1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 1, 2017

സ്വന്തം ലേഖകന്‍: സിറിയന്‍ നയത്തില്‍ മലക്കം മറിഞ്ഞ് അമേരിക്ക, പ്രസിഡന്റ് അസദിനെ പിന്തണുക്കുന്ന റഷ്യന്‍ നിലപാടാണെന്ന് ശരിയെന്ന് പുതിയ നയം. സിറിയയില്‍ ആറു വര്‍ഷമായി തുടരുന്ന നയമാണ് ട്രംപ് ഭരണകൂടം ഒറ്റയടിക്ക് മാറ്റിയത്. നേരത്തെ, പ്രസിഡന്റ് ബശ്ശാര്‍ അല്‍അസദിനെ അധികാരത്തില്‍നിന്ന് മാറ്റിയാല്‍ മാത്രമേ സിറിയയില്‍ രാഷ്ട്രീയ പരിഹാരം സാധ്യമാകൂ എന്ന് വാശി പിടിച്ചിരുന്ന അമേരിക്ക ബശ്ശാറിനെ താഴെയിറക്കുക എന്നതല്ല തങ്ങളുടെ ആത്യന്തിക ലക്ഷ്യമെന്ന് മലക്കം മറിയുകയായിരുന്നു.

ബശ്ശാറിനെ താഴെയിറക്കുക എന്നതല്ല തങ്ങളുടെ ആത്യന്തിക ലക്ഷ്യമെന്നും ഈ നിലപാടുമായി അമേരിക്ക മുന്നോട്ടു പോകില്ലെന്നും യു.എന്നിലെ അമേരിക്കന്‍ അംബാസഡര്‍ നിക്കി ഹാലി അറിയിച്ചു. റഷ്യയും തുര്‍ക്കിയും മുന്നോട്ടുവെക്കുന്ന പുതിയ രാഷ്ട്രീയ പരിഹാരമാണ് അടിയന്തരമായി വേണ്ടത്. സിറിയന്‍ വിഷയത്തില്‍ തങ്ങളുടെ മുന്‍ഗണനാ ക്രമത്തില്‍ മാറ്റം വരുത്തുകയാണ് അമേരിക്കയെന്നും നിക്കി ഹാലി മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.

തുര്‍ക്കി സന്ദര്‍ശനത്തിനിടെ അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി റെക്‌സ് ടില്ലേഴ്‌സണും ഇതേ നിലപാട് ആവര്‍ത്തിച്ചിരുന്നു. ബശ്ശാര്‍ തുടരണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് സിറിയന്‍ ജനതയാണെന്ന് അദ്ദേഹം വെള്ളിയാഴ്ച തുര്‍ക്കി വിദേശകാര്യമന്ത്രി മെവ്‌ലൂത് ജാവുസോഗ്ലുവുമൊത്ത് നടത്തിയ സംയുക്ത വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി. അതേസമയം, അമേരിക്കയുടെ നിലപാട് മാറ്റത്തെ സിറിയന്‍ പ്രതിപക്ഷ സംഘടനകളുടെ കൂട്ടായ്മ വിമര്‍ശിച്ചു.

ബശ്ശാറിനെ നിലനിര്‍ത്തിക്കൊണ്ടുള്ള ഏത് പരിഹാരനിര്‍ദേശങ്ങളും തള്ളിക്കളയുമെന്ന് പ്രതിപക്ഷ കക്ഷികളുടെ കൂട്ടായ്മയായ ഹൈ നെഗോസിയേഷന്‍ കമ്മിറ്റി വ്യക്തമാക്കി. ഭാവിയിലെ സിറിയന്‍ ഭരണസംവിധാനത്തില്‍ അസദിന്റെ പങ്കിനെ കുറിച്ച് ചിന്തിക്കാനാകില്ലെന്ന നിലപാടാണ് സിറിയയിലെ പ്രതിപക്ഷത്തിന്റേത്. എന്നാല്‍ അസദ് സ്വന്തം ജനതയ്ക്കു നേരെ നടത്തിയ ക്രൂരതകള്‍ അംഗീകരിക്കുന്നില്ലെന്ന് നിക്കി പറഞ്ഞു. അസദിന്റെ നേതൃത്വത്തില്‍ നടത്തിയ മനുഷ്യാവകാശ ധ്വംസനങ്ങള്‍ അപലപിക്കുന്നുവെന്നും നിക്കി വ്യക്തമാക്കി.

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.