1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 11, 2021

സ്വന്തം ലേഖകൻ: ഉത്തരാഖണ്ഡിലെ ചമോലി ജില്ലയിൽ വീണ്ടും പ്രളയഭീതി. മലമുകളിൽ ഉരുൾപൊട്ടിയതായി സൂചനകൾ പുറത്തുവന്നതോടെ തപോവൻ തുരങ്കം, റേനി ഗ്രാമം എന്നിവിടങ്ങളിലെ രക്ഷാപ്രവർത്തനം പ്രതിരോധ സേനകൾ നിർത്തിവച്ചു. ഋഷി ഗംഗയുടെ തീരങ്ങളിൽ താമസിക്കുന്നവരെ ഉയർന്ന പ്രദേശങ്ങളിലേക്കു മാറ്റി. സൈറൺ മുഴക്കിയാണ് ഋഷിഗംഗയ്ക്കു തീരത്തുള്ള ഗ്രാമങ്ങളിലെ ആളുകളെ സൈന്യം മാറ്റുന്നത്.

ഉച്ചയ്ക്ക് രണ്ടരയ്ക്കാണ് രക്ഷാപ്രവർത്തനം നിർത്തിയത്. ചമോലിയില്‍ മിന്നല്‍പ്രളയത്തിലകപ്പെട്ടവരെ കണ്ടെത്താനുള്ള ശ്രമം തുടരുന്നതിനിടെയാണ് വീണ്ടും മലയിടിഞ്ഞതായി റിപ്പോര്‍ട്ടു വന്നത്. എന്‍ടിപിസിയുടെ തപോവന്‍ വിഷ്ണുഗഡ് വൈദ്യുത പദ്ധതിയുടെ ഭാഗമായ തുരങ്കത്തില്‍ 35 പേരെങ്കിലും ഇപ്പോഴും അകപ്പെട്ടുകിടക്കുകയാണ്.

തുരങ്കത്തില്‍ വലിയ ദ്വാരമുണ്ടാക്കി കയറുപയോഗിച്ച് ഊര്‍ന്നിറങ്ങാനാണ് രക്ഷാസംഘത്തിന്റെ ശ്രമമെന്നു മുഖ്യമന്ത്രി ത്രിവേന്ദ്ര സിങ് റാവത്ത് പറഞ്ഞിരുന്നു. 3 ദിവസമായി ശ്രമിച്ചിട്ടും കവാടത്തില്‍നിന്ന് ആകെ 100 മീറ്ററോളം മുന്നേറാനേ കരസേനാംഗങ്ങള്‍ക്കു കഴിഞ്ഞിട്ടുള്ളൂ. അടിഞ്ഞുകൂടിയ സിമന്റും ചെളിയും നീക്കുക ഏറെ ശ്രമകരമാണ്. മണ്ണുമാന്തി യന്ത്രമുള്‍പ്പെടെ ഉപയോഗിച്ചു രാപകലില്ലാതെ ശ്രമം തുടരുകയായിരുന്നു.

ദുരന്തത്തില്‍ മരണം 34 ആയി. 172 പേരെയെങ്കിലും ഇനി കണ്ടെത്താനുണ്ട്. എത്ര പേരെ കണ്ടുകിട്ടാനുണ്ടെന്നു കണക്കില്ലെന്നതാണു സ്ഥിതി. 131 പേരുടെ വിശദാംശങ്ങളേ ലഭ്യമായിട്ടുള്ളൂ. ദുരന്തവേളയില്‍ നിര്‍മാണസ്ഥലത്തുണ്ടായിരുന്നവരുടെ എണ്ണം കണക്കാക്കിയാണ് 172 പേരെന്ന അനുമാനം.

എന്‍ടിപിസി പദ്ധതിയുടെ ഓഫിസുകള്‍ പൂര്‍ണമായി ഒലിച്ചുപോയതിനാല്‍ ജോലി ചെയ്തിരുന്നവരെക്കുറിച്ചുള്ള രേഖകളെല്ലാം നഷ്ടമായി. വിശദാംശങ്ങള്‍ ലഭ്യമായവരുടെ പട്ടികയില്‍ 3 പേര്‍ നേപ്പാളില്‍ നിന്നുള്ളവരാണ്. മറ്റു 128 പേര്‍ ഉത്തരാഖണ്ഡ്, യുപി, ബംഗാള്‍, ജാര്‍ഖണ്ഡ്, ബിഹാര്‍, പഞ്ചാബ്, ജമ്മു കശ്മീര്‍ സ്വദേശികളും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.