
സ്വന്തം ലേഖകൻ: കൊവിഡ് വ്യാപനത്തിനിടെ തൊഴില്‍ മേഖല ദുര്‍ബലമാകുന്നത് അമേരിക്കന്‍ സമ്പദ്‌വ്യവസ്ഥയ്ക്ക് തിരിച്ചടിയാകുന്നു. ബൈഡൻ്റെ കീഴിൽ പുതിയ സാമ്പത്തിക വേഗത കൈവരിക്കുമെന്ന പ്രതീക്ഷ നിലനിൽക്കുമ്പോഴും നിരാശാജനകമായ കണക്കുകളാണ് തൊഴിൽ വിപണി നൽകുന്നത്. തൊഴിലില്ലായ്മ നിരക്ക് 6.7 ശതമാനത്തില്‍ നിന്ന് 6.3 ശതമാനമായി കുറഞ്ഞത് മാത്രമാണ് 2021 ലെ എടുത്തു പറയാവുന്ന നേട്ടം.
ജനുവരിയിൽ 9,65000 പേരാണ് തൊഴിലില്ലായ്മ ആനുകൂല്യം കൈപ്പറ്റുന്നതിനായി അപേക്ഷ നൽകിയത്. കൊവിഡിന്റെ രണ്ടാം തരംഗം കാരണം ഓഗസ്റ്റിന് ശേഷമുള്ള ഏറ്റവും വലിയ കുതിപ്പാണ് ഇത്. ഇനിയും ഇത് ഉയരങ്ങളിലേക്ക് എത്തുമെന്നാണ് സൂചന. ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിലയിലാണ് തൊഴിലില്ലായ്മ നിരക്ക് ഈ വർഷം തുടങ്ങിയത്.
കൊവിഡിന് മുമ്പ് രണ്ടരലക്ഷത്തില്‍ താഴെയായിരുന്നു തൊഴിലില്ലായ്മ ആനുകൂല്യം പറ്റുന്നവരുടെ എണ്ണം. കൊവിഡിന് ശേഷം ആനുകൂല്യങ്ങള്‍ക്കായുള്ള അപേക്ഷകള്‍ ഏഴ് മില്യണിലെത്തി. മുമ്പുണ്ടായിരുന്നതിനേക്കാള്‍ പത്തിരട്ടിയായിട്ടായിരുന്നു വര്‍ധന. പിന്നീട് സെപ്റ്റംബര്‍ മുതല്‍ ഓരോ ആഴ്ച്ചയും ഇത് വര്‍ധിക്കുകയായിരുന്നു. ചൊവ്വാഴ്ച്ച മാത്രം 4300 മരണങ്ങളാണ് അമേരിക്കയില്‍ റിപ്പോര്‍ട്ട് ചെയ്തത്. ജനങ്ങള്‍ പുറത്തേക്ക് ഇറങ്ങാന്‍ മടിക്കുകയാണ്. ഈ സാഹചര്യത്തില്‍ റെസ്റ്റോറന്റുകളും ബാറുകളും അടച്ച് പൂട്ടിയിരിക്കുകയാണ്.
5.3 മില്യണ്‍ പേരാണ് പുതിയതായി തൊഴിലില്ലായ്മ ആനുകൂല്യങ്ങള്‍ക്കായി അപേക്ഷിച്ചിരിക്കുന്നത്. നേരത്തെ ഇത് 5.1 മില്യണായിരുന്നു. രണ്ട് പദ്ധതികള്‍ പ്രകാരമാണ് ഇപ്പോള്‍ ആനുകൂല്യങ്ങള്‍ തൊഴിലില്ലാത്തവര്‍ക്ക് ലഭിക്കുന്നത്. ട്രംപ് പലതും വൈകിപ്പിച്ചു എന്ന പരാതിയും വ്യാപകമാണ്.
ഡിസംബറിലെ തൊഴില്‍ റിപ്പോര്‍ട്ടില്‍ യുഎസ് വിപണി കടുത്ത ദൗര്‍ബല്യമാണ് നേരിടുന്നതെന്ന് പറയുന്നുണ്ട്. പലരും തൊഴിലാളികളെ കൂട്ടത്തോടെ പിരിച്ചുവിടുകയാണ്. വലിയ തൊഴില്‍ മേഖലയില്‍ തൊഴില്‍ നഷ്ടം കുറവാണെന്ന് റിപ്പോര്‍ട്ട് പറയുന്നു. ഒരുപാട് ജോലിക്കാരെ പിരിച്ചുവിടാതിരിക്കാന്‍ പലരും ശ്രമിച്ചിട്ടുണ്ട്. നിര്‍മാണ മേഖലയിലും എഞ്ചിനീയറിംഗ് ആര്‍ക്കിടെക്ച്ചര്‍ മേഖലയിലും അത്രത്തോളം തൊഴില്‍ നഷ്ടമുണ്ടായിട്ടില്ല. ഡിസംബറില്‍ കൂടുതല്‍ പേര്‍ക്ക് ഈ മേഖല തൊഴില്‍ നല്‍കുകയും ചെയ്തു. പല കമ്പനികളും പുതിയ ആളുകളെ ജോലിക്കെടുക്കാനും താല്‍പര്യപ്പെടുന്നില്ല.
വീണ്ടെടുക്കല്‍ ശക്തിപ്പെടുത്തുന്നതിനായി പ്രസിഡന്റ് ബൈഡനും കോണ്‍ഗ്രസ് ഡെമോക്രാറ്റുകളും 1.9 ട്രില്യണ്‍ ഡോളര്‍ ദുരിതാശ്വാസ നടപടികളുമായി മുന്നോട്ടു പോവുകയാണ്. നഷ്ടപ്പെട്ട 22 ദശലക്ഷം ജോലികളില്‍ പകുതിയിലധികം സമ്പദ്‌വ്യവസ്ഥ വീണ്ടെടുത്തിട്ടുണ്ടെങ്കിലും, ദശലക്ഷക്കണക്കിന് ആളുകള്‍ ദീര്‍ഘകാലമായി തൊഴില്‍രഹിതരാണ്. എന്നാലിവരെ സാങ്കേതികമായി തൊഴിലില്ലാത്തവരായി കണക്കാക്കാൻ കഴിയില്ല എന്നതാണ് നിലവിൽ ബൈഡൻ സർക്കാർ നേരിടുന്ന പ്രതിസന്ധി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല