1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 3, 2020

സ്വന്തം ലേഖകൻ: യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ വംശീയതയും ക്രമസമാധാനവും കലാപങ്ങളും ആളിപ്പടരുന്ന വിഷയങ്ങളായി മാറുന്ന. കൊറോണ മഹാമാരിയെ പിന്തള്ളി സമീപ കാലത്തെ പ്രതിഷേധങ്ങളും വംശീയ പ്രശ്നങ്ങളും പ്രചരണത്തിന്റെ കുന്തമുനകളായി മാറിക്കഴിഞ്ഞു. ആദ്യ ഘട്ട തിരഞ്ഞെടുപ്പു നടക്കുന്ന വിസ്‌കോണ്‍സിനിലെ കലാപ പ്രശ്‌നത്തിന്റെ നടുവിലേക്ക് ഗവര്‍ണറുടെ അഭ്യര്‍ത്ഥന പോലും മാനിക്കാതെ പ്രസിഡന്റ് ട്രംപ് എത്തിയത് ഇതിന്റെ സൂചനയായിരുന്നു.

അവിടെ മാധ്യമപ്രവര്‍ത്തകരോട് അതിക്രമങ്ങള്‍ക്ക് അമേരിക്കയില്‍ സ്ഥാനമില്ലെന്ന് അദ്ദേഹം ആവര്‍ത്തിച്ച് വ്യക്തമാക്കുകയും ചെയ്തു. ചൊവ്വാഴ്ച വിസ്‌കോണ്‍സിനിലെ കെനോഷയില്‍ നടന്ന ക്രമസമാധാന ചര്‍ച്ചയില്‍ അതിക്രമങ്ങളെ കൈയും കെട്ടി നോക്കിയിരിക്കില്ലെന്നു ശക്തമായ മുന്നറിയിപ്പ് ട്രംപ് നല്‍കി. കലാപം വംശീയ പ്രക്ഷോഭമായി മാറ്റാന്‍ ഡെമോക്രാറ്റിക്ക് പാര്‍ട്ടി നടത്തുന്ന ശ്രമങ്ങള്‍ക്കു വലിയ വില കൊടുക്കേണ്ടി വരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

കറുത്ത വംശജരുടെ പ്രതിഷേധം മനസ്സിലാക്കാം, എന്നാല്‍ രാത്രിയുടെ മറവില്‍ ക്രമസമാധാനം തകര്‍ക്കുകയും വ്യാപാര സ്ഥാപനങ്ങള്‍ നശിപ്പിക്കുകയും ചെയ്യുന്നത് നീതികരിക്കാനാവില്ലെന്നും ട്രംപ് പറഞ്ഞു.
കെനോഷയിലെ ട്രംപ് പങ്കെടുത്ത പരിപാടിയില്‍ ആഫ്രിക്കന്‍ അമേരിക്കക്കാരായ വാര്‍ഡുകള്‍, ബ്ലെയ്ക്കിന്റെ വെടിവെപ്പിനെക്കുറിച്ചു ചോദ്യങ്ങള്‍ ഉയര്‍ത്തി.

മറ്റ് കറുത്ത സമുദായ നേതാക്കളെപ്പോലെ, പൊലീസ് അതിക്രമവും വ്യവസ്ഥാപരമായ പ്രശ്‌നമാണെന്ന് അവര്‍ വിശ്വസിക്കുന്നുണ്ടോ എന്ന് ഒരു റിപ്പോര്‍ട്ടര്‍ വാര്‍ഡുകളോട് ചോദിച്ചപ്പോള്‍ ട്രംപ് ഇടപെട്ടു,

“ഞാന്‍ അത് വിശ്വസിക്കുന്നില്ല. പൊലീസ് അവിശ്വസനീയമായ ജോലി ചെയ്യുന്നുവെന്നും നിങ്ങള്‍ക്ക് എന്തെങ്കിലും മോശം അനുഭവം ഉണ്ടെന്നും ഞാന്‍ കരുതുന്നില്ല. നിങ്ങള്‍ക്ക് മറ്റ് സാഹചര്യങ്ങളും ഉണ്ട്, എന്നാല്‍ അവിടെ അവര്‍ കടുത്ത സമ്മര്‍ദ്ദത്തിലാണ്, അങ്ങനെ നടക്കാന്‍ പാടില്ലാത്തത് അത് സംഭവിക്കുന്നു. അതാണു കാര്യം,” ട്രംപ് പറഞ്ഞു.

പൊലീസിന്റേത് ഒരു പക്ഷേ വ്യക്തിപരമായ ഇടപെടലുകളാവാം. ബ്ലെയ്ക്കിന്റെ കാര്യത്തില്‍ അതാവാം സംഭവിച്ചത്. പൊലീസ് അതിക്രമങ്ങള്‍ ഒരു വ്യവസ്ഥാപരമായ പ്രശ്‌നമല്ലെന്ന് പറയാന്‍ മതിയായ തെളിവുകള്‍ ആവശ്യമാണെന്നും പ്രസിഡന്റ് അഭിപ്രായപ്പെട്ടു.

