
സ്വന്തം ലേഖകൻ: യുഎസിലെ മോണ്ടാനയിൽ ചൈനീസ് ചാരബലൂൺ കണ്ടെത്തിയതായി അധികൃതർ സ്ഥിരീകരിച്ചു. 3 ബസുകളുടെ വലുപ്പം വരുന്ന ബലൂൺ വെടിവച്ചിടാൻ യുദ്ധവിമാനങ്ങൾ ഒരുക്കിയെങ്കിലും അവശിഷ്ടങ്ങൾ സുരക്ഷാപ്രശ്നമുണ്ടാക്കാമെന്നു സൈനിക ഉപദേഷ്ടാക്കൾ അറിയിച്ചതിനെ തുടർന്ന് പ്രസിഡന്റ് ജോ ബൈഡൻ അതു വേണ്ടെന്നു നിർദേശം നൽകി.
ബലൂൺ ഇപ്പോൾ വിമാനപാതകൾക്കും മുകളിൽ 80,000 മുതൽ ഒരു ലക്ഷം വരെ അടി ഉയരത്തിൽ സഞ്ചരിക്കുകയാണ്. യുഎസ് യുദ്ധവിമാനങ്ങൾ ഇതിനെ നിരന്തരം നിരീക്ഷിക്കുന്നുണ്ട്. മോണ്ടാനയിലെത്തുന്നതിനു മുൻപ് കാനഡയിലും ബലൂൺ കണ്ടിരുന്നതായി അവിടത്തെ പ്രതിരോധവൃത്തങ്ങൾ അറിയിച്ചു.
സൈനികമായി യുഎസിന് ഏറെ പ്രാധാന്യമുള്ള സ്ഥലമാണ് കാനഡയുമായി അതിർത്തി പങ്കിടുന്ന മോണ്ടാന സംസ്ഥാനം. 150 ഭൂഖണ്ഡാന്തര മിസൈൽ വിക്ഷേപണികൾ ഇവിടത്തെ മാൽമസ്ട്രോം എയർഫോഴ്സ് ബേസിലുണ്ട്.
കാര്യങ്ങൾ ചൈനീസ് അധികൃതരെ അറിയിച്ചിട്ടുണ്ടെന്ന് യുഎസ് വൃത്തങ്ങൾ വെളിപ്പെടുത്തി. യുഎസ് ആഭ്യന്തര സെക്രട്ടറി ആന്റണി ബ്ലിങ്കൻ ബെയ്ജിങ് സന്ദർശിക്കാനിരിക്കെയുണ്ടായ ഈ സംഭവം യുഎസ്– ചൈന ബന്ധത്തെ കൂടുതൽ കലുഷിതമാക്കുമോയെന്ന ആശങ്കയിലാണു നിരീക്ഷകർ. കാലാവസ്ഥ, ശാസ്ത്ര നിരീക്ഷണങ്ങൾക്കാണ് ഈ ബലൂൺ ഉപയോഗിക്കുന്നതെന്ന് ചൈന പ്രതികരിച്ചിട്ടുണ്ട്.
ചൈനീസ് ബലൂൺ അതിർത്തി ലംഘിച്ച സാഹചര്യത്തിൽ യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ ചൈനീസ് സന്ദർശനം റദ്ദാക്കി. വെള്ളിയാഴ്ച രാത്രിയായിരുന്നു അദ്ദേഹം ചൈനയിലേക്ക് പോകേണ്ടിയിരുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല