1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 1, 2020

സ്വന്തം ലേഖകൻ: മൂന്നു ദിവസം നീണ്ടു നിന്ന റിപ്പബ്ലിക്കൻ പാർട്ടി ദേശീയ കൺവൻഷനുശേഷം ബൈഡനു ലഭിച്ചിരുന്ന ലീഡിൽ കുറവ്. അതേ സമയം ട്രംപിന്റെ ലീഡ് മെച്ചപ്പെട്ടതായി മോണിങ്ങ് കൺസൽട്ട് സർവെയിൽ ചൂണ്ടികാണിക്കുന്നു. കൺവൻഷനു മുൻപ് ബൈഡന് 10 പോയിന്റ് ലീഡ് ഉണ്ടായിരുന്നത് കൺവൻഷനുശേഷം 6 പോയിന്റായി കുറഞ്ഞു. നിലവിൽ ബൈഡന് 50 പോയിന്റും ട്രംപിന് 44 പോയിന്റുമാണ്.

ഡമോക്രാറ്റിക് കൺവൻഷനുശേഷം ബൈഡന്റെ ലീഡിൽ വ്യത്യാസം ഉണ്ടായിരുന്നില്ലെന്നും സർവെയിൽ പറയുന്നു. എന്നാൽ റിപ്പബ്ലിക്കൻ കൺവൻഷനിൽ ട്രംപ് നടത്തിയ അത്യുജ്വല പ്രകടനമാണ് ട്രംപിനെ ലീഡിൽ അല്പമെങ്കിലും വർധനവ് ഉണ്ടാക്കിയിട്ടുള്ളതെന്നും ചൂണ്ടികാണിക്കുന്നു.

ഡമോക്രാറ്റിക് പാർട്ടിയുടെ തീവ്ര ഇടതുപക്ഷ നിലപാടുകളും വംശീയതയുടെ പേരിൽ കലാപം അഴിച്ചു വിടുന്നതും ട്രംപ് അതിനിശിതമായി വിമർശിച്ചിരുന്നു. ബൈഡനും ബൈഡന്റെ വൈസ് പ്രസിഡന്റ് സ്ഥാനാർഥിയും ഇടതുപക്ഷത്തിന്റെ വക്താക്കളാണെന്നും ട്രംപ് ആരോപണം ഉന്നയിച്ചിരുന്നു.

വംശീയതയുടെ പേരിൽ അക്രമത്തിന് ഇരയായവരുടെ കുടുംബാംഗങ്ങളുമായി പ്രസിഡന്റ് ട്രംപ് ചർച്ചകൾ നടത്തിയതു ഡമോക്രാറ്റിക് പാർട്ടി ആരോപിച്ചതുപോലെ ട്രംപ് ഒരു വംശീയ വാദിയല്ല എന്ന തെളിയിക്കുന്നതായിരുന്നുവെന്നാണ് ഇപ്പോൾ വോട്ടർമാർ വിലയിരുത്തുന്നത്.

റിപ്പബ്ലിക്കൻ കൺവൻഷനോടെ സുപ്രധാന സെനറ്റ് സീറ്റുകളിൽ ബൈഡന് സബർബൻ വോട്ടർമാരിൽ ഉണ്ടായിരുന്ന പിന്തുണ 14 പോയിന്റിൽ നിന്നും 8 പോയിന്റ് ആയി കുറഞ്ഞിട്ടുണ്ട്.

അതിനിടെ റിപ്പബ്ലിക്കന്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കു നേരെ പോര്‍ട്ട്‌ലന്‍ഡിലുണ്ടായ സംഘര്‍ഷം മറ്റൊരു വാക്‌പോരിന് തുടക്കമിട്ടു. ട്രംപ് അക്രമത്തിന്റെ അഗ്‌നിജ്വാലകള്‍ ജ്വലിപ്പിക്കുകയാണെന്നും രാഷ്ട്രീയ നേട്ടത്തിനായി രാജ്യത്തെ ഭിന്നിപ്പിക്കുകയാണെന്നും ബൈഡന്‍ ആരോപിക്കുന്നു.

വിസ്‌കോണ്‍സിന്‍ ഗവര്‍ണറുടെ അഭ്യര്‍ത്ഥന വകവയ്ക്കാതെ, അക്രമത്തില്‍ തകര്‍ന്ന നഗരമായ കെനോഷയിലേക്ക് പോകാൻ ട്രംപ് തയ്യാറെടുക്കുമ്പോഴാണ് ബൈഡന്റെ ആക്രമണം. ഒറിഗോണിലെ പോര്‍ട്ട്‌ലാന്‍ഡിലേക്ക് പോകുന്ന പിന്തുണക്കാരുടെ ഒരു സംഘത്തെ ‘മഹത്തായ ദേശസ്‌നേഹികള്‍’ എന്ന് പുകഴ്ത്തിയായിരുന്നു ട്രം‌പിന്റെ മറുപടി. പോരാത്തതിന് കെനോഷയില്‍ രണ്ട് പ്രതിഷേധക്കാരെ കൊന്ന കേസില്‍ 17 കാരനായ കെയ്ല്‍ റിട്ടന്‍ഹൗസിനെ ട്രം‌പ് പ്രശംസിക്കുകയും ചെയ്തു.

പ്രതിഷേധത്തെയും വംശീയതയെയും കുറിച്ച് ബൈഡനും ട്രംപും തമ്മിലുള്ള സംവാദവും യുഎസ് രാഷ്ട്രീയത്തില്‍ മാറ്റത്തിന് കാരണമാകുമോയെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ ഉറ്റു നോക്കുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.