1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 18, 2021

സ്വന്തം ലേഖകൻ: അമേരിക്കയിലേയും ഓസ്‌ട്രേലിയയിലേയും സ്ഥാനപതികളെ തിരിച്ചു വിളിച്ച് ഫ്രാന്‍സിന്റെ പ്രതിഷേധം. ബ്രിട്ടന്‍ അമേരിക്ക എന്നിവരുമായുള്ള പുതിയ സുരക്ഷാ കരാറിന് പിന്നാലെ ഫ്രഞ്ച് നിര്‍മിത അന്തര്‍വാഹിനികള്‍ വാങ്ങാനുള്ള ധാരണയില്‍ നിന്ന് ഓസ്‌ട്രേലിയ പിന്‍മാറിയതിനെ തുടര്‍ന്നാണ് നടപടി. പ്രസിഡന്റ് ഇമ്മാനുവേല്‍ മാക്രോണിന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് നടപടിയെന്ന് ഫ്രഞ്ച് വിദേശകാര്യ മന്ത്രി ജീന്‍ വെസ് ലെ ഡ്രെയിന്‍ പറഞ്ഞു.

അമേരിക്ക, ബ്രിട്ടന്‍, ഓസ്‌ട്രേലിയ എന്നവരുടെ ത്രിരാഷ്ട്ര സഖ്യമായ ഓക്കസ് സെപ്റ്റംബര്‍ 15ന് നടത്തിയ പ്രസ്താവനകളാണ് തീരുമാനത്തിന് കാരണമെന്നും വിദേശകാര്യ മന്ത്രി പറയുന്നു. 2016ല്‍ ഓസ്‌ട്രേലിയയുമായി ഉണ്ടാക്കിയ 90 ബില്യണ്‍ ഓസ്‌ട്രേലിയന്‍ ഡോളറിന്റെ കരാര്‍ പിന്‍വലിച്ചതാണ് ഫ്രാന്‍സിനെ പ്രകോപിപ്പിച്ചത്. അമേരിക്ക ബ്രിട്ടന്‍ എന്നിവരില്‍ നിന്ന് ആണവ ശേഷിയുള്ള അന്തര്‍വാഹിനികള്‍ വാങ്ങാനുള്ള തീരുമാനത്തിന്റെ ഭാഗമായി തങ്ങളുമായുള്ള കരാര്‍ പിന്‍വലിച്ചത് നിരാശാജനകമാണെന്ന് ഫ്രാന്‍സ് പറയുന്നു.

മറ്റു മേഖലകളില്‍ ഓസ്‌ട്രേലിയയുമായി നടത്തുന്ന സഹകരണത്തെക്കുറിച്ചും പുനരാലോചിക്കേണ്ടിവരുമെന്നാണ് ഫ്രഞ്ച് നിലപാട്. ഫ്രാന്‍സിന്റെ നിലപാട് ഖേദകരമാണെന്നാണ് അമേരിക്ക പ്രതികരിച്ചത്. ചര്‍ച്ചകളിലൂടെ പ്രശ്‌നം പരിഹരിക്കാന്‍ ശ്രമിക്കുമെന്നും വൈറ്റ് ഹൗസ് വ്യക്തമാക്കി. അതേസമയം അമേരിക്കയേയും ഓസ്‌ട്രേലിയയേയും വിമര്‍ശിക്കുന്ന ഫ്രാന്‍സ് ബ്രിട്ടനെതിരെ മൗനം തുടരുകയാണ്. ഫ്രാന്‍സുമായുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ശ്രമിക്കുമെന്ന് ഓസ്‌ട്രേലിയന്‍ വിദേശകാര്യ മന്ത്രി മെരീസ് പെയ്ന്‍ പ്രതികരിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.