1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 20, 2021

സ്വന്തം ലേഖകൻ: ഹ്രസ്വസന്ദർശനത്തിനായി യു.എ.ഇ.യിലെത്തിയ കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ യു.എ.ഇ. സഹിഷ്ണുതാവകുപ്പ് മന്ത്രി ശൈഖ് നഹ്യാൻ ബിൻ മുബാറക്ക്‌ അൽ നഹ്യാനുമായി കൂടിക്കാഴ്ച നടത്തി. ഇന്ത്യ-യു.എ.ഇ. ഉഭയകക്ഷിബന്ധം ശക്തമാക്കാനുള്ള പ്രവർത്തനങ്ങളും അന്താരാഷ്ട്രപ്രശ്നങ്ങളും തൊഴിലാളിക്ഷേമത്തിനായുള്ള പദ്ധതികളും ചർച്ചാ വിഷയമായി.

ഇന്ത്യയുമായി നിലനിൽക്കുന്ന ഊഷ്മളബന്ധത്തിന് യു.എ.ഇ. ഭരണനേതൃത്വത്തോടും മന്ത്രിയോടും മുരളീധരൻ നന്ദിയറിയിച്ചു. തിങ്കളാഴ്ച എത്തിയ കേന്ദ്രമന്ത്രിയെ യു.എ.ഇ. ഇന്ത്യൻസ്ഥാനപതി പവൻ കപൂർ സ്വീകരിച്ചു. ഇരുരാജ്യങ്ങളും തമ്മിലുള്ള ശക്തമായ പങ്കാളിത്തം സമഗ്ര നയതന്ത്രബന്ധത്തിന്റെ പ്രതിഫലനമാണെന്ന് സ്ഥാനപതി പറഞ്ഞു.

മൂന്നുദിവസം നീണ്ടുനിൽക്കുന്ന സന്ദർശനത്തിന്റെ രണ്ടാംദിവസമായ ബുധനാഴ്ച ജെബൽ അലി ഡൽഹി പബ്ലിക് സ്കൂളിൽ ബ്ലൂ കോളർ തൊഴിലാളികൾക്കായുള്ള നൈപുണി വികസനകേന്ദ്രത്തിന്റെ ഉദ്ഘാടനം നിർവഹിക്കും. ഡിസ്കവറി ഗാർഡന് സമീപമുള്ള ഈ കേന്ദ്രത്തിൽ വൈകീട്ട് നാലിനാണ് ചടങ്ങുകൾ നടക്കുക. വ്യാഴാഴ്ച രാവിലെ 11-ന് അജ്മാനിൽ നടക്കുന്ന ചടങ്ങിൽ ഇന്ത്യൻ പീപ്പിൾ ഫോറം കാര്യാലയം ഉദ്ഘാടനംചെയ്യും. ബാഹി അജ്മാൻ പാലസ് ഹോട്ടലിലാണ് ചടങ്ങ്.

അജ്മാൻ റൂളേഴ്‌സ് കോർട്ട് ചെയർമാൻ ശൈഖ് മാജിദ് ബിൻ സയ്യിദ് അൽ നുഐമി ചടങ്ങിൽ മുഖ്യാതിഥിയായിരിക്കും. ഉച്ചയ്ക്ക് ഒന്നിന് ദുബായ് ഇന്ത്യൻ കോൺസുലേറ്റിൽ നടക്കുന്ന ചടങ്ങിൽ പ്രവാസി ഭാരതീയ സഹായതാ കേന്ദ്രത്തിന്റെ (പി.ബി.എസ്.കെ) ആപ്പ് പുറത്തിറക്കും. ശേഷം സാമൂഹിക-സാംസ്കാരിക സംഘടനാപ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.