സ്വന്തം ലേഖകന്‍: ഇറാനില്‍ നിന്ന് എണ്ണ വാങ്ങരുത്; ഇന്ത്യയ്ക്ക് മുന്നറിയിപ്പുമായി അമേരിക്ക. ഇറാനില്‍നിന്നുള്ള എണ്ണ ഇറക്കുമതി നവംബറോടെ അവസാനിപ്പിക്കണമെന്ന് ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയ യുഎസ് പാലിക്കാത്ത രാജ്യങ്ങള്‍ക്ക് മേല്‍ ഉപരോധം ഏര്‍പ്പെടുത്തുമെന്നും മുന്നറിയിപ്പ് നല്‍കി.
ഇറാനെതിരേ ഏര്‍പ്പെടുത്തിയിരിക്കുന്ന വാണിജ്യ ഉപരോധം ഇന്ത്യ, ചൈന കമ്പനികള്‍ക്കും ബാധകമാണെന്നും അവര്‍ക്കു മാത്രമായി യാതൊരു ഇളവും നല്‍കാനാവില്ലെന്നും ആഭ്യന്തര മന്ത്രാലയ ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി. ഇറാനെ സാമ്പത്തികമായും രാഷ്ട്രീയമായും ഒറ്റപ്പെടുത്താനുള്ള അമേരിക്കന്‍ നീക്കമാണിത്.
ഇന്ത്യയും ചൈനയുമാണ് ഇറാനില്‍നിന്ന് ഏറ്റവും കൂടുതല്‍ എണ്ണ ഇറക്കുമതി ചെയ്യുന്നത്. എണ്ണ ഇറക്കുമതിയുടെ അളവ് രാജ്യങ്ങള്‍ കുറച്ചു തുടങ്ങണമെന്നും നവംബര്‍ നാലോടെ പൂര്‍ണമായി അവസാനിപ്പിക്കണമെന്നും യുഎസ് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നല്‍കി. ഇല്ലാത്തവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്നും അറിയിച്ചു. ഇന്ത്യയുമായി അടുത്താഴ്ച നടക്കാനിരിക്കുന്ന മന്ത്രിതല ചര്‍ച്ചയില്‍ അമേരിക്ക ഇക്കാര്യം ശക്തമായി വ്യക്തമാക്കുമെന്നാണ് സൂചന.
കഴിഞ്ഞ മാസം അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഇറാനുമായുള്ള ആണവകരാറില്‍നിന്ന് പിന്മാറിയിരുന്നു. ഇതേതുടര്‍ന്നാണ് നടപടി കര്‍ശനമാക്കാന്‍ തീരുമാനം. കരാറില്‍നിന്നു പിന്‍മാറി 180 ദിവസം പൂര്‍ത്തിയാകുന്ന നവംബര്‍ 4 മുതല്‍ ഇറാനെതിരേ ഉപരോധം നിലവില്‍ വരുമെന്നും യുഎസ് ആഭ്യന്തര മന്ത്രാലയ ഉദ്യോഗസ്ഥര്‍ അറിയിച്ചു. യുഎസ് സഖ്യകക്ഷികളായ ബ്രിട്ടന്‍, ഫ്രാന്‍സ്, ജര്‍മനി തുടങ്ങിയ രാജ്യങ്ങള്‍ അമേരിക്കയ്‌ക്കെതിരെയാണ് നിലപാട് വ്യക്തമാക്കിയിരിക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല