1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 13, 2021

സ്വന്തം ലേഖകൻ: യു.എസ് സംസ്ഥാനമായ ടെക്‌സസിലെ ഭ്രൂണഹത്യ നിരോധന നിയമം രാജ്യം മുഴുവന്‍ ചര്‍ച്ചയാണ്. ഗര്‍ഭം അലസിപ്പിക്കുന്നത് ഏതാണ്ട് പൂര്‍ണമായും നിരോധിക്കുന്നതാണ് നിയമം. ആറാഴ്ച്ചയ്ക്ക് ശേഷം അബോര്‍ഷന്‍ പൂര്‍ണമായും നിരോധിക്കുന്നതാണ് നിയമം. ഇത് യാഥാസ്ഥികരുടെ പിന്തുണയുള്ള ടെക്സസ് നടപ്പിലാക്കി. ബൈഡൻ ഭരണകൂടം ഇത് എതിര്‍ക്കുകയാണ്.

ഒക്ടോബര്‍ ആദ്യവാരം ഒരു യുഎസ് അപ്പീല്‍ കോടതി ടെക്‌സസ് ഗര്‍ഭഛിദ്ര നിയമം ശരിവച്ചു. ബൈഡൻ ഭരണകൂടം നിയമം മരവിപ്പിച്ചത് കോടതി തള്ളി. നിയമം പുനസ്ഥാപിച്ചു. ഇതോടെ വീണ്ടും പ്രതിഷേധങ്ങളും രണ്ടുപക്ഷങ്ങളില്‍ നിന്നുള്ള വാക്പോരും ശക്തമായി. ഫെഡറൽ നിയമവകുപ്പ് അപ്പീല്‍കോടതികളോട് നിയമം പുനസ്ഥാപിച്ച നടപടി സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടത് ഇതിന് പിന്നാലെയാണ്.

യാഥാസ്ഥികരോട് അനുഭാവം പ്രകടിപ്പിക്കുന്ന അപ്പീല്‍ കോടതിയിലെ അഞ്ചാം സര്‍ക്യൂട്ടില്‍ നിന്നുമാണ് സ്റ്റേ ഉണ്ടായതെന്നും വിവിധ ലിബറല്‍ യു.എസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നു. കഠിനമാണ് ടെക്സസിലെ നിയമം എന്നാണ് പൊതുവികാരം. സെപ്തംബര്‍ 1 മുതല്‍ പ്രാബല്യത്തില്‍ വന്ന ടെക്‌സസിലെ ഭ്രൂണഹത്യ നിയമ പ്രകാരം ബലാത്സംഗം മൂലമോ വ്യഭിചാരം മൂലമോ ഉണ്ടാകുന്ന ഗര്‍ഭധാരണം പോലും അബോര്‍ഷൻ ചെയ്യാനാകില്ല.

ഗര്‍ഭസ്ഥശിശുവിന് ഹൃദയസ്പന്ദനം തുടങ്ങിയതിന് ശേഷം ആരെങ്കിലും ഭ്രൂണഹത്യ ചെയ്താല്‍ കുറ്റം ആരോപിക്കപ്പെടാം. ഇവരെ ചൂണ്ടിക്കാണിക്കുന്നവര്‍ക്ക് സര്‍ക്കാര്‍ പാരിതോഷികവും നല്‍കും. കുറഞ്ഞത് പതിനായിരം ഡോളറാണ് ഈ തുക. ഇത്തരം നിയമങ്ങള്‍ ജനങ്ങളില്‍ ഭ്രൂണഹത്യക്കെതിരായ വേട്ടക്കാരായി പ്രവര്‍ത്തിക്കാന്‍ പ്രോത്സാഹനം നല്‍കുകയാണെന്ന് വിമര്‍ശനവും ഉയര്‍ന്നിട്ടുണ്ട്.

ഒരു സ്ത്രീക്ക് താന്‍ അമ്മയാകണോ വേണ്ടയോ എന്ന് തീരുമാനിക്കാന്‍ പോലും അനുവാദം നല്‍കാത്ത നിയമം കരിനിയമമാണെന്നും ഭ്രൂണഹത്യ നിരോധന നിയമത്തിന് എതിരെ പ്രവര്‍ത്തിക്കുന്ന സംഘടനകളും ആരോപിക്കുന്നു. യുഎസ് ജില്ലാ ജഡ്ജിയായ റോബര്‍ട്ട് പിറ്റ്മാനാണ് ബുധനാഴ്ച ഓസ്റ്റിനില്‍ വെച്ച് ഭ്രൂണഹത്യ നിരോധന നിയമം താല്‍ക്കാലികമായി തടഞ്ഞത്. അതെസമയം ഈ വിഷയത്തിന്മേലുള്ള നിയമസാധുകളെ കുറിച്ചും അവര്‍ പരിശോധിക്കുന്നുണ്ട്.

സുപ്രിംകോടതിയുടെ 1973ലെ റോ വേഡ് വിധിയെഴുതിയ ഗര്‍ഭധാരണം അവസാനിപ്പിക്കുന്നതിനുള്ള ഭരണഘടനാപരമായ അവകാശം വിനിയോഗിക്കാന്‍ പോലും നിയമം സ്ത്രീകളെ തടയുകയാണെന്ന് നീതിന്യായ വകുപ്പ് വാദിച്ചു. സ്ത്രീകളുടെ അവകാശങ്ങളെ ഇല്ലാതാകുന്ന നിയമമാണ് ഇപ്പോള്‍ നിലവിലുള്ളതെന്നും അവര്‍ വാദിക്കുകയുണ്ടായി.

ഫെഡറല്‍ സര്‍ക്കാരിന്റെ കീഴിലുള്ള ഭ്രൂണഹത്യ ചെയ്യുന്നതിനുള്ള സൗകര്യങ്ങളില്‍ പോലും നിയമം തെറ്റായ രീതിയില്‍ കൈകടത്തുന്നുവെന്നും, നിയമം തെറ്റായി വ്യാഖ്യാനിക്കപ്പെട്ടുവെന്നും വകുപ്പ് കോടതിയില്‍ വാദിച്ചു.

‘ഭ്രൂണഹത്യ ചെയ്യപ്പെടുന്ന എല്ലാ രോഗികള്‍ക്കും പരിചരണം വേഗത്തില്‍ ഉറപ്പാക്കാന്‍ ശ്രമിക്കുന്ന സമയത്ത് ടെക്‌സസിലെ ഭ്രൂണഹത്യ നിരോധന നിയമം പുറകോട്ടാണ് സഞ്ചരിക്കുന്നത്. ഇത് കാണുമ്പോള്‍ ഭയമാണ് തോന്നുന്നത്,’ — അമേരിക്കന്‍ സിവില്‍ ലിബര്‍ട്ടീസ് യൂണിയനിലെ അഭിഭാഷകനായ ബ്രിജിറ്റ് അമിരി പറഞ്ഞതായി അന്താരാഷ്ട്രാ വാര്‍ത്താ ഏജന്‍സി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

യുഎസ് സുപ്രിം കോടതി വീണ്ടും ടെക്‌സസ് ഭ്രൂണഹത്യ നിരോധന നിയമം മരവിപ്പിക്കാനുള്ള നീക്കങ്ങള്‍ നടത്തുമെന്ന് തന്നെയാണ് അമേരിക്കന്‍ സിവില്‍ ലിബറേഷന്‍ യൂണിയനും പ്രതീക്ഷിക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.