
സ്വന്തം ലേഖകൻ: പുതിയ യുഎസ് പ്രസിഡന്റായി ജോ ബൈഡനും വൈസ് പ്രസിഡന്റായി കമല ഹാരിസും അധികാരത്തിലേറുന്നതു തടയാനുള്ള അവസാനശ്രമവുമായി നിലവിലെ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ വിശ്വസ്തർ രംഗത്ത്. ജനുവരി ആറിന് ഇലക്ട്രറൽ വോട്ടുകൾ എണ്ണി വിജയിയെ പ്രഖ്യാപിക്കുന്നതിനു മുമ്പ് അടിയന്തിരമായി തിരഞ്ഞെടുപ്പിൽ ഉണ്ടായ തട്ടിപ്പുകളെ കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ടെക്സസിൽ നിന്നുള്ള റിപ്പബ്ലിക്കൻ സെനറ്റർ ടെഡ് ക്രൂസിന്റെ നേതൃത്വത്തിൽ പാർട്ടിയിലെ പത്തോളം സെനറ്റർമാർ ഇലക്ട്രറൽ കമ്മീഷനെ സമീപിച്ചു.
പത്ത് ദിവസത്തിനുള്ളിൽ നവംബർ 3ന് നടന്ന തിരഞ്ഞെടുപ്പിലെ നിയമ വിരുദ്ധ പ്രവർത്തനങ്ങളെയും, കൃതൃമങ്ങളെയും കുറിച്ചു വ്യക്തമായ റിപ്പോർട്ട് ലഭിക്കണമെന്നാണ് ടെഡ് ക്രൂസിനോടൊപ്പം, റോൺ ജോൺസൻ, ജെയിംസ് ലാങ്ക്ഫോർഡ്, സ്റ്റീവ് ഡെയ്ൻസ്, ജോൺ കെന്നഡി, മാർഷ ബ്ലാക്ബേൺ, മൈക്ക് ബ്രോൺ പുതിയതായി തിരഞ്ഞെടുക്കപ്പെട്ട സിൻന്ധ്യ ലുമിസ്, റോജർ മാർഷൽ, ബിൽ ഹേഗർട്ടി എന്നിവർ ആവശ്യപ്പെട്ടിട്ടുള്ളത്.
ബുധനാഴ്ച പാർലമെന്റിന്റെ സംയുക്ത സമ്മേളനം ചേരുമ്പോൾ, ബൈഡനു വിജയം നൽകിയ നിർണായക സംസ്ഥാനങ്ങളിലെ ഇലക്ടറൽ വോട്ടുകളെ എതിർക്കുമെന്നു റിപ്പബ്ലിക്കൻ പാർട്ടിയിലെ 11 സെനറ്റർമാരും നൂറിലേറെ ജനപ്രതിനിധി സഭാംഗങ്ങളും വ്യക്തമാക്കി. ഓരോ സംസ്ഥാനത്തുനിന്നുമുള്ള ഇലക്ടറൽ വോട്ടുകളുടെ എണ്ണവും അതിന്റെ അടിസ്ഥാനത്തിലുള്ള അന്തിമഫലവും ഔദ്യോഗികമായി പ്രഖ്യാപിക്കുന്നത് ഈ സമ്മേളനത്തിലാണ്.
സെനറ്റ് പ്രസിഡന്റ് കൂടിയായ വൈസ് പ്രസിഡന്റ് മൈക്ക് പെൻസ് ആണ് ആധ്യക്ഷ്യം വഹിക്കുക. പാർലമെന്റ് അംഗങ്ങളുടെ അധികാരം വിനിയോഗിച്ച് എതിർപ്പ് ഉന്നയിക്കാനും തെളിവുകൾ മുന്നോട്ടു കൊണ്ടുവരാനുമുള്ള നീക്കത്തെ പെൻസ് സ്വാഗതം ചെയ്തു. എന്നാൽ നിയമം മറികടന്നുള്ള നീക്കങ്ങളെ പെൻസ് പിന്തുണയ്ക്കില്ലെന്നാണു വിലയിരുത്തൽ. തിരഞ്ഞെടുപ്പുഫലം തള്ളിക്കളയാൻ പെൻസിന് അധികാരം നൽകണമെന്ന ആവശ്യം യുഎസ് അപ്പീൽ കോടതി കഴിഞ്ഞ ദിവസം നിരസിക്കുകയും ചെയ്തു.
