇന്നലെ ഒരു ദിവസം മാത്രം ഒരുലക്ഷം പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. തണുപ്പുകാലത്ത് കൊവിഡ് ഇനിയും ശക്തി പ്രാപിയ്ക്കാൻ സാധ്യതയുള്ളതായി പ്രമുഖ മെഡിക്കൽ വിദഗ്ദ്ധനായ ഡോക്ടർ ആന്റണി ഫൗച്ചി പറയുന്നു. ആശുപത്രികളിലെത്തുന്ന രോഗികളുടെ എണ്ണം വർധിച്ചു കൊണ്ടിരിയ്ക്കുന്നതായും, മരണനിരക്ക് കൂടുന്നതായും ഫൗച്ചി കൂട്ടിച്ചേർത്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല