1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 10, 2018

സ്വന്തം ലേഖകന്‍: ഇറാനുമായുള്ള ആണവ കരാറില്‍നിന്ന് പിന്‍വാങ്ങുകയാണെങ്കില്‍ അമേരിക്ക പശ്ചാത്തപിക്കേണ്ടി വരുമെന്ന് ഇറാന്‍ പ്രസിഡന്റ് ഹസന്‍ റൂഹാനി മുന്നറിയിപ്പ് നല്‍കി. അങ്ങനെ സംഭവിക്കുകയാണെങ്കില്‍ ഒരാഴ്ചക്കകം ഇറാന്‍ പ്രതികരിക്കുമെന്നും അദ്ദേഹം പറഞ്ഞു. തങ്ങളൊരിക്കലും കരാറില്‍നിന്ന് ആദ്യം പിന്‍വാങ്ങില്ലെന്നും അമേരിക്ക അതിന് തുനിയുകയാണെങ്കില്‍ പശ്ചാത്തപിക്കേണ്ടിവരുമെന്നും റൂഹാനി കൂട്ടിച്ചേര്‍ത്തു. ദേശീയ ആണവ സാങ്കേതിക ദിനാചരണത്തോടനുബന്ധിച്ച സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ഇറാന്‍ പ്രസിഡന്റ്.

‘അവര്‍ കരുതുന്നതിനെക്കാള്‍ തയാറെടുപ്പ് നടത്തിയിട്ടുണ്ട് ഞങ്ങള്‍. അവര്‍ കരാറില്‍നിന്ന് പിന്‍വാങ്ങുകയാണെങ്കില്‍ ഒരാഴ്ചക്കകം അതിന്റെ പ്രതികരണം ഇറാന്റെ ഭാഗത്തുനിന്നുണ്ടാവും,’ റൂഹാനി പറഞ്ഞു. മേയ് 12 നകം ഇറാന്‍ തങ്ങളുടെ ആണവ, മിസൈല്‍ പദ്ധതികളില്‍ കൂടുതല്‍ നിയന്ത്രണമേര്‍പ്പെടുത്തിയില്ലെങ്കില്‍ ആണവകരാറില്‍നിന്ന് ഏകപക്ഷീയമായി പിന്മാറുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ആവര്‍ത്തിച്ച് മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍, ഇത് റൂഹാനി തള്ളി.

’15 മാസം മുമ്പ് അധികാരത്തിലേറിയതുമുതല്‍ അദ്ദേഹം പറയുന്നതാണിത്. അദ്ദേഹത്തിന്റെ പെരുമാറ്റത്തിലും അഭിപ്രായങ്ങളിലും ഏറെ ഏറ്റക്കുറച്ചിലുകളുണ്ട്. അത് കാര്യമാക്കേണ്ടതില്ല,’ റൂഹാനി പറഞ്ഞു. അമേരിക്കക്ക് മാത്രമാണ് ആണവ കരാറിന്റെ കാര്യത്തില്‍ ഇറാനുമേല്‍ സംശയമെന്നും കരാറിലെ മറ്റ് അംഗങ്ങളായ ബ്രിട്ടന്‍, ജര്‍മനി, ഫ്രാന്‍സ്, ചൈന, റഷ്യ, യൂറോപ്യന്‍ യൂനിയന്‍ എന്നിവക്കും അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സിക്കുമെല്ലാം ഇറാനെ വിശ്വാസമാണെന്നും കരാറിലെ നിബന്ധനകള്‍ ഇറാന്‍ പാലിക്കുന്നുണ്ടെന്ന കാര്യം അവര്‍ക്കെല്ലാം അറിയാമെന്നും റൂഹാനി ചൂണ്ടിക്കാട്ടി.

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.