ബൈഡൻ നിർണായകവിജയം നേടിയ പെൻസിൽവേനിയ (20 ഇലക്ടറൽ വോട്ട്), മിഷിഗൻ (16), ജോർജിയ (16), അരിസോന (11), വിസ്കോൻസെൻ (10), നെവാഡ (6) എന്നീ സംസ്ഥാനങ്ങളിൽ നിന്നുള്ള ഫലം അടിയന്തരമായി ഓഡിറ്റ് ചെയ്യാൻ പാർലമെന്റിന്റെ കമ്മിഷനെ നിശ്ചയിക്കണമെന്നും ഇതിന് 10 ദിവസം സമയം നൽകണമെന്നുമാണ് ടെഡ് ക്രൂസിന്റെ നേതൃത്വത്തിലുള്ള റിപ്പബ്ലിക്കൻ സംഘം ആവശ്യപ്പെടുന്നത്.
ഇരുസഭയിലെയും ഓരോ അംഗമെങ്കിലും എതിർപ്പ് ഉന്നയിച്ചാൽ സംയുക്ത സമ്മേളനം പിരിഞ്ഞ് ഇരുസഭകളും വെവ്വേറെ ചേർന്നു ചർച്ച ചെയ്യും. എതിർപ്പ് ഉന്നയിക്കപ്പെട്ട കാര്യങ്ങൾ രണ്ടു സഭയിലും വെവ്വേറെ അംഗീകരിക്കപ്പെടണം. ജനപ്രതിനിധി സഭയിൽ ഡമോക്രാറ്റുകൾക്കാണു ഭൂരിപക്ഷം എന്നതിനാൽ റിപ്പബ്ലിക്കൻ നീക്കം പരാജയപ്പെടും. സെനറ്റിൽ റിപ്പബ്ലിക്കൻ മേൽക്കൈ ഉണ്ടെങ്കിലും മിറ്റ് റോംനി ഉൾപ്പെടെ 3 പേരെങ്കിലും ട്രംപിനെതിരെ വോട്ട് ചെയ്യാനാണു സാധ്യത.
1969, 2001, 2005, 2019 എന്നീ വര്‍ഷങ്ങളിൽ ഡമോക്രാറ്റിക് സെനറ്റർമാർ ഇലക്ട്രറൽ വോട്ടെണ്ണലിന് തടസ്സവാദം ഉന്നയിച്ചിരുന്നു. 1877 ൽ ഇതിനു സമാനമായ തടസ്സവാദങ്ങൾ ഉന്നയിച്ചപ്പോൾ കോൺഗ്രസ് അതിനനുകൂലമായ സമീപനം സ്വീകരിച്ചു പത്തു ദിവസത്തെ ഓഡിറ്റിങ്ങിന് ഉത്തരവിട്ടിരുന്നു. ഓഡിറ്റ് ചെയ്യുന്നത് വോട്ടിങ്ങിന്റെ വിശ്വാസ്യത വർധിപ്പിക്കുമെന്നും ആരോപണം ഉന്നയിച്ചവർ വ്യക്തമാക്കി.
നാൻസി പെലോസി നാലാം തവണയും യുഎസ് ഹൗസ് സ്പീക്കർ
യുഎസ് ഹൗസ് സ്പീക്കറായി ഡമോക്രാറ്റിക് സ്ഥാനാർഥി നാൻസി പെലോസി തിരഞ്ഞെടുക്കപ്പെട്ടു. ജനുവരി മൂന്നിന് നടന്ന വോട്ടെടുപ്പിൽ ജയിക്കാൻ ആവശ്യമായത് 214 വോട്ടുകളാണെങ്കിൽ 216 വോട്ടിന്റെ നേരിയ ഭൂരിപക്ഷത്തോടെയാണ് നാൻസി യുഎസ് ഹൗസിൽ നാലാമതും ഹൗസ് സ്പീക്കറാകുന്നത്.
യുഎസ് ഹൗസിൽ 427 മെമ്പർമാരാണ് ഹാജർ രേഖപ്പെടുത്തിയത്. ഇതിൽ 220 ഡെമോക്രാറ്റുകളും 207 റിപ്പബ്ലിക്കൻ അംഗങ്ങളുമാണ്. കെവിൻ മക്കാർത്തി, റിപ്പബ്ലിക്കൻ സ്ഥാനാർഥി 209 വോട്ടുകൾ നേടി യുഎസ് ഹൗസിൽ മൈനോറട്ടി നേതാവായി തിരഞ്ഞെടുക്കുകയും ചെയ്തു. രണ്ടു ഡമോക്രാറ്റിക് അംഗങ്ങൾ റിപ്പബ്ലിക്കൻ സ്ഥാനാർഥിക്കാണ് വോട്ടു ചെയ്തത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല