1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 10, 2015

സ്വന്തം ലേഖകന്‍: ഭൂമി വെന്തുരുകുന്നു, തുടര്‍ച്ചയായ മുപ്പതാം വര്‍ഷവും അന്തരീക്ഷത്തില്‍ ഹരിതഗൃഹ വാതകങ്ങളുടെ സാന്നിധ്യം റെക്കോഡ് നിലയില്‍. വരും തലമുറയുടെ നിലനില്‍പ്പിനെത്തന്നെ ബാധിക്കുന്ന പ്രശ്‌നമായി ഹരിതഗൃഹ വാതകങ്ങള്‍ മൂലമുള്ള കാര്‍ബണ്‍ ബഹിര്‍ഗമനം മാറുകയാണെന്ന് ലോക കാലാവസ്ഥ സംഘടന (ഡബ്ല്യു.എം.ഒ) സെക്രട്ടറി ജനറല്‍ മൈക്കല്‍ ജറൗഡ് പറഞ്ഞു.

ആഗോള കാലാവസ്ഥാ വ്യതിയാനത്തിന് ഇത് ആക്കം കൂട്ടുന്നു. ഹരിതഗൃഹ വാതകങ്ങള്‍ നിയന്ത്രിക്കേണ്ട സമയം കഴിഞ്ഞെന്ന് എല്ലാവര്‍ഷവും പറയുന്നതല്ലാതെ നിയന്ത്രിക്കാനാവുന്നില്ല. ഇനിയെങ്കിലും ഇക്കാര്യത്തില്‍ കര്‍ശനനടപടികള്‍ കൈക്കൊള്ളേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
റിപ്പോര്‍ട്ട് പ്രകാരം പ്രധാന ഹരിതഗൃഹ വാതകമായ കാര്‍ബണ്‍ഡൈ ഓക്‌സൈഡ് 2014ല്‍ 397.7 പി.പി.എമ്മിലെത്തി നില്‍ക്കുകയാണ്. വൈകാതെ ഇത് 400 പി.പി.എം. മറികടക്കും. 1984 മുതല്‍ ക്രമാനുഗതമായി ഹരിതഗൃഹ വാതക സാന്നിധ്യം ഉയരുകയാണ്.

ആഗോളതാപനത്തിന് ഇത് ആക്കം കൂട്ടും. ചൂടുകാറ്റുകളും മഞ്ഞുരുകിയുള്ള വെള്ളപ്പൊക്കവും സാധാരണമാവും. സമുദ്രനിരപ്പും സമുദ്രജലത്തിലെ അമ്ലതയും കൂടും. മീഥേന്‍, നൈട്രസ് ഓക്‌സൈഡ് തുടങ്ങിയ ഹരിതഗൃഹ വാതകങ്ങളുടെ തോതും കൂടി വരുന്നതായി റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

ഹരിതഗൃഹ വാതക ബഹിര്‍ഗമനം കുറയ്ക്കുന്നതിന് 150 രാജ്യങ്ങള്‍ ഇതിനകം സന്നദ്ധമായിട്ടുണ്ട്. ഏറ്റവുമധികം മലിനീകരണമുണ്ടാക്കുന്ന ചൈനയും അമേരിക്കയും ഇതില്‍ ഉള്‍പ്പെടുന്നു. 2020ഓടെ ഇത് നിയന്ത്രണവിധേയമാക്കാനാണ് ലക്ഷ്യമിട്ടിരിക്കുന്നതെങ്കിലും ഇനിയും ചെറിയമാറ്റം പോലും പ്രകടമായിട്ടില്ലെന്നതാണ് യാഥാര്‍ഥ്യം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.