1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 4, 2022

സ്വന്തം ലേഖകൻ: ഇന്ത്യന്‍ വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍ രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി ഇന്നലെ തിങ്കളാഴ്ച ഒമാനിലെത്തി. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി വാര്‍ത്താ, വിവര കൈമാറ്റത്തിനായുള്ള കരാറില്‍ ഒമാനും ഇന്ത്യയും ഒപ്പുവച്ചു. ഒമാനിലെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ ഒമാന്‍ ന്യൂസ് ഏജന്‍സിയും ഇന്ത്യന്‍ വാര്‍ത്താ ഏജന്‍സിയായ ഏഷ്യന്‍ ന്യൂസ് ഇന്റര്‍നാഷനലും (എഎന്‍ഐ) തമ്മിലാണ് സഹകരണ കരാറില്‍ ഒപ്പുവച്ചത്. ഇതോടെ ഇരു രാജ്യങ്ങളും തമ്മില്‍ വാര്‍ത്താ കൈമാറ്റത്തില്‍ പരസ്പരം സഹകരിക്കും.

മസ്‌കറ്റ് ഇന്ത്യന്‍ എംബസിയില്‍ നടന്ന ചടങ്ങില്‍ ഒമാന്‍ വാര്‍ത്താ ഏജന്‍സി ഡയറക്ടര്‍ ജനറല്‍ ഇബ്റാഹിം ബിന്‍ സൈഫ് അല്‍ അസ്രിയും ഇന്ത്യന്‍ അംബാസഡര്‍ അമിത് നാരംഗുമാണ് കരാറില്‍ ഒപ്പുവെച്ചത്. വാര്‍ത്താ ഏജന്‍സികള്‍ തമ്മില്‍ ഒപ്പുവച്ച കരാര്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ ശക്തിപ്പെടുത്താന്‍ ഉപകരിക്കുമെന്ന് മന്ത്രി പറഞ്ഞു. ഇരു രാജ്യങ്ങള്‍ക്കും ഇടയിലുള്ള സ്വതന്ത്രമായ വിവര കൈമാറ്റം ഇതോടെ സാധ്യമാവും.

ഇന്ത്യയും ഒമാനും തമ്മില്‍ ചരിത്രപരമായ ബന്ധം നിലനില്‍ക്കുന്നുണ്ടെങ്കിലും ഇരു രാജ്യങ്ങളിലെയും നല്ല കാര്യങ്ങള്‍ വേണ്ട രീതിയില്‍ വാര്‍ത്തകളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നില്ലെന്ന് മന്ത്രി പറഞ്ഞു. നിറംപകരാത്തതും നിഷ്പക്ഷവുമായ രീതിയില്‍ നല്ല കാര്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടേണ്ടതുണ്ട്. ജനങ്ങള്‍ക്ക് പരസ്പരം കൂടുതലായി മനസ്സിലാക്കാനും പരസ്പരം ബന്ധം കൂടുതല്‍ മെച്ചപ്പെടുത്താനും ഈ സഹകരണ കരാര്‍ സഹായിക്കുമെന്നും മന്ത്രി പറഞ്ഞു.

മസ്‌കത്ത് ഇന്ത്യന്‍ എംബസിയില്‍ നടന്ന ചടങ്ങില്‍ ഒമാനിലെ ആദ്യത്തെ മഹാത്മാ ഗാന്ധി പ്രതിമ മന്ത്രി വി മുരളീധരന്‍ അനാച്ഛാദനം ചെയ്തു. മഹാത്മാ ഗാന്ധിയുടെ ധീരതയുടെയും സത്യത്തിന്റെയും സാഹോദര്യത്തിന്റെയും സന്ദേശം എന്നും പ്രസക്തമാണെന്ന് എംബസി പരിസരത്ത് പ്രതിമ അനാഛാദനം ചെയ്ത് മന്ത്രി വി മുരളീധരന്‍ പറഞ്ഞു.

ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് കള്‍ചറല്‍ റിലേഷന്‍സ് കമ്മീഷന്‍ ചെയ്ത മഹാത്മാ ഗാന്ധിയുടെ വെങ്കല പ്രതിമ ഒമാനിലെ ആദ്യത്തേതാണ്. നരേഷ് കുമാവത്താണ് പ്രതിമയുടെ ശില്‍പി. ‘ഇന്ത്യ-ഒമാന്‍: ഒരു രാഷ്ട്രീയ യാത്ര’ എന്ന വിഷയത്തില്‍ ഇന്ത്യന്‍ ആര്‍ട്ടിസ്റ്റ് സേതുനാഥ് പ്രഭാകരന്റെ ചിത്രപ്രദര്‍ശനവും എംബസിയുടെ പുതിയ ലൈബ്രറിയുടെ ഉദ്ഘാടനവും മന്ത്രി നിര്‍വഹിച്ചു.

ഇന്ത്യ- ഒമാന്‍ സഹകരണത്തിന് കാലങ്ങളോളം പഴക്കമുണ്ടെന്ന് മന്ത്രി വി മുരളീധരന്‍ പറഞ്ഞു. സവിശേഷമായ ബന്ധമാണ് ഇരു രാജ്യങ്ങളും കാത്തുസൂക്ഷിക്കുന്നത്. സാമ്പത്തിക, വാണിജ്യ മേഖലകളിലും പരസ്പര സഹകരണം നാള്‍ക്കുനാള്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ഇരു രാജ്യങ്ങള്‍ക്കും ഇടയിലെ വ്യാപാര ബന്ധം വലിയ തോതില്‍ പുരോഗതി പ്രാപിച്ചിട്ടുണ്ട്.

2021- 2022 സാമ്പത്തിക വര്‍ഷത്തില്‍ ഇരു രാജ്യങ്ങള്‍ക്കും ഇടയിലെ വ്യാപാരം 1000 കോടി ഡോളറിന് അടുത്തെത്തിയിരുന്നതായും മന്ത്രി പറഞ്ഞു. ഒമാനിലെ പ്രധാന നിക്ഷേപകര്‍ ഇന്ത്യന്‍ കമ്പനികളാണ്. സൊഹാര്‍, സലാല, ദുഖം എന്നീ ഫ്രീ സോണുകളില്‍ ഇന്ത്യന്‍ കമ്പനികളുടെ സാന്നിധ്യം ശക്തമാണ്. വിഷന്‍ 2040 നടപ്പില്‍ വരുത്താനുള്ള ഒമാന്റെ ദൗത്യത്തില്‍ വിശ്വസ്തനായ പങ്കാളിയായി ഇന്ത്യയുണ്ടാകുമെന്നും മന്ത്രി ഉറപ്പു നല്‍കി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.