
സ്വന്തം ലേഖകൻ: അടുത്ത യുഎസ് പ്രസിഡന്റിനെ തിരഞ്ഞെടുക്കാൻ അമേരിക്ക ഇന്നു പോളിങ് ബൂത്തിലേക്ക്. റിപ്പബ്ലിക്കൻ പാർട്ടി സ്ഥാനാർഥിയായി വീണ്ടും മത്സരിക്കുന്ന ഇപ്പോഴത്തെ പ്രസിഡന്റ് ഡോണൾഡ് ട്രംപ്, ഡമോക്രാറ്റ് സ്ഥാനാർഥിയായ ജോ ബൈഡനെക്കാൾ ശരാശരി 9 പോയിന്റിനു പിന്നിലാണെന്നാണ് സർവേകൾ. എന്നാൽ, ഫ്ലോറിഡയും പെൻസിൽവേനിയയും പോലെ നിർണായക സംസ്ഥാനങ്ങളിൽ നേരിയ വ്യത്യാസത്തിനാണെങ്കിലും വിജയം ഉറപ്പാക്കാനായാൽ ഇലക്ടറൽ വോട്ടിൽ ഭൂരിപക്ഷം നേടി ട്രംപിനു വീണ്ടും പ്രസിഡന്റാകാൻ കഴിഞ്ഞേക്കും.
2016ൽ അഭിപ്രായ സർവേകളിൽ മുന്നിട്ടു നിന്ന ഡമോക്രാറ്റ് സ്ഥാനാർഥി ഹിലറി ക്ലിന്റൻ 30 ലക്ഷം ജനകീയ വോട്ടിന്റെ ഭൂരിപക്ഷം നേടിയിരുന്നു. എന്നാൽ ഇലക്ടറൽ വോട്ടിൽ മുന്നിലെത്തിയ ട്രംപ് പ്രസിഡന്റായി. 538 ഇലക്ടറൽ വോട്ടിൽ 270 ആണു ഭൂരിപക്ഷത്തിനു വേണ്ടത്.
ഇന്ത്യൻ സമയം ഇന്നു വൈകിട്ട് 4.30 മുതലുള്ള പോളിങ് പൂർത്തിയായാൽ വോട്ടെണ്ണൽ തുടങ്ങി ആദ്യഫല സൂചനകൾ അറിയാം. എന്നാൽ, തപാൽ വോട്ടുകൾ എണ്ണിത്തിട്ടപ്പെടുത്താൻ വൈകുമെന്നതിനാൽ അന്തിമഫലം വൈകും. സെനറ്റ്, ജനപ്രതിനിധി സഭ, പ്രാദേശിക തിരഞ്ഞെടുപ്പുകളും ഇന്നാണ്.
16 കോടിയാളുകൾ പ്രസിഡൻറ് തെരഞ്ഞെടുപ്പിൽ സമ്മതിദാനവകാശം വിനിയോഗിക്കുന്നത് റെക്കോഡാണെന്ന് ഫ്ലോറിഡ സർവകലാശാലയിലെ പൊളിറ്റിക്കൽ സയൻസ് വിഭാഗം അസോസിയേറ്റ് പ്രഫസറായ മൈക്കൽ പി. മക്ഡൊണാൾഡ് പറഞ്ഞു.
നേരത്തെയുള്ള വോട്ടുകൾ ഡെമോക്രാറ്റ് സ്ഥാനാർഥി ജോ ബൈഡന് ഗുണം ചെയ്യുമെന്നാണ് മക്ഡൊണാൾഡിെൻറ വിലയിരുത്തൽ. മെയിലിലൂടെയും അല്ലതെയുമുള്ള വോട്ടുകളിലെ വർധനവ് തങ്ങൾക്ക് അനുകൂലമാണെന്ന ശുഭാപ്തി വിശ്വാസത്തിലാണ് ഡെമോക്രാറ്റുകൾ. എന്നാൽ റിപബ്ലിക്കൻ പാർട്ടിക്കാരും പ്രതീക്ഷ കൈവിടുന്നില്ല. 2016ലെ പോലെ തന്നെ ഫ്ലോറിഡ, നോർത്ത് കരോലിന എന്നീ സംസ്ഥാനങ്ങളിൽ ഇഞ്ചോടിഞ്ച് പോരാട്ടം വിധി നിർണയിക്കും.
തിരഞ്ഞെടുപ്പ് ഫല പ്രഖ്യാപനം വന്നാൽ ആക്രമണത്തിനു സാധ്യതയുണ്ടെന്നു സൂചനയുള്ളതിനാൽ രാജ്യത്തിന്റെ പല ഭാഗങ്ങളിലും വ്യാപാര വ്യവസായ സ്ഥാപനങ്ങൾ പ്ലൈവുഡ് ഉപയോഗിച്ച് അടച്ചുകൊണ്ടിക്കുന്നു. വൈറ്റ്ഹൗസ് മേഖലയിലും അടിയന്തിരമായി അതീവ സുരക്ഷാ നടപടികൾ ഏർപ്പെടുത്തി. താത്കാലിക ഇരുമ്പുവേലികളുടെ നിർമാണം പൂർത്തിയാക്കിവരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല