
സ്വന്തം ലേഖകൻ: നിയുക്ത പ്രസിഡന്റ് ജോ ബൈഡന് നിർണായക വിജയങ്ങൾ സമ്മാനിച്ച ജോർജിയ, മിഷിഗൻ, പെൻസിൽവേനിയ, വീസ്കോൺസിൽ സംസ്ഥാനങ്ങളിലെ പ്രസിഡന്റ് തിരഞ്ഞെടുപ്പ് ഫലങ്ങൾ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ടെക്സസ് അറ്റേണി ജനറൽ കെൻ പാക്സ്ടൺ യുഎസ് സുപ്രീം കോടതിയിൽ കേസ് ഫയൽ ചെയ്തു. ഇത് ഒരു രാഷ്ട്രീയ നീക്കമാണെന്നും നിരാശയിൽ നിന്ന് ഉടലെടുത്ത അടിസ്ഥാനമില്ലാത്ത ആരോപണമാണെന്നും വിദഗ്ദർ വിശേഷിപ്പിച്ചു.
നിയമപരമായി രേഖപ്പെടുത്തിയ മില്യൺ കണക്കിന് ബാലറ്റുകൾ നിരാകരിക്കണമെന്ന് പറയുന്നത് യുക്തിക്ക് നിരക്കുന്നതല്ല എന്നും പറഞ്ഞു. പെൻസിൽവാനിയ നിയമ പോരാട്ടത്തിൽ പ്രസിഡന്റ് ഡോണൾഡ് ട്രംപിനെതിരെ വിധിച്ച സുപ്രീം കോടതി ഈ കേസ് പരിഗണിക്കാതെ തള്ളിക്കളയുമെന്നും അഭിപ്രായപ്പെട്ടു.
പെൻസിൽവേനിയ, ജോർജിയ, മിഷിഗൺ, വീസ്കോൺസിൽ തുടങ്ങിയ നാലു ബാറ്റിൽ ഗ്രൗണ്ട് സംസ്ഥാനങ്ങളിലെ വോട്ടിംഗ് നിയമങ്ങളിൽ നിയമാനുസൃതമല്ലാത്ത മാറ്റങ്ങൾ വരുത്തി തിരഞ്ഞെടുപ്പു ഫലങ്ങൾ അട്ടിമറിച്ചു എന്നാണ് ഹർജിയിലെ പ്രധാന ആരോപണം. ടെക്സസ് അറ്റോർണി ജനറൽ സുപ്രീം കോടതിയിൽ സമർപ്പിച്ച തിരഞ്ഞെടുപ്പു കേസിൽ പ്രസിഡന്റ് ഡോണൾഡ് ട്രംപും ഫ്ലോറിഡാ, ഒക്കലഹോമ ഉൾപ്പെടെ 16 സംസ്ഥാനങ്ങളും കക്ഷി ചേരുമെന്നാണ് പുതിയ റിപ്പോർട്ടുകൾ.
ഡിസംബർ 9 ബുധനാഴ്ച പ്രസിഡന്റിനെ കക്ഷി ചേർക്കണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിച്ചതായി ട്രംപ് ട്വിറ്ററിൽ കുറിച്ചു. സുപ്രധാന നാലു സംസ്ഥാനങ്ങളിലും ബൈഡൻ വിജയിച്ചത് നിയമാനുസൃതമല്ലാ എന്നാണ് ഇവരുടെ വാദം. സുപ്രീം കോടതി മാത്രമാണ് ഈ വിഷയത്തിൽ ഒരു തീരുമാനം സ്വീകരിക്കുന്നതിന് അനുയോജ്യമായ സ്ഥലമെന്ന് ടെക്സസ് സംസ്ഥാന ഹർജിയിൽ പങ്കു ചേർന്ന് ഒക്കലഹോമ അറ്റോർണി ജനറൽ മൈക്ക് ഹണ്ടർ പറഞ്ഞു. സുപ്രധാന നാലു സംസ്ഥാനങ്ങളും ഇലക്ടേഴ്സ് ക്ലോസും, യുഎസ് ഭരണഘടനയുടെ പതിനാലാമത് അമന്റ്മെന്റും ലംഘിച്ചതായി ഹണ്ടർ ആരോപിച്ചു.
ഈ നാലു സംസ്ഥാനങ്ങളിലും പുതിയ തിരഞ്ഞെടുപ്പ് നടത്തുകയോ, അല്ലെങ്കിൽ പുതിയ ഇലക്ടറൽ കോളേജ് അംഗങ്ങളെ പുതിയതായി തിരഞ്ഞെടുക്കുകയും വേണമെന്നാണ് സംസ്ഥാനങ്ങളുടെ ആവശ്യം. പെൻസിൽവാനിയ തിരഞ്ഞെടുപ്പ് റിവേഴ്സ് ചെയ്യണമെന്നാവശ്യപ്പെട്ടു സമർപ്പിച്ച റിപ്പബ്ലിക്കൻ ഹർജി സുപ്രീം കോടതി തള്ളിയിരുന്നു. ഡിസംബർ 14നാണ് തിരഞ്ഞെടുപ്പ് സർട്ടിഫൈ ചെയ്യുന്നതിന് ഇലക്ടറൽ കോളേജ് സമ്മേളിക്കുന്നത്.
ജനുവരിയിൽ നടക്കുന്ന അമേരിക്കൻ പ്രസിഡന്റ് അധികാര കൈമാറ്റ ഉദ്ഘാടന ചടങ്ങുകൾക്ക് മുമ്പ്, അമേരിക്കൻ പ്രസിഡന്റായി ജൊ ബൈഡൻ തിരഞ്ഞെടുക്കപ്പെട്ടു എന്ന് പ്രതീകാത്മക പ്രമേയം ഡമോക്രാറ്റിക് പാർട്ടി അംഗങ്ങൾ അവതരിപ്പിച്ചത് റിപ്പബ്ലിക്കൻ പാർട്ടി നേതാക്കൾ അംഗീകരിക്കാൻ വീസമ്മതിച്ചതിനെ തുടർന്ന് പരാജയപ്പെട്ടു.
തുല്യ വോട്ടുകൾ ലഭിച്ചതോടെ പ്രമേയം പാസ്സാക്കാനായില്ല. അമേരിക്കൻ ജനത ബഹുഭൂരിപക്ഷത്തോടെ തിരഞ്ഞെടുത്ത ജോ ബൈഡനേയും കമല ഹാരിസിനേയും അടുത്ത പ്രസിഡന്റ്, വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് അംഗീകരിക്കണമെന്ന പ്രമേയം പരാജയപ്പെട്ടതു ഞെട്ടിപ്പിക്കുന്നുവെന്ന് അവതാരകൻ സ്റ്റെനി ഹോയർ പറഞ്ഞു.
അതേസമയം ആശുപത്രികള്‍ നിറയുന്നുവെന്നതാണ് പുതിയ വാര്‍ത്ത. പലയിടത്തും കൊവിഡ് രോഗികളുടെ വര്‍ധനവ് മൂലം ഐസിയുവിലും കുറവുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. 15,594,534 രോഗികളാണ് രാജ്യത്ത് കൊവിഡ് ബാധയേറ്റത്. ഇതില്‍ മരിച്ചത് 293,496 പേരാണ്. രാജ്യത്ത് ഏറ്റവുമധികം രോഗികളുള്ളത് കലിഫോര്‍ണിയയിലാണ്. 1,422,453 പേര്‍ക്ക് ഇവിടെ രോഗം ബാധിച്ചു. തൊട്ടു പിന്നില്‍ ടെക്‌സസാണ്. ഇവിടെ 1,381,360 പേര്‍ക്കാണ് രോഗം. ഫ്‌ളോറിഡയിലും രോഗബാധിതരുടെ എണ്ണം പത്തു ലക്ഷം കവിഞ്ഞു. ഇല്ലിനോയ്, ന്യൂയോര്‍ക്ക്, ജോര്‍ജിയ, ഒഹിയോ, മിഷിഗണ്‍, പെന്‍സില്‍വാനിയ, വീസ്‌കോണ്‍സിന്‍ എന്നിവരാണ് യഥാക്രമം ആദ്യ പത്തിലുള്ള സംസ്ഥാനങ്ങള്‍.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല