
സ്വന്തം ലേഖകൻ: യുഎസും റഷ്യയും തമ്മിലുണ്ടാക്കിയ ആണവായുധ നിയന്ത്രണക്കരാറുകളില്‍ അവശേഷിക്കുന്ന ഏക ധാരണയിലെ പങ്കാളിത്തം തത്കാലത്തേക്ക് അവസാനിപ്പിക്കുകയാണെന്ന് പ്രസിഡന്റ് വ്‌ലാദിമിര്‍ പുടിൻ. യുക്രൈന്‍ അധിനിവേശത്തിന്റെ ഒന്നാം വാര്‍ഷികം അടുത്തിരിക്കെ രാഷ്ട്രത്തോടു നടത്തിയ പ്രസംഗത്തിലാണ് റഷ്യന്‍ പ്രസിഡന്റ് ഇക്കാര്യം പ്രഖ്യാപിച്ചത്.
യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ അപ്രതീക്ഷിതമായി യുക്രൈന്‍ സന്ദര്‍ശിച്ച് 50 കോടി ഡോളറിന്റെ (4377 കോടി രൂപ) ആയുധങ്ങള്‍കൂടി വാഗ്ദാനംചെയ്തതിനു പിന്നാലെയാണ് ഇത്. 2022 ഫെബ്രുവരി 24-ന് ആരംഭിച്ച യുദ്ധത്തില്‍ യുക്രൈനൊപ്പം നില്‍ക്കുന്ന പാശ്ചാത്യരാജ്യങ്ങളുമായുള്ള റഷ്യയുടെ സംഘര്‍ഷം കൂട്ടുന്നതാണ് പുതിന്റെ പ്രഖ്യാപനം.
അതേസമയം, റഷ്യയ്‌ക്കെതിരേ പാശ്ചാത്യ രാജ്യങ്ങള്‍ ഒന്നിക്കുന്നുവെന്ന ആരോപണത്തെ യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ തള്ളിക്കളഞ്ഞു. പോളണ്ടിലെ വാഴ്‌സയില്‍ നടന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. റഷ്യയുടെ ശക്തമായ ആക്രമണത്തിനിടയിലും യുക്രൈന്‍ സ്വതന്ത്ര രാജ്യമായി തുടരുന്നുവെന്നും അവര്‍ക്കുള്ള പിന്തുണ തുടരുമെന്നും ബൈഡന്‍ പറഞ്ഞു. യുക്രൈനെതിരായ യുദ്ധം റഷ്യയ്ക്ക് ഒരിക്കലും വിജയമാകില്ലെന്നും അദ്ദേഹം പറഞ്ഞു.
ആണവയുദ്ധം തടയുക എന്ന ഉദ്ദേശ്യത്തോടെ 2010-ല്‍ അന്നത്തെ യുഎസ് പ്രസിഡന്റ് ബരാക് ഒബാമയും റഷ്യന്‍ പ്രസിഡന്റ് ദിമിത്രി മെദ്വദെവും ഉണ്ടാക്കിയതാണ് ന്യൂ സ്റ്റാര്‍ട്ട് കരാര്‍. ഇരു രാജ്യങ്ങള്‍ക്കും വിന്യസിക്കാവുന്ന ആണവായുധങ്ങളുടെ എണ്ണം 1550-ആയും ദീര്‍ഘദൂര മിസൈലുകളുടെയും ബോംബറുകളുടെയും എണ്ണം 700 ആയും നിശ്ചയിച്ചു.
ഈ പരിധി ലംഘിക്കുന്നില്ലെന്നുറപ്പാക്കാന്‍ ഇരുരാജ്യങ്ങളും ഓരോവര്‍ഷവും പരസ്പരം 18 തവണ ആണവകേന്ദ്രങ്ങള്‍ പരിശോധിക്കാമെന്നും വ്യവസ്ഥ ചെയ്തു. 2011-ല്‍ കരാര്‍ നിലവില്‍വന്നു. 10 വര്‍ഷമായിരുന്നു കാലാവധി. 2021-ല്‍ ജോ ബൈഡന്‍ യുഎസ് പ്രസിഡന്റായതിനു പിന്നാലെ ഇത് ആഞ്ചുവര്‍ഷത്തേക്കുകൂടി നീട്ടി. കോവിഡ് വന്നതോടെ ആണവായുധങ്ങളുടെ പരിശോധന തടസ്സപ്പെട്ടു.
ലോകത്ത് ഏറ്റവുമധികം ആണവായുധങ്ങള്‍ കൈവശമുള്ള രാജ്യങ്ങളെന്ന നിലയിലാണ് യുഎസും റഷ്യയും ഇങ്ങനെയൊരു കരാറുണ്ടാക്കിയത്. മോസ്‌കോ: റഷ്യയെ തീര്‍ക്കാര്‍ യുക്രൈന്‍ യുദ്ധത്തെ പാശ്ചാത്യലോകം ഉപയോഗിക്കുകയാണെന്ന് പ്രസിഡന്റ് വ്‌ലാദിമിര്‍ പുടിൻ ആരോപിച്ചു. പാശ്ചാത്യ ഉപരോധങ്ങളെ റഷ്യ വിജയകരമായി ചെറുത്തെന്നും അദ്ദേഹം പറഞ്ഞു.
യുക്രൈന്‍ യുദ്ധത്തിന് എണ്ണപകര്‍ന്നതിന്റെയും അത് വലുതാക്കിയതിന്റെയും ഇരകളുടെ എണ്ണം കൂടിയതിന്റെയുമെല്ലാം ഉത്തരവാദിത്വം പാശ്ചാത്യ വരേണ്യര്‍ക്കാണ്. യുക്രൈനിലെ നവനാസികളെ പാശ്ചാത്യര്‍ പിന്തുണയ്ക്കുകയാണെന്നും പുടിൻ ആരോപിച്ചു.
2014-നുശേഷം യുക്രൈനില്‍ ഉയര്‍ന്നുവന്ന നവനാസികളെ ഇല്ലായ്മചെയ്യുക എന്ന ലക്ഷ്യം പടിപടിയായി റഷ്യ നേടുമെന്നും അദ്ദേഹം പറഞ്ഞു. റഷ്യയെ വഞ്ചിക്കുന്നവരെ ശിക്ഷിക്കുമെന്നു പറഞ്ഞ അദ്ദേഹം ബാലലൈംഗികതയാണ് പാശ്ചാത്യരുടെ രീതിയെന്നും ആരോപിച്ചു. പാശ്ചാത്യലോകത്തെ ലിംഗ, ലൈംഗിക സ്വാതന്ത്ര്യത്തെ നിരന്തരം എതിര്‍ക്കുന്നയാളാണ് പുടിൻ.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല