1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 8, 2021

സ്വന്തം ലേഖകൻ: യുഎസിൽ വാടക കുടിശിക പെരുകുന്നു. ദശലക്ഷക്കണക്കിന് വാടകക്കാരാണ് രാജ്യത്തു കഷ്ടപ്പെടുന്നത്. വാടകയ്ക്ക് വേണ്ടി ക്രെഡിറ്റ് കാര്‍ഡുകളെ പലരും കാര്യമായി ആശ്രയിക്കുകയാണ്. എന്നാല്‍ ഇതും അവസാനിക്കുന്നതോടെ പലരും വീട് വിട്ടിറങ്ങേണ്ടി വരും

കൂടാതെ വാടകകുടിശികയില്‍ പലരും വലിയ തോതില്‍ കാല താമസം വരുത്തുന്നതിനാൽ പല കുടുംബങ്ങളും വീടുകളിൽ ഒന്നിച്ച് താമസിക്കാന്‍ തയ്യാറെടുക്കുകയാണ്. ഭവന ചെലവ് പങ്കിടാന്‍ മറ്റുള്ളവരെ കണ്ടെത്തുന്ന തിരക്കിലാണ് പലരും.

ഏകദേശം 11 ദശലക്ഷം കുടുംബങ്ങള്‍, അതായത് നാല് യുഎസ് വാടകക്കാരില്‍ ഒരാള്‍ വീതം, അവരുടെ പ്രീ ടാക്‌സ് വരുമാനത്തിന്റെ പകുതിയിലധികം വീട് എന്ന ആവശ്യത്തിനായാണ് ചെലവഴിക്കുന്നതെന്ന് കണക്കുകൾ കാണിക്കുന്നു. വളരെ താഴ്ന്ന വരുമാനമുള്ള ഓരോ 100 കുടുംബങ്ങള്‍ക്കും, 36 വാടകവീടുകള്‍ മാത്രമേ താഴ്ന്ന വിലയ്ക്ക് ലഭ്യമാകൂ.

ഇത് കൊവിഡ് മഹാമാരിയ്ക്ക് തൊട്ടു മുമ്പുള്ള കണക്കുകളാണെങ്കിൽ വൈ റസ് വ്യാപനം ഒരു വർഷം പിന്നിടുമ്പോൾ സ്ഥിതി അതീവ ഗുരുതരമാണ്. ഫെഡറല്‍ റിസര്‍വ് ബാങ്ക് ഓഫ് ഫിലാഡല്‍ഫിയ നടത്തിയ പഠനത്തില്‍, പാന്‍ഡെമിക്കില്‍ ജോലി നഷ്ടപ്പെട്ട തൊഴിലാളികള്‍ എല്ലാവരും കൂടി ഇതുവരെ 11 ബില്യണ്‍ ഡോളര്‍ വാടക കുടിശ്ശിക വരുത്തിയതായി വ്യക്തമാക്കുന്നു.

മൂഡീസ് അനലിറ്റിക്‌സിന്റെ കണക്ക് അനുസരിച്ച് വാടകക്കാരുടെ ജനുവരി വരെയുള്ള ആകെ കുടിശിക 53 ബില്യണ്‍ ഡോളര്‍ കടന്നിട്ടുണ്ട്. അടുത്ത മാസത്തെ വാടക കൊടുക്കുന്നത് എങ്ങനെയാണെന്ന ആശങ്കയിൽ ഭക്ഷണവും മറ്റ് അവശ്യവസ്തുക്കളും ബില്ലുകളും വെട്ടിക്കുറയ്ക്കുകയാണ് പലരും.

വെള്ളിയാഴ്ച യുഎസ് സെനറ്റ് പാസാക്കിയ 1.9 ട്രില്യൺ കൊവിഡ് 19 റിലീഫ് പാക്കേജിന്റെ ഭാഗമായി 60,000 ഡോളർ വ്യക്തിഗത വാർഷിക വരുമാനമുള്ളവർക്ക് 1400 ഡോളർ പൂർണ്ണമായും ലഭിക്കുമെന്ന് ട്രഷററി സെക്രട്ടറി ജാനറ്റ് യെല്ലൻ പറഞ്ഞു. എലിമെന്ററി സ്കൂൾ അധ്യാപകനോ, പൊലീസുകാരനോ ഏകദേശം 60,000 ഡോളർ വാർഷിക വരുമാനം ലഭിക്കുമ്പോൾ അവരുടെ കുട്ടികളുടെ വിദ്യാഭ്യാസത്തിന് ആവശ്യമായ പണം കണ്ടെത്തുക വിഷമകരമാണെന്നും അങ്ങനെയുള്ളവരെ സഹായിക്കുക എന്നതാണ് ബൈഡൻ അഡ്മിനിസ്ട്രേഷന്റെ നയമെന്നും സെക്രട്ടറി വ്യക്തമാക്കി.

ട്രംപ് ഭരണത്തിൽ സ്റ്റിമുലസ് ചെക്ക് ലഭിക്കുന്നതിന് നിശ്ചയിച്ചിരുന്ന വ്യക്തിഗത വാർഷിക വരുമാനം 75,000 ഡോളർ ആയിരുന്നു. എന്നാൽ അതു 50,000 ആക്കി കുറക്കുമെന്ന തീരുമാനം ശരിയല്ലാ എന്നതിനാലാണ് 60,000 ആയി നിശ്ചയിച്ചിരിക്കുന്നത്.

ഡമോക്രാറ്റിക് പാർട്ടിക്ക് ഇതുവരെ വ്യക്തമായ ഒരു തീരുമാനം സ്റ്റിമുലസ് ചെക്കിന്റെ കാര്യത്തിൽ കണ്ടെത്താനായിട്ടില്ലെങ്കിലും, രണ്ടാഴ്ചയ്ക്കകം സ്റ്റിമുലസ് ചെക്കുകൾ ലഭിച്ചു തുടങ്ങുമെന്ന് സ്പീക്കർ നാൻസി പെലോസി ഉറപ്പു നൽകി. ട്രംപ് നിശ്ചയിച്ച വാർഷിക വരുമാനത്തിനനുസൃതമായി ഒരു തീരുമാനം ഉണ്ടാകുകയില്ലെന്നാണ് ഇതുവരെയുള്ള റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

കൊവിഡ് വാക്സീനേഷൻ കാർഡുകൾ സമൂഹമാധ്യമങ്ങളിൽ ഒരു കാരണവശാലും പോസ്റ്റ് ചെയ്യരുതെന്ന് ബെറ്റർ ബിസിനസ് ബ്യൂറോ (ബിബിബി) മുന്നറിയിപ്പ് നൽകി. എൽറിനൊ പൊലീസ് ഡിപ്പാർട്ട്മെന്റ് മേജർ കിർക്കാണ ഇങ്ങനെയൊരു സൂചന നൽകിയിരിക്കുന്നത്. ഓൺലൈനിൽ പോസ്റ്റ് ചെയ്യുന്ന കാർഡിൽ വ്യക്തിഗത തിരിച്ചറിയൽ വിവരങ്ങൾ ഉൾപ്പെട്ടിട്ടുള്ളതിനാൽ മറ്റുള്ളവർ അതു മോഷ്ടിക്കുന്നതിന് ഇടയാകുമെന്നും റിപ്പോർട്ടുകൾ പറയുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.