1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 5, 2023

സ്വന്തം ലേഖകൻ: സംശയാസ്പദമായ സാഹചര്യത്തില്‍ യു.എസ്. വ്യോമമേഖലയില്‍ കണ്ടെത്തിയ ചൈനീസ് ചാരബലൂണിനെ കരോലിന തീരത്ത് യുദ്ധവിമാനം വെടിവെച്ചിട്ടതായി യു.എസ്. പ്രതിരോധ സെക്രട്ടറി അറിയിച്ചു. ബലൂണിന്റെ അവശിഷ്ടങ്ങള്‍ക്കായി തീരസംരക്ഷണ സേന തിരച്ചില്‍ നടത്തുകയാണ്.

ചാരബലൂണുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പരിശോധിച്ച് വരികയാണെന്ന് പ്രസിഡന്റ് ജോ ബൈഡന്‍ പറഞ്ഞ് മണിക്കൂറുകള്‍ക്കകമാണ് വെടിവച്ചിട്ടത്. ഇതിനിടെ, ലാറ്റിനമേരിക്കന്‍ ഭാഗത്ത് മറ്റൊന്നിന്റെ സാന്നിധ്യം പെന്റഗണ്‍ സ്ഥിരീകരിച്ചു. ഇതും ചൈനയുടെ നിരീക്ഷണ ഉപഗ്രഹമാണെന്ന് സംശയിക്കുന്നതായി പെന്റഗണ്‍ മാധ്യമ സെക്രട്ടറി ബ്രിഗേഡിയര്‍ ജനറല്‍ പാറ്റ് റൈഡര്‍ വെള്ളിയാഴ്ച വ്യക്തമാക്കി.

കഴിഞ്ഞദിവസം യു.എസിലെ മൊണ്ടാനയ്ക്ക് സമീപം ആകാശത്തു കണ്ട കൂറ്റന്‍ ബലൂണ്‍ യു.എസ്.-ചൈന നയതന്ത്രബന്ധത്തെ പ്രതികൂലമായി ബാധിക്കുന്ന തലത്തിലേക്ക് വളര്‍ന്നു. യു.എസ്. വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കന്റെ ചൈനാ സന്ദര്‍ശനം മാറ്റി.

യു.എസിന്റെ പരമാധികാരത്തിന്മേലുള്ള കടന്നുകയറ്റവും അന്താരാഷ്ട്രനിയമങ്ങളുടെ ലംഘനവുമാണ് ചൈന നടത്തിയതെന്ന് ബ്ലിങ്കന്‍ കുറ്റപ്പെടുത്തി. ഒരുതരത്തിലും അംഗീകരിക്കാനാവാത്ത ഉത്തരവാദിത്വമില്ലായ്മയാണ് ചൈനയുടെ ഭാഗത്തുനിന്നുണ്ടായത്. ദീര്‍ഘകാലമായി പദ്ധതിയിട്ടുവരുന്ന നയതന്ത്രസന്ദര്‍ശനത്തിന്റെ തലേന്ന് ഇങ്ങനെ സംഭവിച്ചെന്നത് അമ്പരപ്പിക്കുന്നതാണ് -ബ്ലിങ്കന്‍ പറഞ്ഞു.

വളരെ കുറവ് ജനസംഖ്യയുള്ള മൊണ്ടാനയിലെ മാംസ്റ്റോം വ്യോമതാവളത്തിലാണ് യു.എസിന്റെ മൂന്ന് ആണവ മിസൈല്‍ വിക്ഷേപണകേന്ദ്രങ്ങളില്‍ ഒന്നുള്ളത്. സുരക്ഷാപ്രശ്‌നങ്ങളെ മുന്‍നിര്‍ത്തി അതിജാഗ്രതയോടുകൂടിയാണ് യു.എസ്. വിഷയം കൈകാര്യം ചെയ്യുന്നത്.

യു.എസ്. വ്യോമമേഖലയില്‍ ചൈനീസ് ചാരബലൂണുകള്‍ കണ്ടെത്തിയെന്ന പെന്റഗണ്‍ ആരോപണം നിഷേധിച്ച് ചൈന. ഏതെങ്കിലും രാജ്യത്തിന്റെ വ്യോമാതിര്‍ത്തി ലംഘിച്ചിട്ടില്ല. തങ്ങള്‍ക്കെതിരേ പ്രചാരണം നടത്താനുള്ള അവസരം യു.എസ്. മാധ്യമങ്ങളും രാഷ്ട്രീയ നേതാക്കളും മുതലെടുക്കുകയാണ്. കാലാവസ്ഥാ നിരീക്ഷണത്തിനുള്ള ബലൂണ്‍ കാറ്റിനെത്തുടര്‍ന്ന് ദിശതെറ്റി യു.എസ്. വ്യോമപാതയിലെത്തിയതാകും – ചൈന വിശദീകരിച്ചു.

ക്യാമറകള്‍ ഘടിപ്പിച്ച് ചാരപ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുന്ന ബലൂണുകള്‍. ഹീലിയംപോലുള്ള ഭാരംകുറഞ്ഞ വാതകങ്ങളാണ് നിറയ്ക്കുക. നിലത്തുനിന്ന് പറത്തിവിടാവുന്ന ബലൂണുകള്‍ 60,000 മുതല്‍ 1,50,000 അടിവരെ ഉയരത്തില്‍ സഞ്ചരിക്കാന്‍ ശേഷിയുള്ളതാണ്. കാറ്റിന്റെ ദിശയനുസരിച്ചാണ് സഞ്ചാരം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.