1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 3, 2020

സ്വന്തം ലേഖകൻ: ഹിന്ദു മഹാസഭ നേതാവ് വിനായക് ദാമോദര്‍ സവര്‍ക്കറേയും ഗാന്ധിജിയുടെ ഘാതകന്‍ നാഥുറാം ഗോഡ്‌സെയും കുറിച്ച് കോണ്‍ഗ്രസിന്റെ പോഷകസംഘടനയായ സേവാദള്‍ പുറത്തിറക്കിയ ലഘുലേഖയെച്ചൊച്ചി വിവാദം.

ഗാന്ധി ഘാതകന്‍ ഗോഡ്സെയുമായി സവര്‍ക്കര്‍ സ്വവര്‍ഗാനുരാഗത്തിലായിരുന്നു എന്ന ലഘുലേഖയിലെ പരാമര്‍ശമാണ് വിവാദമായത്. ‘വീര്‍ സവര്‍ക്കര്‍ കിതനാ വീര്‍’ (സവര്‍ക്കര്‍ എത്രമാത്രം വീരനായിരുന്നു) എന്ന തലക്കെട്ടൊടെയുള്ള ലഘുലേഖ ആള്‍ ഇന്ത്യ കോണ്‍ഗ്രസ് സേവാ ദളിന്റെ ട്രെയിനിംഗ് ക്യാമ്പിന്റെ ഉദ്ഘാടന ചടങ്ങിലാണ് വിതരണം ചെയ്തത്.

ഗോഡ്‌സെയുമായി സവര്‍ക്കര്‍ സ്വവര്‍ഗ ലൈംഗിക ബന്ധത്തിലായിരുന്നുവെന്നും ന്യൂനപക്ഷ സമുദായങ്ങളിലെ സ്ത്രീകളെ ബലാത്സംഗം ചെയ്യാന്‍ പുരുഷന്മാരെ ഉപദേശിച്ചിരുന്നതായും പുസ്തകം പറയുന്നു. 1947 ല്‍ രാജ്യം വിഭജിച്ചതിന് ആര്‍എസ്എസിനെയും സവര്‍ക്കറെയുമാണ് ലഘുലേഖയില്‍ കുറ്റപ്പെടുത്തുന്നത്.

ബ്രഹ്മചര്യം സ്വീകരിക്കുന്നതിന് മുന്‍പ് ഗോഡ്സെയ്ക്ക് തന്റെ രാഷ്ട്രീയ ഉപദേശകനായ സവര്‍ക്കറുമായി സ്വവര്‍ഗാനുരാഗം ഉണ്ടായിരുന്നുവെന്ന് ‘ഫ്രീഡം അറ്റ് മിഡ്‌നൈറ്റ്’ എന്ന പുസ്തകത്തിലെ പരാമര്‍ശത്തെ ഉദ്ധരിച്ചുകൊണ്ട് ബുക്ക്‌ലെറ്റില്‍ പറയുന്നു. ന്യൂനപക്ഷ സ്ത്രീകളെ ബലാത്സംഗം ചെയ്യാന്‍ ഹിന്ദുക്കളോട് സവര്‍ക്കാര്‍ ആഹ്വാനം ചെയ്തിരുന്നുവെന്നും ബുക്ക്ലെറ്റില്‍ പറയുന്നു.

വര്‍ഗീയ കലാപത്തില്‍ മുസ്ലിംകള്‍ കൊല്ലപ്പെടുന്നതിനെക്കുറിച്ച് അറിഞ്ഞപ്പോഴെല്ലാം സവര്‍ക്കറും സുഹൃത്തുക്കളും സന്തോഷത്തോടെ നൃത്തം ചെയ്യാറുണ്ടായിരുന്നുവെന്നും ലഘുലേഖയില്‍ പറയുന്നു. സവര്‍ക്കറുടേത് ദ്വിരാഷ്ട്ര സിദ്ധാന്തമായിരുന്നുവെന്നും അതാണ് വിഭജനത്തിന് വിത്തിട്ടതെന്നും ലഘുലേഖയിലുണ്ട്.

കോണ്‍ഗ്രസ് വസ്തുതകള്‍ വളച്ചൊടിക്കുകയും തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുകയുമാണ് ചെയ്യുന്നതെന്ന് ബി.ജെ.പി. വക്താവ് രജനീഷ് അഗര്‍വാള്‍ ആരോപിച്ചു. ശരിയാ ചരിത്ര വസ്തുകള്‍ കോണ്‍ഗ്രസ് സമാഹരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

എന്നാല്‍ സേവാദള്‍ ദേശീയ പ്രസിഡന്റ് ലാല്‍ജി ദേശായി ലഘുലേഖയുടെ ഉള്ളടക്കത്തെ ന്യായീകരിച്ചു. ബിജെപി നായകന്മാരായി അവതരിപ്പിക്കുന്ന ആളുകളുടെ യാഥാര്‍ത്ഥ്യം പൊതുജനങ്ങള്‍ അറിയേണ്ടത് പ്രധാനമാണെന്ന് ദേശായി പറഞ്ഞു. ഇന്ത്യയില്‍ എല്ലാവര്‍ക്കും അവരുടെ അഭിപ്രായങ്ങള്‍ പറയാനുള്ള സ്വാതന്ത്ര്യമുണ്ടെന്നും തെളിവുകളുടെ അടിസ്ഥാനത്തിലാണ് എഴുത്തുകാരന്‍ പുസ്തകമെഴുതിയതെന്നും അദ്ദേഹം പറഞ്ഞു.

സേവാദള്‍ ലഘുലേഖാ പരാമര്‍ശത്തിനെതിരെ ബി.ജെ.പി.നേതാവ് ഉമാഭാരതി രംഗത്തെത്തി.

“കോണ്‍ഗ്രസിന് മനോരോഗ ചികിത്സകന്റെ ആവശ്യമുണ്ട്. അവര്‍ എഴുതിയത് അപലപിക്കപ്പെടേണ്ടതാണ്. അവര്‍ക്ക് സമനില തെറ്റിയിരിക്കുന്നു. ലഘുലേഖയിലെ മുഴുവന്‍ കാര്യങ്ങളും അടിസ്ഥാനരഹിതമാണ്,” ഉമാഭാരതി ആരോപിച്ചു. “ഉദ്ധവ് താക്കറെ ഇപ്പോള്‍ എന്തു ചെയ്യുമെന്നാണ് എനിക്ക് കാണേണ്ടത്. അദ്ദേഹം ഇപ്പോഴും കോണ്‍ഗ്രസിനൊപ്പം നില്‍ക്കുമോ?എനിക്കറിയണം,” ഉമാഭാരതി കൂട്ടിച്ചേർത്തു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.