1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 28, 2023

സ്വന്തം ലേഖകൻ: ജോര്‍ജ് ഫ്‌ളോയിഡിൻ്റെ ബാധ ഒഴിയാതെ പോലീസ്; യുഎസിൽ വീണ്ടും പോലീസ് അതിക്രമം. ടയര്‍ നിക്കോള്‍സ് എന്ന 29-കാരനെ പോലീസ് സംഘം ദയയുടെ ഒരു തരിമ്പുമില്ലാതെ ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്. മെംഫിസ് പോലീസാണ് ഭയാനകമായ ഈ ദൃശ്യം പുറത്തുവിട്ടത്. പോലീസിന്റെ നിഷ്ഠൂരമായ ആക്രമണത്തിന് പിന്നാലെ നിക്കോള്‍സ് മരിച്ചു. കറുത്ത വര്‍ഗക്കാര്‍ തന്നെയായ അഞ്ചുപോലീസുകാരാണ് ഈ ക്രൂരകൃത്യം നടത്തിയത്. ഇവര്‍ക്കെതിരെ നടപടിയെടുത്ത ശേഷമാണ് വീഡിയോ പുറത്തുവിട്ടത്.

കാറില്‍നിന്ന് വലിച്ച് പുറത്തേക്കിട്ടശേഷം നിക്കോളാസിനെ പലവിധത്തില്‍ ക്രൂരമായി ആക്രമിക്കുന്നതാണ് വീഡിയോ. ഇതിനിടയില്‍ പലതവണ അയാള്‍ അമ്മേ എന്നുവിളിച്ച് അലറിക്കരയുന്നുണ്ട്, ഞാനൊന്നു വീട്ടില്‍ പെയ്‌ക്കോട്ടെ എന്ന് കേണപേക്ഷിക്കുന്നുണ്ട്. പക്ഷേ, തങ്ങളുടെ ക്രൂരവിനോദങ്ങളില്‍ നിക്കോളാസിന് വേദനിക്കുന്നുണ്ടെന്ന് അറിയുന്നതില്‍ അങ്ങേയറ്റം ആസ്വദിക്കുകയാണ് പോലീസുകാര്‍.

നിക്കോള്‍സിന്റെ മരണത്തിന് ഉത്തരവാദികളായ പോലീസുകാരെ അറസ്റ്റുചെയ്ത് ഒരു ദിവസത്തിനുശേഷമാണ് വീഡിയോ പുറത്തുവിടുന്നത്. ജോര്‍ജ് ഫ്‌ളോയിഡെന്ന കറുത്ത വര്‍ഗക്കാരനെ അമേരിക്കന്‍ പോലീസ് കൊലപ്പെടുത്തിയത് ലോകവ്യാപകമായ പ്രതിഷേധങ്ങള്‍ക്ക് കാരണമായിട്ടും, അത്തരത്തിലൊന്ന് വീണ്ടുമെങ്ങനെയാണ് ആവര്‍ത്തിക്കുന്നതെന്ന് അദ്ഭുതം കൂറുകയാണ് ലോകം.

തെറിവിളികളും അക്രമങ്ങളുമടങ്ങിയ മണിക്കൂറോളം നീണ്ട ദൃശ്യങ്ങളാണ്‌ പ്രചരിക്കുന്നത്. ആദ്യമൊരു പോലീസ് നിക്കോളാസിനെ കാറില്‍നിന്ന് പുറത്തേക്ക് വലിച്ചിടുന്നുണ്ട്. തുടര്‍ന്ന് നിലത്ത് കിടത്താന്‍ ശ്രമിക്കുന്ന പോലീസിനോട് ഞാനൊന്നും ചെയ്തില്ലെന്ന് പറയുകയാണ്. നിലത്തുനിന്ന് എഴുന്നേല്‍ക്കാന്‍ ശ്രമിക്കുമ്പോഴൊക്കെ കണ്ണിലേക്ക് കുരുമുളക് സ്‌പ്രേയടിക്കും. തുടര്‍ന്ന് നിരന്തരമായി അടിക്കുകയും തൊഴിക്കുകയും ചെയ്യുന്നു.

അഞ്ചുപേര്‍ ചേര്‍ന്നാണ് ആക്രമണം നടത്തിയത്. രണ്ടുപേര്‍ പിടിച്ചുവെച്ചും ബാക്കിയുള്ളവര്‍ ക്രൂരമായി ആക്രമിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. ഏതാണ്ട് ഒരു മണിക്കൂറോളം ദൈര്‍ഘ്യമുള്ള വീഡിയോകളാണ് പുറത്തുവന്നത്. മുഖത്തും വയറിനും തുടങ്ങി ശരീരത്തില്‍ അടി കൊള്ളാത്ത ഒരിടമില്ല എന്നു പറയാനാവുന്ന വിധത്തില്‍ പെരുമാറിയിട്ടുണ്ട് പോലീസുകാര്‍.

അശ്രദ്ധമായ വണ്ടിയോടിച്ചു എന്നാരോപിച്ചാണ് നിക്കോള്‍സിനെതിരേ ഈ ആക്രമണങ്ങള്‍ മുഴുവന്‍ നടത്തിയത്. എന്നാല്‍ അങ്ങനെ വണ്ടിയോടിച്ചതിന് തെളിവ് നല്‍കാന്‍ മര്‍ദിച്ച പോലീസുകാര്‍ക്കായില്ല. നിക്കോള്‍സ് അശ്രദ്ധമായി വണ്ടിയോടിച്ചെന്ന ആരോപണം തെളിയിക്കുന്ന ഒന്നും ലഭിച്ചില്ലെന്ന് മെംഫിസ് പോലീസ് ഡയറക്ടര്‍ സെറിലിന്‍ ഡേവിസ് പറഞ്ഞു. നിക്കോള്‍സിനെതിരായ പോലീസ് ഉദ്യോഗസ്ഥരുടെ സമീപനം ഹീനവും മനുഷ്യത്വരഹിതവുമായിപ്പോയെന്നും അവര്‍ പ്രതികരിച്ചു.

അതേസമയം സംഭവത്തില്‍ നിക്കോള്‍സിന്റെ അമ്മ റോവോഗന്‍ പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ വലിയതോതില്‍ പ്രകീര്‍ത്തനങ്ങള്‍ക്ക് കാരണമായിരിക്കുന്നത്. ഈ സംഭവത്തിന്റെ പേരില്‍ നഗരം ചുട്ടെരിക്കാനോ തെരുവുകളില്‍ അക്രമം അഴിച്ചുവിടാനോ തങ്ങള്‍ ആഗ്രഹിക്കുന്നില്ലെന്ന് അമ്മ പറഞ്ഞു. എന്തെന്നാല്‍ അതിനുവേണ്ടിയല്ല എന്റെ മകന്‍ നിലകൊണ്ടത്. നിങ്ങള്‍ ഇവിടെ എനിക്കുവേണ്ടിയും എന്റെ മകന്റെ കൊലപാതകത്തിനെതിരായുമാണ് നിലകൊള്ളുന്നതെങ്കില്‍ പ്രതിഷേധം തീര്‍ത്തും സമാധാനപരമായിരിക്കണമെന്നും അമ്മ പറഞ്ഞു.

സംഭവത്തില്‍ തദരിയസ് ബീന്‍, ദിമിത്രിയസ് ഹാലി, ഡെസ്മണ്ട് മില്‍സ് ജൂനിയര്‍, എമിറ്റ് മാര്‍ട്ടിന്‍, ജസ്റ്റിന്‍ സ്മിത്ത് എന്നീ പോലീസ് ഉദ്യോഗസ്ഥരെയാണ് കൊലക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തത്. ഇവര്‍ക്കെതിരേ സെക്കന്‍ഡ് ഡിഗ്രി കൊലപാതകക്കുറ്റമാണ് ചുമത്തിയത്. നിഷ്ഠൂരമായ ആക്രമണം, തട്ടിക്കൊണ്ടുപോകല്‍, മോശം പെരുമാറ്റം തുടങ്ങിയ കുറ്റങ്ങളും ചുമത്തി. 15 മുതല്‍ 60 വര്‍ഷംവരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് സെക്കന്‍ഡ് ഡിഗ്രി കൊലപാതകമെന്നത്. പോലീസ് ആക്രമിച്ച് മൂന്നുദിവസം കഴിഞ്ഞ് ജനുവരി 10-ന് ആശുപത്രിയില്‍വെച്ചാണ് നിക്കോള്‍സ് മരിക്കുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.