
സ്വന്തം ലേഖകൻ: അമേരിക്കയിൽ ശക്തമായ ശീതകൊടുങ്കാറ്റ് ആഞ്ഞുവീശുന്ന സാഹചര്യത്തിൽ ജനജീവിതം ദുസ്സഹമായി. രണ്ടടിയോളം ഉയരത്തിലാണ് മഞ്ഞുവീഴ്ചയുണ്ടാകുന്നത്. കിഴക്കൻ അമേരിക്കയിൽ ശനിയാഴ്ച അനുഭവപ്പെട്ടത് കഴിഞ്ഞ ഏതാനും വർഷങ്ങളിലെ ഏറ്റവും ശക്തമായ ശൈത്യ കൊടുങ്കാറ്റാണെന്നാണ് റിപ്പോർട്ട്.
ഏകദേശം 70 ദശലക്ഷം ആളുകൾ താമസിക്കുന്ന പ്രദേശത്താണ് അതിശൈത്യവും ശീതകൊടുങ്കാറ്റും ആഞ്ഞുവീശുന്നത്. സ്ഥലത്ത് ഗതാഗത സംവിധാനവും വൈദ്യുത വിതരണവും പൂർണമായും തടസപ്പെട്ടിരിക്കുകയാണ്. ന്യൂയോർക്ക്, ബോസ്റ്റൺ തുടങ്ങിയ പ്രധാന നഗരങ്ങൾ മഞ്ഞുവീഴ്ചയുടെ ആഘാതം ശക്തമാണ്. അന്തരീക്ഷമർദ്ദത്തിൽ ദ്രുതഗതിയിൽ വ്യത്യാസം വരുത്തിയതിനാൽ കാലാവസ്ഥയെ ‘ബോംബ് സൈക്ലോൺ’ എന്നാണ് എൻഡബ്ല്യൂഎസ് വിശേഷിപ്പിച്ചത്.
ന്യൂയോർക്കിലും മസാച്യുസെറ്റ്സിലും നാശനഷ്ടമുണ്ടായ ഭാഗങ്ങളിൽ ശനിയാഴ്ച വൈകീട്ടോടെ രണ്ടടി (61 സെന്റീമീറ്റർ) നീളത്തിലാണ് മഞ്ഞുവീഴ്ചയുണ്ടായത്. മസാച്യുസെറ്റ്സിലെ 95,000ത്തിലധികം വീടുകളിൽ വൈദ്യുതി ഇല്ലെന്നാണ് റിപ്പോർട്ട്. അമേരിക്കയിലേക്കും പുറത്തേക്കുമുള്ള 3,500ലധികം വിമാന സർവീസുകൾ അതിശൈത്യം മൂലം ഇന്നലെ റദ്ദാക്കിയിരുന്നു. ഇന്ന് ആയിരത്തിലധികം സർവീസുകളും റദ്ദാക്കിയിട്ടുണ്ട്.
മധ്യ അറ്റ്‌ലാന്റിക് മുതൽ ന്യൂഇംഗ്ലണ്ട് വരെ നീളുന്ന മേഖലയിലെ ഏതാണ്ട് 55 ദശലക്ഷം ജനങ്ങൾ കാലാവസ്ഥ ഭീഷണി നേരിടുകയാണ്. അമേരിക്കയുടെ വടക്കു-കിഴക്കൻ മേഖലയിലും മധ്യ അറ്റ്‌ലാന്റിക്കിലും 2-6 ഇഞ്ച് കനത്തിൽ മഞ്ഞുവീഴ്ചയും ശനിയാഴ്ച രേഖപ്പെടുത്തി. അപകടകരമായ സാഹചര്യമായതിനാൽ മിക്ക സംസ്ഥാനങ്ങളും അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു. ന്യൂയോർക്ക്, ന്യൂ ജേഴ്‌സി, മേരിലാൻഡ്, വിർജീനിയ, റോട്ട് ഐലൻഡ് എന്നിവിടങ്ങളിലാണ് അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല