1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 5, 2023

സ്വന്തം ലേഖകൻ: ജപ്പാനിലെ ഹിരോഷിമയില്‍ 1945-ല്‍ വര്‍ഷിച്ചതിനെക്കാള്‍ 24 മടങ്ങ് പ്രഹരശേഷിയുള്ള അണുബോംബ് അമേരിക്ക നിര്‍മിക്കുന്നതായി വെളിപ്പെടുത്തല്‍. ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഡിഫന്‍സാണ് ഇക്കാര്യം പ്രഖ്യാപിച്ചതെന്ന് ന്യൂസ്‌വീക്ക് റിപ്പോര്‍ട്ടുചെയ്തു. മോസ്‌കോ നഗരത്തില്‍ ഈ ബോംബ് വര്‍ഷിച്ചാല്‍ 3,00,000-ലധികം പേര്‍ കൊല്ലപ്പെടുമെന്നാണ് വെളിപ്പെടുത്തല്‍.

കടുപ്പമേറിയ സൈനിക ദൗത്യങ്ങള്‍ മുന്നില്‍ക്കാണ്ടാണ് ബോംബ് വികസിപ്പിക്കുന്നത് എന്നാണ് വിവരം. ബോംബ് വര്‍ഷിക്കുന്ന സ്ഥലത്തിന്റെ അര മൈല്‍ ചുറ്റളവിലുള്ള വസ്തുക്കളെല്ലാം തീഗോളത്തിന്റെ ചൂടേറ്റ് ആവിയായിപ്പോകും. തുടര്‍ന്നുള്ള ഒരു മൈല്‍ ചുറ്റളവിലുള്ള കെട്ടിടങ്ങള്‍ തകരുകയും മനുഷ്യര്‍ക്കെല്ലാം ജീവഹാനി സംഭവിക്കുകയും ചെയ്യും.

രണ്ട് മൈല്‍ ചുറ്റളവില്‍വരെ ഉള്ളവര്‍ സ്‌ഫോടനം നടന്ന് ഒരു മാസത്തിനകം ശക്തമായ ആണവ വികിരണം ഏല്‍ക്കുന്നതിനെത്തുടര്‍ന്ന് മരിക്കാനിടയാകും. സ്‌ഫോടനത്തെ അതിജീവിക്കുന്ന 15 ശതമാനം പേര്‍ക്ക് പിന്നീട് കാന്‍സര്‍ ബാധിച്ച് ജീവന്‍ നഷ്ടപ്പെടുമെന്നാണ് വിലയിരുത്തല്‍. 8.68 ലക്ഷത്തിലധികം പേര്‍ക്കാവും ബോബ് വര്‍ഷിക്കുന്ന സാഹചര്യത്തില്‍ പരിക്കേല്‍ക്കുക.

ആണവ പരീക്ഷണ നിരോധന ഉടമ്പടിയില്‍നിന്ന് റഷ്യ പിന്മാറിയതോടെയാണ് അമേരിക്കയില്‍നിന്നുള്ള ഭയപ്പെടുത്തുന്ന വാര്‍ത്ത പുറത്തുവരുന്നത്. ആണവ പരീക്ഷണ നിരോധന ഉടമ്പിയില്‍നിന്ന് പിന്മാറിയാലും, അമേരിക്ക ആണവ പരീക്ഷണം നടത്താത്തപക്ഷം തങ്ങളും നടത്തില്ലെന്നാണ് റഷ്യ അവകാശപ്പെടുന്നത്. ആണവ പദ്ധതികളുടെ വിവരങ്ങള്‍ പരസ്പരം കൈമാറുന്നത് അവസാനിപ്പിക്കില്ലെന്നും റഷ്യ വ്യക്തമാക്കിയിട്ടുണ്ട്.

യുക്രൈനില്‍ റഷ്യ അധിനിവേശം തുടങ്ങിയതിന് പിന്നാലെ തങ്ങളുടെ ആണവായുധങ്ങളുടെ ശക്തിയെപ്പറ്റി പ്രസിഡന്റ് വ്‌ളാദിമിര്‍ പുതിന്‍ അവകാശവാദങ്ങളുമായി രംഗത്തെത്തിയിരുന്നു. റഷ്യയ്‌ക്കെതിരെ ആണവായുധം പ്രയോഗിക്കാന്‍ സ്വബോധത്തോടെ ആരും തയ്യാറാകുമെന്ന് കരുതുന്നില്ലെന്ന് പുതിന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.

അത്തരത്തിലുള്ള എന്തെങ്കിലും നീക്കം ശ്രദ്ധയില്‍പ്പെട്ടാല്‍ ആയിരക്കണക്കിന് മിസൈലുകള്‍ ആകാശത്ത് ഉടന്‍ പ്രത്യക്ഷപ്പെടുമെന്നും ശത്രുവിന് പിടിച്ചുനില്‍ക്കാനുള്ള ഒരു സാധ്യതയും ഉണ്ടാവില്ലെന്നും ആയിരുന്നു പുതിന്റെ ഭീഷണി. പിന്നാലെയാണ് അമേരിക്കയുടെ അണുബോംബ് സംബന്ധിച്ച വാര്‍ത്തകള്‍ പുറത്തുവരുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.