വ്യവസ്ഥാപരമായ വംശീയത അമേരിക്കയില്‍ ഒരു പ്രശ്‌നമാണെന്ന് കരുതുന്നുണ്ടോ എന്ന് ട്രംപിനോട് വ്യക്തിപരമായി ഒരു മാധ്യമപ്രവര്‍ത്തകന്‍ ചോദിച്ചപ്പോള്‍, ഇത് അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സമാധാനപരമായ പ്രതിഷേധം രാജ്യത്തുടനീളം നടക്കുന്നുണ്ടെന്നായിരുന്നു ട്രംപിന്റെ കരുതലോടെയുള്ള പ്രതികരണം.

ഡെമോക്രാറ്റിക്, റിപ്പബ്ലിക്കന്‍ കണ്‍വെന്‍ഷനുകളുടെ ഹ്രസ്വ ഇടവേളയ്ക്ക് ശേഷം ട്രംപ് 2020 ക്യാപയിൻ ബുധനാഴ്ച അഞ്ച് പ്രധാന വോട്ടിംഗ് സംസ്ഥാനങ്ങളില്‍ പുതിയ പരസ്യപ്രചാരണങ്ങള്‍ക്കു തുടക്കമിട്ടു. രാജ്യമെമ്പാടുമുള്ള നഗരങ്ങളിലെ അസ്വസ്ഥതകള്‍ക്കിടയില്‍ പ്രസിഡന്റ് ട്രംപ് ‘ക്രമസമാധാനം’ എന്ന വലിയ സന്ദേശത്തില്‍ പുതിയ ശ്രദ്ധ കേന്ദ്രീകരിച്ചു എന്നതും ശ്രദ്ധേയം. കണ്‍വെന്‍ഷനുകളില്‍ യുദ്ധസമാനമായ അവസ്ഥകളുള്ള സംസ്ഥാനങ്ങളില്‍ ടെലിവിഷന്‍ പരസ്യങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചിരിക്കുകയാണ്. ഫ്ലോറിഡ, ജോര്‍ജിയ, നോര്‍ത്ത് കരോലിന, വിസ്‌കോണ്‍സിന്‍, മിനസോട്ട എന്നീ നേരത്തേ വോട്ട്‌ ചെയ്യുന്ന അഞ്ച് സംസ്ഥാനങ്ങളില്‍ പുതിയ പരസ്യങ്ങള്‍ ഒരുങ്ങുന്നുണ്ട്.

അതിനിടെ ജോ ബൈഡനെ പിന്തുണച്ച് നിരവധി പേര്‍ രംഗത്തെത്തുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. ചെറിയ തുകകള്‍ സംഭാവന ചെയ്തും ബൈഡന് അനുകൂലമായി സോഷ്യല്‍ മീഡിയയില്‍ പോസ്റ്റുകള്‍ പങ്കുവെച്ചുമാണ് നിരവധി പേര്‍ രംഗത്തെത്തുന്നത്.

ആഗ്‌സത് മാസത്തില്‍ മാത്രം ബൈഡന് 364 മില്ല്യണാണ് സംഭാവനയായി ലഭിച്ചത്. ഇത് റെക്കോര്‍ഡ് തുകയാണെന്ന് വാര്‍ത്താ ഏജന്‍സിയായ എ.എഫ്.പി റിപ്പോര്‍ട്ടു ചെയ്യുന്നു. ഇതില്‍ തന്നെ 205 മില്ല്യണ്‍ ചെറിയ തുകയായാണ് ലഭിച്ചത് എന്നത് ബൈഡനുള്ള ജന പിന്തുണ സൂചിപ്പിക്കുന്നതാണ്.

കൊറോണ വൈറസിനെ തുടര്‍ന്ന് തെരഞ്ഞെടുപ്പ് പ്രക്രിയകളുമായി ബന്ധപ്പെട്ട സംഭാവനകള്‍ ഓണ്‍ലൈന്‍ ആയാണ് സ്വീകരിക്കുന്നത്. അമേരിക്കയിലെ സാമ്പത്തിക പ്രതിസന്ധി തുക സമാഹരണത്തിനെ ബാധിച്ചിരുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

ഇതിന് മുന്‍പ് അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ബരാക് ഒബാമയ്ക്കാണ് ഏറ്റവും കൂടുതല്‍ തുക സംഭാവനയായി ലഭിച്ചത്. ന്യൂയോര്‍ക്ക് ടൈംസിന്റെ റിപ്പോര്‍ട്ട് പ്രകാരം ഇത് 200 മില്ല്യണായിരുന്നു.

സംഭാവനയായി ഇത്രയധികം തുക ലഭിക്കുന്നത് തന്നെ വളരെ സന്തോഷവാനാക്കുന്നുവെന്നും പിന്താങ്ങുന്നവര്‍ക്കെല്ലാം നന്ദി അറിയിക്കുന്നുവെന്നും ബൈഡന്‍ പറഞ്ഞു. ഡെമോക്രാറ്റിക്ക് വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥി കമല ഹാരിസിനും മികച്ച പിന്തുണയാണ് ജനങ്ങളില്‍ നിന്ന് ലഭിക്കുന്നതെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.