1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 1, 2017

സ്വന്തം ലേഖകന്‍: കഴിഞ്ഞ വര്‍ഷത്തെ കുറ്റകൃത്യങ്ങളുടെ നിരക്കില്‍ ഉത്തര്‍ പ്രദേശ് മുന്നില്‍, കേരളം നാലാമത്. 2016 ല്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കുറ്റകൃത്യങ്ങള്‍ സംബന്ധിച്ച് ദേശീയ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ റിപ്പോര്‍ട്ട് പ്രകാരമാണിത്. 2016ല്‍ രാജ്യത്ത് ആകെ റിപ്പോര്‍ട്ട് ചെയ്ത കുറ്റകൃത്യങ്ങളുടെ 9.5 ശതമാനവും നടന്നത് ഉത്തര്‍പ്രദേശിലായിരുന്നു. ബലാത്സംഗ കേസുകളില്‍ ദേശീയ തലത്തില്‍ 12.4 ശതമാനമാണ് വര്‍ധനവ്. മധ്യപ്രദേശും ഉത്തര്‍പ്രദേശുമാണ് മുന്നില്‍.

പട്ടികജാതി/വര്‍ഗങ്ങള്‍ക്കെതിരായ അക്രമത്തില്‍ ഉത്തര്‍പ്രദേശ്, ബിഹാര്‍, രാജസ്ഥാന്‍ എന്നിവ മുമ്പിലാണ്. സൈബര്‍ കുറ്റകൃത്യവും വര്‍ധിച്ചു. ശിക്ഷ നിയമ പ്രകാരമുള്ള കുറ്റകൃത്യങ്ങളുടെ നിരക്കില്‍ 19 മെട്രോ നഗരങ്ങളില്‍ ഡല്‍ഹിയാണ് മുന്നില്‍. ബംഗളൂരുവും മുംബൈയും പിന്നിലുണ്ട്. ഐ.പി.സി വകുപ്പുകളില്‍ ഉള്‍പെടാത്ത എസ്.എസ്.എല്‍ കുറ്റകൃത്യങ്ങളില്‍ ചെന്നൈക്ക് തൊട്ടുപിന്നിലാണ് കൊച്ചിയുടെ സ്ഥാനം.

ഇന്ത്യന്‍ ശിക്ഷ നിയമപ്രകാരമുള്ള കുറ്റകൃത്യങ്ങളുടെ നിരക്കില്‍ ദേശീയ ശരാശരിയേക്കാള്‍ മുന്‍പന്തിയിലാണ് കേരളം (727.6). ദേശീയ ശരാശരി 233.6 മാത്രമാണ്. കേരളത്തിനു മുന്നില്‍ രാജ്യതലസ്ഥാനമായ ഡല്‍ഹി മാത്രം.  ഐ.പി.സി നിയമത്തില്‍പ്പെടാത്ത അബ്കാരി, ചൂതാട്ടം, മയക്കുമരുന്ന് കൈവശം വെക്കല്‍ തുടങ്ങിയ കേസുകള്‍ ഉള്‍പെടുന്ന സ്‌പെഷല്‍ ആന്‍ഡ് ലോക്കല്‍ നിയമ(എസ്.എല്‍.എല്‍)പ്രകാരമുള്ള കുറ്റകൃത്യങ്ങളില്‍ കേരളമാണ് ഒന്നാമത്. 24.1 ശതമാനം കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഗുജറാത്തും തമിഴ്‌നാടുമാണ് പിന്നില്‍.

സ്ത്രീകള്‍ക്കെതിരായ ആക്രമണങ്ങളിലും ഹിംസാത്മകമായ കുറ്റകൃത്യങ്ങളിലും തട്ടിക്കൊണ്ടുപോകല്‍, കുട്ടികള്‍ക്കെതിരായ കുറ്റകൃത്യം, വ്യക്തിവിരോധം, വസ്തു തര്‍ക്കം, അവിശുദ്ധ ബന്ധം, പ്രണയം എന്നിവ മൂലമുള്ള കൊലപാതകങ്ങളിലും കേരളം 13 ആം സ്ഥാനത്താണ്. എന്നാല്‍, സ്ത്രീധനം മൂലമുള്ള കൊലപാതകം ഇതേ വര്‍ഷം കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. പട്ടികജാതിക്കാര്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ 2015ല്‍ 696 ആയിരുന്നുവെങ്കില്‍ 2016 ല്‍ 810 ആയി ഉയര്‍ന്നു. ആദിവാസികള്‍ക്കെതിരെ 2015ല്‍ 165 കുറ്റകൃത്യങ്ങളാണ് രജിസ്റ്റര്‍ ചെയ്തതെങ്കില്‍ 2016ല്‍ 182 ആയി ഉയര്‍ന്നു.

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.