
സ്വന്തം ലേഖകൻ: യുഎസ് ആരു ഭരിക്കണമെന്ന അമേരിക്കന്‍ ജനതയുടെ വിധിയെഴുത്ത് പൂര്‍ത്തിയാകുമ്പോള്‍ ജോ ബൈഡന് ലീഡ് നിലനിര്‍ത്തുന്നു. നിര്‍ണായക സംസ്ഥാനങ്ങളായ ഫ്ളോറിഡ, ടെക്സാസ്, ഒഹായോ എല്ലാം ട്രംപ് നേടിയതായാണ് ഒടുവിലത്തെ റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ വർഷം യുഎസിൽ വോട്ടെണ്ണൽ കഴിഞ്ഞ് മണിക്കൂറുകൾക്കകം ഫലപ്രഖ്യാപനമുണ്ടായിരുന്നു. എന്നാൽ ഇത്തവണ അവസാന വിജയിയെ പ്രഖ്യാപിക്കുന്നത് ഇനിയും വൈകുമെന്ന സൂചനകളാണുള്ളത്.
ആർക്കൊപ്പം നിൽക്കുമെന്ന് ഉറപ്പില്ലാത്ത സ്വിങ് സ്റ്റേറ്റുകളാണ് നിലവിൽ ട്രംപിന്റെയും ഡമോക്രാറ്റിക് സ്ഥാനാർഥി ജോ ബൈഡന്റെയും പ്രതീക്ഷകളെ അനിശ്ചിതത്വത്തിലേക്കു വീഴ്ത്തിയത്. പലയിടത്തും വോട്ട് എപ്പോൾ എണ്ണിത്തീരുമെന്നു പോലും വ്യക്തമല്ല. തിരഞ്ഞെടുപ്പിൽ ക്രമക്കേട് ആരോപിച്ച് റിപ്പബ്ലിക്കൻ പ്രസിഡന്റ് സ്ഥാനാർഥി ഡോണൾഡ് ട്രംപ് സുപ്രീംകോടതിയെ സമീപിക്കുമെന്ന് പ്രഖ്യാപിച്ചു കഴിഞ്ഞു.
‘ന്യൂയോർക്ക് ടൈംസ്’ റിപ്പോർട്ട് പ്രകാരം ആകെയുള്ള 538 ഇലക്ടറൽ വോട്ടുകളിൽ 227 എണ്ണവും ബൈഡൻ സ്വന്തമാക്കിക്കഴിഞ്ഞു. ട്രംപ് നേടിയത് 213 വോട്ട്. ആകെ 270 വോട്ടുകളാണു പ്രസിഡന്റ് സ്ഥാനത്തേക്കു വിജയിക്കാൻ വേണ്ടത്. ‘ദ് ഗാർഡിയന്റെ’ കണക്ക് പ്രകാരം 238 വോട്ടുകളാണ് ബൈഡനു ലഭിച്ചത്, ട്രംപിന് 213ഉം. ഫോക്സ് ന്യൂസും ഇതേ ഫലമാണ് പുറത്തുവിട്ടിരിക്കുന്നത്. എന്നാൽ ‘സിഎൻഎൻ റിപ്പോർട്ട് പ്രകാരം ബൈഡന് 220ഉം ട്രംപിന് 213ഉം വോട്ടുകളാണ് ലഭിച്ചിരിക്കുന്നത്.
മിഷിഗൻ, വിസ്കോൻസെന്‍, നോർത്ത് കാരലൈന, ജോർജിയ, നെവാഡ എന്നീ സ്റ്റേറ്റുകളിൽ ആരു ജയിക്കുമെന്നു പ്രവചിക്കാൻ ഭൂരിപക്ഷം മാധ്യമസ്ഥാപനങ്ങൾക്കും ഇതുവരെ സാധിച്ചിട്ടില്ല. ഈ നിർണായക സംസ്ഥാനങ്ങളിൽ പോസ്റ്റൽ വോട്ട് ഉൾപ്പെടെ എണ്ണുന്നതാണു പ്രശ്നം. കൊവിഡ് ഭീതിയിൽ പത്തു കോടിയിലേറെ പേർ ഇത്തവണ നേരത്തേ സജ്ജമാക്കിയ ബൂത്തുകളിലും പോസ്റ്റൽ വോട്ടും ചെയ്തതായാണു കണക്കുകള്‍. മിഷിഗനിലും പെൻസിൽവേനിയയിലും ഇനിയും ദിവസങ്ങളെടുത്തു മാത്രമേ വോട്ടെണ്ണിത്തീരൂ എന്നാണ് റിപ്പോർട്ടുകൾ.
കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഇമെയില്‍, പോസ്റ്റല്‍ വോട്ടുകള്‍ ഇത്തവണ വളരെയധികം കൂടിയതിനാല്‍ പോസ്റ്റൽ വോട്ടെണ്ണല്‍ പൂര്‍ത്തിയാകാതെ അന്തിമ വിധി നിര്ണയിക്കാനാവില്ലെന്നാണ് വിലയിരുത്തൽ. കാരണം ട്രംപ് വിജയമുറപ്പിച്ച പല സംസ്ഥാനങ്ങളിലും നേരിയ ലീഡ് മാത്രമാണ് നിലനിര്‍ത്തിയിരിക്കുന്നത്.
ട്രംപിന് 2.5 % ത്തിന്റെ മാത്രം ലീഡുള്ള ജോര്‍ജ്ജിയയില്‍ 91% വോട്ട് മാത്രമേ എണ്ണിത്തീര്‍ന്നിട്ടുള്ളൂ. 1.4% ശതമാനത്തിന്റെ മാത്രം ലീഡുള്ള നോര്‍ത്ത് കരോലിനയില്‍ ഇനിയും 5% വോട്ട് എണ്ണിത്തീരാനുണ്ട്. ഇതുകൊണ്ടെല്ലാം തന്നെ നിലവില്‍ ട്രംപ് ലീഡ് ചെയ്യുന്ന സംസ്ഥാനങ്ങളുടെ ഗതിമാറിമാറാനുള്ള സാധ്യത തള്ളിക്കളയാനില്ല. കൊവിഡ് മുന്‍കരുതലുകള്‍ സ്വീകരിച്ച് പോസ്റ്റല്‍ വോട്ട് രേഖപ്പെടുത്തിയവരില്‍ ഭൂരിഭാഗവും ഡെമോക്രാറ്റുകളാണ്. അതിനാൽ പോസ്റ്റല്‍ വോട്ടുകള്‍ക്ക് മുമ്പൊരിക്കലും ലഭിക്കാത്ത പ്രാധാന്യമാണ് ഇത്തവണ ലഭിച്ചിരിക്കുന്നത്.
യുഎസ് തിരഞ്ഞെടുപ്പില്‍ ഇന്ത്യന്‍ വംശജന് മൂന്നാം തവണയും വിജയം
യുഎസ് തിരഞ്ഞെടുപ്പില്‍ ഇന്ത്യന്‍ വംശജന് വിജയം. ഡെമോക്രാറ്റിക് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി രാജ കൃഷ്ണമൂര്ത്തിയാണ് മൂന്നാം തവണയും ജനപ്രതിനിധി സഭയിലേക്ക് അനായാസേന തിരഞ്ഞെടുക്കപ്പെട്ടത്. അവസാന റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ 71 ശതമാനത്തോളം വോട്ടുകള്‍ ഇദ്ദേഹം നേടിക്കഴിഞ്ഞു. രാജ കൃഷ്ണമൂര്‍ത്തിയുടെ മാതാപിതാക്കള്‍ തമിഴ്നാട് സ്വദേശികളാണ്. 2016 ലാണ് ഇദ്ദേഹം ആദ്യമായി തിരഞ്ഞെടുപ്പ് വിജയം നേടിയത്. എതിര് സ്ഥാനാര്‍ഥി പ്രിസ്റ്റണ്‍ നെല്‍സണെയാണ് രാജ കൃഷ്ണമൂര്‍ത്തി പരാജയപ്പെടുത്തിയത്.
അണികൾ തെരുവിലിറങ്ങുമെന്ന് ആശങ്ക; യുഎസിൽ അതീവ ജാഗ്രത
ഫല സൂചനകൾ പ്രതികൂലമെങ്കിൽ പാർട്ടി അണികൾ തെരുവിലിറങ്ങി സംഘർഷാവസ്ഥ സൃഷ്ടിക്കാനുള്ള സാധ്യത മുൻകൂട്ടിക്കണ്ട് രാജ്യമെങ്ങും അതീവ ജാഗ്രത. വാഷിങ്ടനിൽ വൈറ്റ് ഹൗസിനു ചുറ്റും ചാടിക്കടക്കാനാകാത്ത ഉയരത്തിൽ വേലി സ്ഥാപിച്ചു സുരക്ഷയൊരുക്കി. ന്യൂയോർക്ക് പോലെയുള്ള നഗരങ്ങളിൽ കടകളും സ്ഥാപനങ്ങളും കെട്ടിയടച്ചു സുരക്ഷിതമാക്കുകയാണെന്ന് റിപ്പോർട്ടുകളുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല