1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 15, 2020

സ്വന്തം ലേഖകൻ: ജോര്‍ജിയയിലെയും ടെക്‌സസിലെയും ഏര്‍ലി വോട്ടിംഗ് കേന്ദ്രങ്ങളില്‍ കനത്ത പോളിംഗ്. മിക്ക വോട്ടര്‍മാരും മെയില്‍ ഇന്‍ ബാലറ്റുകള്‍ പ്രയോജനപ്പെടുത്തുന്നു. ഇരുപക്ഷവും വോട്ടുകള്‍ തങ്ങള്‍ക്കാണ് കൂടുതലെന്ന് അവകാശവാദവുമായി രംഗത്തുണ്ട്. ടെക്‌സസില്‍, പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ജനപിന്തുണ എത്രമാത്രം കൃത്യമാണെന്ന് ഈ പോളിംഗ് വ്യക്തമാക്കുന്നു.

അതേസമയം, മെയില്‍ ഇന്‍ ബാലറ്റുകള്‍ ഡെമോക്രാറ്റുകള്‍ക്ക് മാത്രം ഗുണകരമാവുക എന്ന വാദം തെറ്റിദ്ധാരണ ജനകമാണെന്നും ടെക്‌സസിലെ പോളിംഗ് കാണിക്കുന്നു. ഒബാമ ഭരണകൂടം തന്റെ ടീമിനെക്കുറിച്ച് ചാരപ്പണി നടത്തിയെന്ന ട്രംപിന്റെ വാദം ചൊവ്വാഴ്ച വാഷിംഗ്ടണ്‍ പോസ്റ്റ് പുറത്തുവിട്ടത് പോളിംഗിനെ ബാധിക്കുമെന്നാണ് സൂചന.

ജോര്‍ജിയയില്‍ തങ്ങളുടെ ജനാധിപത്യ അവകാശങ്ങള്‍ വിനിയോഗിക്കാന്‍ വോട്ടര്‍മാര്‍ എട്ട് മണിക്കൂര്‍ കാത്തിരുന്നതും ഏർളി വോട്ടിംഗിലെ അപൂർവതയായി. ടെക്‌സസില്‍ ചൊവ്വാഴ്ച വോട്ടിംഗിന്റെ ആദ്യ ദിവസം ഉച്ചയോടെ, ഹൂസ്റ്റണ്‍ നഗരം ഉള്‍പ്പെടുന്ന ഹാരിസ് കൗണ്ടിയിലെ വോട്ടിംഗ് സ്ഥലങ്ങളില്‍ 50,000 ബാലറ്റുകള്‍ രേഖപ്പെടുത്തിയിരുന്നു. ഫോര്‍ട്ട് വര്‍ത്ത് ഉള്‍പ്പെടുന്ന ടാരന്റ് കൗണ്ടിയില്‍ 20,000 ത്തിലധികം വോട്ടുകള്‍ രജിസ്റ്റര്‍ ചെയ്തതായി കൗണ്ടി അധികൃതര്‍ പറഞ്ഞു. പരമ്പരാഗതമായി ചുവന്ന സംസ്ഥാനമായ ജോര്‍ജിയയില്‍, ബൈഡെന്‍ ശക്തമായ മുന്നേറ്റം നടത്തുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ടെക്‌സസില്‍ ഡെമോക്രാറ്റുകള്‍ക്ക് വോട്ട് ചോർച്ച സംഭവിച്ചേക്കാമെന്നും നിരീക്ഷണമുണ്ട്.

ടെക്സസിൽ ഇഞ്ചോടിഞ്ച് മത്സരിച്ച് മലയാളി സ്ഥാനാർഥികളും

യുഎസിൽ ട്രം‌പ്-ബൈഡൻ പോരാട്ടം ചൂടു പിടിക്കുമ്പോൾ ടെക്സസിലെ ഹൂസ്റ്റണിൽ രണ്ടു മലയാളികൾ മത്സരരംഗത്ത് ശക്തമായ നിറസാന്നിധ്യമായി നിൽക്കുന്നു. മലയാളികൾ അധികവും വോട്ടർമാരായുള്ള ടെക്സസിലെ ഹൌസ് ഡിസ്ട്രിക്ട് 27ൽ (HD-27) നിന്ന് ഡെമോക്രാറ്റിന്റെ റോൺ റെയ്നോൾഡ്സിനെതിരെ റിപ്പബ്ലിക്കൻ ടിക്കറ്റിൽ മത്സരിക്കുകയാണ് മലയാളിയായ ടോം വിരിപ്പൻ. കേരളത്തിൽ തൊടുപുഴ സ്വദേശിയായ ടോം, വേൾഡ് മലയാളി കൗൺസിലിലെ അംഗവും എഴുത്തുകാരനും സാമൂഹ്യ പ്രവർത്തകനും സാന്നിധ്യവും റിയൽ എസ്റ്റേറ്റ് ഏജന്റുമാണ്. റിപ്പബ്ലിക്കൻ പ്രൈമറിയിൽ ഇന്ത്യക്കാരനായ മനീഷ് സേഥ്നെ 576 വോട്ടിനു പരാജയപ്പെടുത്തിയാണ് ടോം മത്സര രംഗത്ത് സജീവമായത്.

ബിസിനസ് രംഗത്തു നിന്നും രാഷ്ട്രീയത്തിലേക്ക് തിരിച്ചുവരുന്ന റോബിൻ ഏലക്കാട്ട് മിസ്സോറി സിറ്റി മേയർ സ്ഥാനത്തെക്കാണ് മത്സരിക്കുന്നത്. ഫ്രെഡ് ജി ടെയ്‌ലറും നിലവിലെ മേയറുമായ യോലാൻഡാ ഫോർഡുമാണ് മറ്റു മത്സരാർഥികൾ. സിറ്റി കൗൺസിലേക്കു മുൻപ് മൂന്നു പ്രാവശ്യം തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ള റോബിൻ മിസ്സോറി സിറ്റിയിൽ ശക്തമായ മത്സരമാണ് കാഴ്ച വെക്കുന്നത്. സിറ്റി മേയർ സ്ഥാനത്തെക്ക് മത്സരിക്കുമ്പോൾ റോബിന് ഏറെ പ്രതീക്ഷ നൽകുന്നത് ജനങ്ങൾക്കിടയിലുള്ള പിന്തുണയാണ്.

ഇന്ത്യൻ വംശജർക്ക് ട്രംപിനേക്കാൾ താൽപര്യം ബൈഡനെ എന്ന് സർവെ ഫലം

അമേരിക്കൻ പ്രസിഡന്‍റ്, വൈസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ രാജ്യത്തെ ഭൂരിപക്ഷം ഇന്ത്യൻ വംശജർക്കും ഡെമോക്രാറ്റിക് സ്ഥാനാർഥികളായ ജോ ബൈഡനും കമല ഹാരിസിനും വോട്ട് ചെയ്യാനാണ് താൽപര്യമെന്ന് സർവേ ഫലം. 72 ശതമാനം ഇന്ത്യൻ വംശജർ ജോ ബൈഡനും 22 ശതമാനം പേർ ഡോണൾഡ് ട്രംപിനും വോട്ട് രേഖപ്പെടുത്താൻ താൽപര്യം പ്രകടിപ്പിച്ചു. മൂന്നു ശതമാനം പേർ മൂന്നാമതൊരു സ്ഥാനർഥിക്കും മൂന്നു ശതമാനം പേർ വോട്ട് ചെയ്യുന്നില്ലെന്ന നിലപാടും സ്വീകരിച്ചതായി 2020 ഇന്ത്യൻ അമേരിക്കൻ അറ്റിറ്റ്യൂഡ് സർവെ വ്യക്തമാക്കുന്നു.

സെപ്റ്റംബർ 1നും 20നും ഇടയിൽ 936 ഇന്ത്യൻ വംശജരായ യു.എസ് പൗരന്മാരിലാണ് സർവെ നടത്തിയത്. പോളിങ് കമ്പനിയായ യൂഗോവുമായി സഹകരിച്ച് കാർനെഗീ എൻ‌ഡോവ്‌മെന്‍റ് ഫോർ ഇന്‍റർനാഷണൽ പീസ്, ജോൺസ് ഹോപ്കിൻസ് യൂണിവേഴ്സിറ്റി, പെൻ‌സിൽ‌വാനിയ യൂണിവേഴ്സിറ്റി എന്നിവരാണ് സർവെ സംഘടിപ്പിച്ചത്.

ഇന്ത്യൻ-അമേരിക്കൻ വംശജർ വ്യത്യസ്ത രാഷ്ട്രീയ വീക്ഷണങ്ങൾ പുലർത്തുന്നവരാണെങ്കിലും ഡെമോക്രാറ്റിക് ടിക്കറ്റിൽ മൽസരിക്കുന്ന കമല ഹാരിസിന്‍റെ സാന്നിധ്യം പാർട്ടിക്ക് ഗുണം ചെയ്യും. കൂടാതെ, കമലയുടെ മാതാവ് ഇന്ത്യയിലെ നിന്ന് കുടിയേറിയതാണെന്ന യാഥാർഥ്യം കനത്ത പോരാട്ടം നടക്കുന്ന പെൻ‌സിൽ‌വാനിയ, ഫ്ലോറിഡ, മിഷിഗൺ എന്നീ സംസ്ഥാനങ്ങളിൽ ബൈഡനെ തുണക്കുമെന്നാണ് വിലയിരുത്തൽ.

പ്രസിഡന്‍റ് തെരഞ്ഞെടുപ്പിലെ അവരുടെ പ്രാധാന്യം യു.എസ് രാഷ്ട്രീയത്തിൽ ഇന്ത്യൻ -അമേരിക്കക്കാരുടെ വർധിച്ചു വരുന്ന സ്വാധീനത്തെ ഉയർത്തിക്കാട്ടുന്നു. രാജ്യത്തെ രണ്ടാമത്തെ വലിയ കുടിയേറ്റ വിഭാഗമായ ഇന്ത്യൻ-അമേരിക്കൻ വംശജർ രാജ്യത്ത് വലിയ പിന്തുണ നേടുന്നുണ്ട്. സ്കൂൾ ബോർഡ് മുതൽ കോൺഗ്രസ് വരെ രാഷ്ട്രീയ സഹായങ്ങൾ നൽകുന്നതിനും സ്ഥാനാർഥികളെയും വിവധ പ്രശ്നങ്ങളെയും പിന്തുണക്കുന്നതിനും ഇന്ത്യൻ വംശജർ മുന്നിട്ടുനിൽക്കുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.