
സ്വന്തം ലേഖകൻ: യുഎസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ കേവലഭൂരിപക്ഷത്തിന് ആവശ്യമായ വോട്ട് നേടി ഡെമോക്രാറ്റിക് സ്ഥാനാർഥി ജോ ബൈഡൻ വിജയിച്ചിട്ടും തോൽവി അംഗീകരിക്കാതെ ഡോണൾഡ് ട്രംപ്. 7.1 കോടി നിയമാനുസൃത വോട്ട് നേടി താനാണ് ജയിച്ചതെന്ന് ട്രംപ് അവകാശപ്പെട്ടു.
“നിരീക്ഷകരെ വോട്ടെണ്ണൽ മുറികളിലേക്ക് അനുവദിച്ചില്ല. 7.1 കോടി നിയമാനുസൃത വോട്ട് നേടി താനാണ് ജയിച്ചത്. മുമ്പ് നടക്കാത്ത വിധം മോശം കാര്യങ്ങൾ നടന്നിരിക്കുന്നു. ദശലക്ഷക്കണക്കിന് മെയിൽ ഇൻ ബാലറ്റുകളാണ് ആവശ്യപ്പെടാത്ത ആളുകൾക്ക് അയച്ചത്,” ട്രംപ് ട്വീറ്റിൽ ആരോപിച്ചു. ഒരു സിറ്റിങ് പ്രസിഡന്‍റ് നേടുന്ന ഏറ്റവും വലിയ വോട്ട് താൻ നേടിയിരിക്കുകയാണെന്നും ട്രംപ് മറ്റൊരു ട്വീറ്റിൽ പറഞ്ഞു.
തിരഞ്ഞെടുപ്പു ദിവസം രാത്രി എട്ടിനുശേഷം ലഭിച്ച തപാൽ വോട്ടുകൾ വേർതിരിച്ചെടുക്കാൻ പെൻസിൽവേനിയയിലെ തിരഞ്ഞെടുപ്പ് അധികൃതർക്ക് യുഎസ് സുപ്രീം കോടതി നിർദേശം നൽകി. ഈ ബാലറ്റുകൾ പ്രത്യേകം എണ്ണണമെന്നും വെള്ളിയാഴ്ച രാത്രി നൽകിയ ഉത്തരവിൽ ജഡ്ജി സാമുവൽ എ അലീറ്റോ ആവശ്യപ്പെട്ടു. റിപ്പബ്ലിക്കൻ പാർട്ടിയുടെ പെൻസിൽവേനിയ ഘടകം നൽകിയ ഹർജിയിലാണ് ഉത്തരവ്.
20 ഇലക്ടറർ വോട്ടുകളുള്ള പെൻസിൽവേനിയയിലെ ഫലം നിർണായകമായ സാഹചര്യത്തിലാണു കോടതി ഇടപെടൽ. കഴിഞ്ഞ 3നു തിരഞ്ഞെടുപ്പു സമയം അവസാനിച്ച രാത്രി എട്ടിനുശേഷവും ഒട്ടേറെ തപാൽവോട്ടുകളെത്തിയെന്നാണു റിപ്പബ്ലിക്കൻ പാർട്ടിയുടെ ആരോപണം. ഈ ബാലറ്റുകൾ എണ്ണരുതെന്നാണ് ആവശ്യം. എന്നാൽ തിരഞ്ഞെടുപ്പു ദിവസത്തിനു മുൻപേ അയച്ച തപാൽവോട്ടുകൾ തിരഞ്ഞെടുപ്പു ദിവസം കഴിഞ്ഞു 3 ദിവസം വരെ സ്വീകരിക്കാമെന്നു പെൻസിൽവേനിയ സംസ്ഥാന സുപ്രീം കോടതി തന്നെ വിധിച്ചിരുന്നു.
ഈ വിധിയിൽ ഇടപെടാൻ സുപ്രീം കോടതി നേരത്തേ രണ്ടുവട്ടവും വീസമ്മതിച്ചതാണ്. എന്നാൽ വെള്ളിയാഴ്ച രാത്രി നൽകിയ അടിയന്തര ഹർജി സ്വീകരിച്ചാണു പുതിയ ഉത്തരവ്. തുടക്കത്തിൽ ലീഡ് ചെയ്തിരുന്നുവെങ്കിലും തപാൽ വോട്ടുകൾ എണ്ണാൻ തുടങ്ങിയതോടെ പെൻസിൽവേനിയയിൽ ട്രംപ് പിന്നിലായി. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ഇവിടെ ട്രംപിനായിരുന്നു ജയം.
അതേസമയം, പ്രസിഡന്റ് ട്രംപിന്റെ തിരഞ്ഞെടുപ്പ് പരാജയം യുഎസ് ചരിത്രത്തില്‍ ഒരു പൊതു തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ വൈറ്റ് ഹൗസ് നഷ്ടപ്പെടുന്ന പതിനൊന്നാമത്തെ സിറ്റിംഗ് പ്രസിഡന്റിന്റേതാണ്. അവസാനമായി ട്രംപിന് മുന്നേ ഈ തോൽവി നേരിടേണ്ടി വന്നത് ജോര്‍ജ്ജ് എച്ച്.ഡബ്ല്യു. ബുഷിനാണ്, 1992 ല്‍.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല