1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 5, 2020

സ്വന്തം ലേഖകൻ: അമേരിക്കൻ ജനപ്രതിനിധി സഭയായ കോൺഗ്രസിലേക്കും ഉപരിസഭയായ സെനറ്റിലേക്കും നടന്ന തെരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണലും പുരോഗമിക്കുന്നു. യു.എസ് കോൺഗ്രസിൽ 204 സീറ്റ് നേടിയ ഡെമോക്രാറ്റിക് പാർട്ടിയാണ് ലീഡ് ചെയ്യുന്നത്. 190 സീറ്റുകളാണ് റിപ്പബ്ലിക്കൻ പാർട്ടി നേടിയത്.

യു.എസ് കോൺഗ്രസിൽ ഭൂരിപക്ഷത്തിന് 218 സീറ്റ് വേണം. ഉപരിസഭയായ സെനറ്റിൽ റിപബ്ലിക്കൻ പാർട്ടിക്കാണ് മുൻതൂക്കം. റിപബ്ലിക്കൻ 48 സീറ്റ് നേടിയപ്പോൾ ഡെമോക്രാറ്റുകൾ 46 സീറ്റ് നേടി. 100 അംഗ സെനറ്റിൽ 51 സീറ്റ് വേണം ഭൂരിപക്ഷം ലഭിക്കാൻ.

ഇന്ത്യൻ വംശജരും ഡെമോക്രാറ്റിക് സ്ഥാനാർഥികളുമായ രാജ കൃഷ്​ണമൂർത്തി, പ്രമീള ജയ്പാൽ, അമി ബേര, റോ ഖന്ന എന്നിവർ വിജയിച്ചു. ഡെമോക്രാറ്റിക്​പ്രതിനിധി രാജ കൃഷ്​ണമൂർത്തി വീണ്ടും ജനപ്രതിനിധി സഭയിലേക്ക്​ തെരഞ്ഞെടുക്കപ്പെട്ടു. തുടർച്ചയായ മൂന്നാം തവണയാണ്​ 47കാരനായ രാജ കൃഷ്​ണമൂർത്തി ഇല്ലിനോയിസിൽ നിന്നും വിജയിക്കുന്നത്. രാജ കൃഷ്​ണമൂർത്തിയുടെ രക്ഷിതാക്കൾ തമിഴ്​നാട്ടിൽ നിന്നുള്ളവരാണ്​. 2016ലാണ് അദ്ദേഹം ആദ്യമായി തെരഞ്ഞെടുക്കപ്പെടുന്നത്​.

ഇന്ത്യൻ വംശജരും ഡെമോക്രാറ്റിക് സ്ഥാനാർഥികളുമായ അമി ബേരയും റോ ഖന്നയും വിജയിച്ചു. അമി ബേര കാലിഫോർണിയ ഡിസ്ട്രിക്ട് ഏഴിൽ നിന്ന് 61 ശതമാനം വോട്ട് നേടി വിജയിച്ചു. റോ ഖന്ന 74 ശതമാനം വോട്ട് നേടിയാണ് ഡിസ്ട്രിക്ട് 17ൽ നിന്ന് വിജിച്ചത്. ഡെമോക്രാറ്റിന്‍റെ കോൺഗ്രസ്​അംഗം പ്രമീള ജയ്പാൽ വാഷിങ്ടണിൽ നിന്ന്​ മൂന്നാം തവണയും വിജയിച്ചു. ടെക്സസിൽ ഡെമോക്രാറ്റിക് ​സ്ഥാനാർഥി ശ്രീ കുൽകർനി പരാജയപ്പെട്ടു.

ഡെമോക്രാറ്റ്​ അംഗം ഇലാൻ ഉമർ രണ്ടാം തവണയും യു.എസ്​ ജനപ്രതിനിധി സഭയിലേക്ക് വിജയിച്ചു​. മിനിസോട്ടയിലെ ഫിഫ്​ത്ത്​ ഡിസ്​ട്രിക്​റ്റിൽനിന്ന്​ 2018ലാണ്​ ആദ്യം ഇലാൻ ജനപ്രതിനിധി സഭയിലെത്തുന്നത്​. ജനപ്രതിനിധി സഭയിലെത്തുന്ന ആദ്യ സൊമാലി -അമേരിക്കൻ വംശജ കൂടിയാണ്​ ഇവർ. അരിസോനയിൽ ആറാം നിയോജകമണ്ഡലത്തിൽ ഡമോക്രാറ്റ് സ്ഥാനാർഥി ഡോ. ഹീരാൽ ടിപിർനെനി ലീഡ് ചെയ്യുന്നു. നിലവിലെ സെനറ്റർ ഡേവിഡ് ഷ്വെയ്കെർട്ടിനിയാണ് റിപ്പബ്ലിക്കൻ എതിരാളി.

അമേരിക്കയിൽ വിവാദമായ ‘ക്യുഅനോൺ’ ഗൂഢാലോചന സിദ്ധാന്തത്തെ പിന്തുണക്കുന്ന മാർജോറി ടെയ്‌ലർ ഗ്രീൻ യു.എസ് കോൺഗ്രസിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. റിപ്പബ്ലിക്കൻ പാർട്ടി സ്ഥാനാർഥിയായിരുന്ന ഗ്രീൻ ജോർജിയയിലെ 14മത് ജില്ലയിൽ നിന്നാണ് വിജയിച്ചത്. ഗ്രീന്‍റെ എതിരാളി ഡെമോക്രാറ്റിക് സ്ഥാനാർഥി മൽസരത്തിൽ നിന്ന് സെപ്റ്റംബറിൽ പിന്മാറിയിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.